ബിഎസ്എൻഎല്ലിന്റെ മെയ്ഡ് ഇൻ ഇന്ത്യ 4ജി ദീപാവലി മുതൽ വലിയതോതിൽ വിന്യസിക്കുമെന്ന് കേന്ദ്രം
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ( ബിഎസ്എൻഎൽ ) 4ജി വ്യാപനം സംബന്ധിച്ച സുപ്രധാന വാർത്ത പുറത്തുവിട്ട് കേന്ദ്രം. ബിഎസ്എൻഎല്ലിന്റെ അടുത്തഘട്ട 4ജി വ്യാപനം ഈ വരുന്ന ദീപാവലി മുതൽ വലിയ രീതിയിൽ ആരംഭിക്കുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
മെയ്ഡ് ഇൻ ഇന്ത്യ 4ജി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലികോം കമ്പനി എന്ന നേട്ടത്തിലേക്കാണ് ബിഎസ്എൻഎൽ ചുവടുവച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിലവിൽ മറ്റ് ടെലിക്കോം കമ്പനികളെല്ലാം നോക്കിയ, എറിക്ൺ, സാംസങ്, ഹുവാവേയ്, ഇസഡ്ടിഇ തുടങ്ങിയ കമ്പനികളുടെ സഹായം സ്വീകരിച്ചുകൊണ്ടാണ് 4ജി/5ജി സേവനങ്ങൾ നൽകിവരുന്നത്.

എന്നാൽ തദ്ദേശീയമായി വികസിപ്പിച്ച 4ജി സ്റ്റാക്ക് ആണ് ബിഎസ്എൻഎൽ ഇപ്പോൾ ഉപയോഗപ്പെടുത്താൻ ഒരുങ്ങുന്നത്. പഞ്ചാബിലെ തിരഞ്ഞെടുത്ത നാല് ജില്ലകളിൽ 4ജി/5ജി സേവനങ്ങൾ ആരംഭിക്കുന്നതിനായി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നൽകുന്ന ടെക്നോളജി സ്റ്റാക്ക് ഉപയോഗിച്ച് ബിഎസ്എൻഎൽ ഫീൽഡ് ടെസ്റ്റുകൾ നടത്തിവരികയാണ്. വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് ഈ സാങ്കേതികവിദ്യ ഫീൽഡ് ടെസ്റ്റിനായി വിന്യസിച്ചതെന്ന് മന്ത്രി പറഞ്ഞു.
ബിഎസ്എൻഎൽ അവതരിപ്പിക്കാൻ പോകുന്ന 4ജി ടെക്നോളജിയുടെ വിശ്വാസ്യത ഉറപ്പാക്കാനും യഥാർഥ ട്രാഫിക്കിൽ അവയ്ക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കാനും ഒരേസമയം 1 കോടി കോളുകൾ ചെയ്ത് പരീക്ഷിച്ചതായും ഇത് വിജയകരമായിരുന്നു എന്നും ടെലിക്കോം മന്ത്രി സ്ഥിരീകരിച്ചു. ഈ പരീക്ഷണ വിജയത്തിന് ശേഷമാണ് ഫീൽഡ് ടെസ്റ്റിംഗിനായി ഈ ടെക്നോളജി വിന്യസിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
വരുന്ന ദീപാവലി മുതൽ ബിഎസ്എൻഎൽ ഇന്ത്യയിൽ വലിയ തോതിലുള്ള 4ജി വിന്യാസം ആരംഭിക്കുമെന്ന് പറഞ്ഞ ടെലിക്കോം മന്ത്രി, സ്വന്തം ടെലിക്കോം ടെക്‌നോളജി സ്റ്റാക്ക് വികസിപ്പിച്ചെടുക്കുന്നതിൽ ഇന്ത്യ പല പ്രമുഖ വികസിത രാജ്യങ്ങളെയും പിന്നിലാക്കിയതെങ്ങനെയെന്നും വിശദീകരിച്ചു. മോദി സർക്കാർ ടെലിക്കോം മേഖലയിൽ എന്തുനേട്ടമാണ് കൈവരിച്ചതെന്ന് അടുത്ത ദീപാവലിയിൽ( 2024 ) എല്ലാവർക്കും കാണാമെന്നും വൈഷ്ണവ് പറഞ്ഞു.
തദ്ദേശീയ 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആദ്യം ലഭിക്കുന്ന സംസ്ഥാനം പഞ്ചാബ് ആയിരിക്കും. അതിനു ശേഷം കേരളം, തമിഴ്‌നാട് തുടങ്ങിയ വിപണികളിലേക്കും ബിഎസ്എൻഎൽ ഹോംഗ്രൗൺ ടെക് ഉപയോഗിച്ച് 4ജി എത്തിക്കും. ബിഎസ്എൻഎല്ലിന് അടിത്തറയുള്ള ടെലിക്കോം സർക്കിളുകൾ എന്ന നിലയിലാണ് ഈ മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.
ബിഎസ്എൻഎൽ 4ജി വ്യാപന പുരോഗതി അറിയിച്ചതിനൊപ്പം തന്നെ ഇന്ത്യയിൽ നടന്ന അതിവേഗ 5ജി വ്യാപനത്തെ മന്ത്രി പ്രശംസിക്കുകയും ചെയ്തു. ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ 3,64,000 സൈറ്റുകളിൽ 5ജി എത്തി. ലോകത്ത് മറ്റൊരിടത്തും ഇത്രയും വേഗതയിൽ 5ജി വ്യാപനം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വിശദീകരിച്ചു.

ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ഒരു പ്രത്യേകതയും മന്ത്രി ഇക്കൂട്ടത്തിൽ എടുത്തുകാട്ടി. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ഒരു ലളിതമായ സോഫ്റ്റ്വെയർ പുഷ് ഉപയോഗിച്ച് ബിഎസ്എൻഎല്ലിന് 5G ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 4ജി അവതരിപ്പിച്ചാലും ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകളിൽ മാറ്റം വരുത്തില്ല എന്നാണ് അധികൃതർ പറയുന്നത്.
നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നതിൽ ബിഎസ്എൻഎല്ലിനൊപ്പം മറ്റാരും എത്തില്ല. 4ജി സേവനങ്ങളുടെ അപര്യാപ്തത പരിഹരിക്കാനാണ് ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ സേവനങ്ങൾ നൽകുന്നത് എന്നാണ് ചിലർ പറയുന്നത്. എന്നാൽ 4ജി എത്തിയാലും നിരക്ക് ഉയർത്താൻ നിലവിൽ ആലോചന ഇല്ലെന്നാണ് കമ്പനി ബോർഡ് അംഗം തന്നെ വ്യക്തമാക്കിയിട്ടുള്ളത്.


Click it and Unblock the Notifications








