6-8 മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 4G ടവറുകൾ 5G ടവറുകളായി മാറും; ഇത് മന്ത്രിയുടെ ഉറപ്പ്
ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ രാജ്യമെമ്പാടുമായി സ്ഥാപിച്ചതിന് പിന്നാലെ 5ജി വ്യാപന നീക്കത്തിന്റെ സൂചന നൽകി ബിഎസ്എൻഎൽ. അടുത്ത 6 മുതൽ 8 വരെ മാസത്തിനുള്ളിൽ നിലവിൽ സ്വദേശി 4ജി ടെക്നോളജി ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന 4ജി ടവറുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും എന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബിഎസ്‌എൻഎല്ലിന്റെ സ്വദേശി 4G ടവറുകൾ പ്രധാനമന്ത്രി മോദി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ മികച്ച തദ്ദേശീയ 4ജി സാങ്കേതികവിദ്യയുള്ള 5 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടിയിട്ടുണ്ട്.
സ്വദേശി 4ജി എന്നാണ് തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജിക്ക് ഇന്ത്യ നൽകിയിരിക്കുന്ന പേര്. ഇപ്പോൾ സ്വീഡൻ, ഫിൻലാൻഡ്, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങൾ ആസ്ഥാനമായുള്ള ആഗോള കമ്പനികളായ ഹുവാവേ (Huawei), ഇസഡ്ടിഇ (ZTE), സാംസങ് (Samsung), നോക്കിയ (Nokia), എറിക്‌സൺ (Ericsson) എന്നിവ ആധിപത്യം പുലർത്തിയിരുന്ന 4ജി ടെക്നോളജി എക്‌സ്‌ക്ലൂസീവ് ക്ലബ്ബിലേക്ക് ഇന്ത്യയും ഇടംനേടിയിരിക്കുന്നതായും സിന്ധ്യ പറഞ്ഞു.

കൗടില്യ ഇക്കണോമിക് എൻക്ലേവ് 2025-ൽ പങ്കെടുത്ത് സംസാരിക്കവേയാണ് കേന്ദ്ര ടെലിക്കോം മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ 5ജി എപ്പോൾ ലഭ്യമാകും എന്ന് കാത്തിരിക്കുന്ന വരിക്കാർക്ക് പ്രതീക്ഷ നൽകുന്നതാണ് മന്ത്രിയുടെ വാക്കുകൾ. ബിഎസ്എൻഎല്ലിന്റെ 5ജി വ്യാപനം ആദ്യം ഡൽഹിയിലും തുടർന്ന് മുംബൈയിലുമാണ് ആരംഭിക്കുക.
ബിഎസ്എൻഎൽ 5ജി വ്യാപനം ഡിസംബറിൽ ആരംഭിക്കും എന്നാണ് ഒരു മുതിർന്ന ടെലിക്കോം വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ജൂണിൽ ഒരുലക്ഷം ടവറുകളുടെ 4ജി വ്യാപനം പൂർത്തിയാക്കുമെന്നും ജൂലൈയിൽ 5ജി വ്യാപനം ആരംഭിക്കും എന്നുമാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ 4ജി വ്യാപനം പ്രതീക്ഷിച്ചതിലും ഏറെ വൈകി.

ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനാണ് ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ കരാർ നൽകിയത്. ഇതിൽ ഒരുലക്ഷം ടവറുകൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഒരുലക്ഷത്തിനടുത്ത് ടവറുകൾ പൂർത്തിയായി എങ്കിലും ഒരുലക്ഷം 4ജി ടവറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടതായി ഇതുവരെ ഔദ്യോഗികമായി ബിഎസ്എൻഎല്ലിന് പ്രഖ്യാപിക്കാനായിട്ടില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വദേശി 4ജി ലഭ്യമായ ടവറുകളുടെ എണ്ണം പരിശോധിച്ചാൽ ഇത് മനസിലാകും.
ഒരുലക്ഷം ടവറുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ കഴിഞ്ഞിട്ടില്ല എങ്കിലും നിലവിൽ ഇൻസ്റ്റാൾ ചെയ്ത തദ്ദേശീയ 4ജി ടെക്നോളജി വിജയകരമാണ് എന്നത് 5ജി വ്യാപനവുമായി മുന്നോട്ട് പോകാൻ ബിഎസ്എൻഎല്ലിന് കരുത്ത് പകരുന്നു. ''
ഇന്ത്യയുടെ ആഭ്യന്തര 4G നിലവാരം ഉപയോഗിച്ച് കശ്മീരിനെ കന്യാകുമാരിയിലേക്കും ബറൂച്ചിനെ അരുണാചൽ പ്രദേശിലേക്കും ബന്ധിപ്പിക്കുന്ന 92,564 ടവറുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത''തായി ഇക്കണോമിക് എൻക്ലേവ് 2025-ൽ സിന്ധ്യ എടുത്തുപറഞ്ഞു.
"ഇന്ന്, ഇന്ത്യ സ്വന്തം 4G നിലവാരവുമായി ക്ലബ്ബിൽ പ്രവേശിച്ചു. ഇതാണ് ഇന്ത്യയുടെ നവീകരണ ശേഷിയും നവീകരണ സംരംഭവും. എന്നാൽ ഞങ്ങൾ വിശ്രമിക്കാൻ പോകുന്നില്ല. അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ, ഈ 4G ടവറുകൾ 5G നെറ്റ്‌വർക്കുകളിലേക്ക് മാറ്റുകയും ഇന്ത്യയുടെ നീളത്തിലും വീതിയിലും എൻഡ്-ടു-എൻഡ് 5G നെറ്റ്‌വർക്ക് ശേഷി നൽകുകയും ചെയ്യും,"- സിന്ധ്യ പ്രസംഗത്തിൽ പറഞ്ഞു.

"ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാണ സംവിധാനവും നമുക്കുണ്ട്. ആഗോളതലത്തിൽ ആശയവിനിമയ-AI-സെമിക്കോൺ മൂല്യ ശൃംഖലയ്ക്ക് ഇന്ത്യ തുടക്കമിടുന്നു. ഇത് ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2025 ൽ പ്രദർശിപ്പിക്കും," എന്ന് സിന്ധ്യ പറഞ്ഞു. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും, പ്രധാന ആഗോള സാങ്കേതിക കമ്പനികൾക്കൊപ്പം ആഭ്യന്തര സ്റ്റാർട്ടപ്പുകളും AI, സെമികണ്ടക്ടറുകൾ, കമ്യൂണിക്കേഷൻ എന്നിവയിൽ പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
''ബിഎസ്എൻഎൽ 4ജി വ്യാപനം ആരംഭിക്കാൻ തുടങ്ങിയ ഘട്ടത്തിൽ ലോകത്തെ ആകെയുള്ള നാല് വിദേശ വെണ്ടർമാരിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുക എന്നതായിരുന്നു എളുപ്പവഴി. നമ്മുടെ സ്വന്തം 4ജി സ്റ്റാക്ക് കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടുള്ള പാതയായിരുന്നു. വെറും 22 മാസത്തിനുള്ളിൽ, ഞങ്ങൾ സ്വന്തമായി ഒരു കോർ സോഫ്റ്റ്‌വെയർ, റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് (RAN) വികസിപ്പിച്ചെടുത്തു എന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഎസ്എൻഎൽ വളർച്ചയുടെ പാതിയിലാണ് എന്നാണ് സിന്ധ്യ പറയുന്നത്. ജൂണിൽ 9,000 4ജി സൈറ്റുകളിൽ നിന്ന് 98,000 സൈറ്റുകളായി വളർന്നു, ഇപ്പോൾ 22 ദശലക്ഷത്തിലധികം ആളുകൾക്ക് ബിഎസ്എൻഎൽ 4ജി സേവനം നൽകുന്നുവെന്നും ബിഎസ്‌എൻഎല്ലിന്റെ 25-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്ത ഘട്ടത്തിൽ സിന്ധ്യ പറഞ്ഞു.


Click it and Unblock the Notifications








