കഞ്ഞികുടിച്ച് പോകണ്ടേ! ടവർ വാടകയ്ക്ക് കൊടുക്കുന്നതിൽ മാറ്റം വരുത്താൻ ബിഎസ്എൻഎല്ലിന് ഉദ്ദേശമില്ല
കൂടുതൽ പുതിയ 4ജി ടവറുകൾ സ്ഥാപിച്ചുകൊണ്ട് ഒരു തിരിച്ചുവരവിന് തയാറെടുക്കുന്നതിന്റെ തിരക്കിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL). ലക്ഷ്യമിട്ട ഒരുലക്ഷം 4ജി ടവറുകളിൽ ഇനി 25000 -ൽ താഴെ ടവറുകൾ കൂടിയേ സജ്ജമാകാനുള്ളൂ. അതിന് തൊട്ടുപിന്നാലെ തന്നെ 5ജി വ്യാപനം ആരംഭിക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്. എന്നാൽ പുതിയ ടവറുകളും മറ്റും വരുന്നതിനിടെ ടവറുകളിൽ നിന്നുള്ള വാടകവരുമാനത്തിന്റെ കാര്യത്തിൽ ഇപ്പോൾ കുറച്ചുകൂടി വ്യക്തതവരുത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ. ടവറിൽ നിന്ന് വരുമാനം കണ്ടെത്തുന്ന നിലവിലെ രീതി മാറ്റാൻ സർക്കാർ താൽപ്പര്യപ്പെടുന്നില്ലെന്ന് ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞതായി ബിസിനസ് സ്റ്റാന്റേർഡ് റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ ടവറുകൾ വാടകയ്ക്ക് നൽകി ബിഎസ്എൻഎൽ വരുമാനം കണ്ടെത്തുന്നുണ്ട്. ആസ്തികളിൽ നിന്നുള്ള ധനസമ്പാദനത്തിലെ മന്ദഗതി ചൂണ്ടിക്കാട്ടിയും നിശ്ചിത വരുമാന ടാർഗറ്റുകൾ പാലിക്കാത്തതിനും സിജിഎഎം (Core Group of Secretaries on Asset Monetization) ബിഎസ്‌എൻഎല്ലിനെ പലതവണ വിമർശിച്ചിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

(ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പൊതു ആസ്തികളുടെ ധനസമ്പാദനം മേൽനോട്ടം വഹിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ചുമതലപ്പെട്ട സെക്രട്ടറിമാരുടെ ബോഡിയാണ് സിജിഎഎം). ഭാവിയിൽ അവശ്യമല്ലാത്ത ആസ്തികളിൽനിന്ന് ധനസമ്പാദനം നടത്തുന്നത് ബിഎസ്എൻഎൽ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു എന്ന് ബിസിനസ് സ്റ്റാന്റേർഡ് റിപ്പോർട്ടിൽ പറയുന്നു.
ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയ നോൺ കോർ ആസ്തികളും ടവർ, ഫൈബർ പോലുള്ള കോർ ആസ്തികളും ബിഎസ്എൻഎല്ലിന് ഉണ്ട്. ഇവയുടെ വാടകയിലൂടെയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിഎസ്എൻഎൽ വരുമാനം കണ്ടെത്തുന്നുണ്ട്. ജനുവരിയിലെ കണക്കനുസരിച്ച്, ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ആസ്തികളിൽ നിന്ന് 2019 മുതൽ 12,984 കോടി രൂപയുടെ വരുമാനം നേടിയതായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) കഴിഞ്ഞ മാസം പാർലമെന്റിനെ അറിയിച്ചിരുന്നു.

ഈ 12,984 കോടി രൂപയിൽ 4,522.43 കോടി നോൺ കോർ ആസ്തികളിൽ നിന്നാണ്. 8,462.43 കോടി കോർ ആസ്തികളിൽ നിന്നുള്ളതും. ഇങ്ങനെ വിവിധ ആസ്തികളിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നതിൽ ഉടൻ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇപ്പോൾ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ പറയുന്നത്.
"ഞങ്ങളുടെ ധനസമ്പാദനത്തിന്റെ രൂപരേഖ മാറ്റാൻ ഒരു നിർദ്ദേശവുമില്ല. 4G യുടെ ലോഞ്ച് കണക്കിലെടുത്ത് ടവറുകൾ പോലുള്ള കോർ ആസ്തികളുടെ മൊത്തത്തിലുള്ള വിൽപ്പന പുനഃപരിശോധിക്കുകയാണ്, കൂടാതെ 5G യിലേക്ക് വേഗത്തിൽ അപ്‌ഗ്രേഡ് ചെയ്യാനുള്ള പദ്ധതികളും ഉണ്ട്," എന്ന് ഒരു ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിസിനസ് സ്റ്റാന്റേർഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
ബിഎസ്‌എൻഎല്ലിന്റെ ആസ്തി ധനസമ്പാദനം കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച ഒരു ഡെഡിക്കേറ്റഡ് വെബ്‌സൈറ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വെറുതേ കിടക്കുന്ന 5,354 ഭൂമി- കെട്ടിട ആസ്തികൾ വിൽപ്പനയ്‌ക്കും വാടകയ്‌ക്കുമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിൽപ്പനയ്‌ക്കായി 536 പ്രോപ്പർട്ടികൾ കൂടി ഇനി ലിസ്റ്റ് ചെയ്യാനുണ്ട് എന്നാണ് റിപ്പോർട്ട്.

4ജി, 5ജി വ്യാപനത്തിനായി ബിഎസ്എൻഎല്ലിന് വൻ തോതിൽ ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. അതിനാൽ നിഷ്ക്രിയ ആസ്തികളിൽ നിന്ന് വരുമാനം കണ്ടെത്താൻ കേന്ദ്രം നേരത്തെ തന്നെ ബിഎസ്എൻഎല്ലിന് അനുമതി നൽകിയിരുന്നു. ഭൂമി വിൽപ്പന എളുപ്പത്തിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിലെയും സെക്രട്ടറിമാർക്കും ടെലികോം സെക്രട്ടറി നീരജ് മിത്തൽ കത്തയച്ചിരുന്നു.
പ്രാദേശിക തലത്തിലെ പല അനുമതികളും ആവശ്യമായതിനാൽ ബിഎസ്എൻഎല്ലിന്റെ പല ഭൂമി വിൽപ്പനകളിലും തടസങ്ങളും കാലതാമസവും നേരിടുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനായാണ് കത്തയച്ചത്. ആസ്തികൾ വഴി വരുമാനം കണ്ടെത്തുന്നതിലൂടെ അറ്റ നഷ്ടം കുറയ്ക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു. അടുത്തിടെ, ബിഎസ്എൻഎല്ലിന്റെ സംയോജിത അറ്റ നഷ്ടം സാമ്പത്തിക വർഷം 25 ലെ മൂന്നാം പാദത്തിൽ ₹836.07 കോടിയായി കുറഞ്ഞിരുന്നു.


Click it and Unblock the Notifications