ഉള്ള ഒരെണ്ണം കൊണ്ടുതന്നെ പൊറുതി മുട്ടിയിരിക്കുവാ! VI - BSNL ലയനം ഉണ്ടാകില്ലെന്ന് കേന്ദ്രം
സർക്കാരിന് AGR (Adjusted Gross Revenue) ഇനത്തിൽ കോടിക്കണക്കിന് രൂപ കുടിശിക നൽകാനുള്ള സ്വകാര്യ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമായി ലയിപ്പിക്കാൻ ഒരു പ്ലാനും കേന്ദ്ര സർക്കാരിന് ഇല്ല എന്ന് കേന്ദ്ര ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുതിയ ഇക്വിറ്റി അലോട്ട്‌മെന്റിന് ശേഷം വോഡഫോൺ ഐഡിയയിലെ സർക്കാർ ഓഹരി 48.99 ശതമാനമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് പൊതുവിൽ നിലനിൽക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് ബിഎസ്എൻഎൽ- വിഐ ലയനം ഉണ്ടാകില്ല എന്ന് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
വോഡഫോൺ ഐഡിയ (Vi) സർക്കാരിനു നൽകാനുള്ള എല്ലാ കുടിശ്ശികകളും തീർക്കണം എന്ന് ജ്യോതിരാദിത്യ സിന്ധ്യ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിഐയെ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല, വോഡഫോൺ ഐഡിയയുടെ നിയമപരമായ കുടിശ്ശികകൾ ഇനി ഇക്വിറ്റിയാക്കി മാറ്റില്ലെന്നും ദി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

വോഡഫോൺ ഐഡിയയിലെ സർക്കാരിന്റെ 49 ശതമാനം ഓഹരി വർദ്ധിപ്പിക്കില്ല. "അപ്പോൾ അത് ഒരു പൊതുമേഖലാ സ്ഥാപനമായി മാറുന്നു,", കമ്പനി അതിന്റെ ശേഷിക്കുന്ന AGR കുടിശികയും സ്പെക്ട്രം കുടിശ്ശികയും സ്വതന്ത്രമായി കൈകാര്യം ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. ''സർക്കാരിന് നൽകേണ്ടത് സർക്കാരിനുള്ളതാണ്, അത് സർക്കാരിന് നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണ്," എന്ന് സിന്ധ്യ പറഞ്ഞതായി മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ നരേന്ദ്ര മോദി ഗവൺമെന്റിൽ മന്ത്രിയായി ഒരു വർഷം പൂർത്തിയാക്കാൻ പോകുന്ന ജ്യോതിരാദിത്യ സിന്ധ്യ, ടെലികോം മേഖലയെക്കുറിച്ച് നടത്തിയ പ്രതികരണങ്ങൾക്കിടെ, ടെലിക്കോം കമ്പനികൾ ആരോഗ്യകരമായ അടിത്തറയിലെത്തിയെന്നും സർക്കാരിന്റെ മുൻകാല ദുരിതാശ്വാസ നടപടികളെത്തുടർന്ന് ഉയർന്ന ശരാശരി ഉപഭോക്തൃ വരുമാനം (ARPU) അവർ നേടിയിട്ടുണ്ടെന്നും പറഞ്ഞു.
ടെലിക്കോം മേഖല രണ്ട് കമ്പനികളുടെ കൈകളിലേക്ക് മാത്രം ഒതുക്കപ്പെടുകയാണോ എന്ന ചോദ്യത്തിന് മറുപടിയായി, ഉപയോക്താവിന് അന്തിമമായി ഒരു ചോയ്സ് ഉണ്ടായിരിക്കണം എന്ന് മന്ത്രി മറുപടി നൽകി. ഇന്ത്യയിൽ നമുക്ക് നാല് ടെലിക്കോം കമ്പനികൾ ഉണ്ടെന്നതാണ് വസ്തുത. ലോകമെമ്പാടും, വിപണിയിൽ നാല് കമ്പനികൾ പ്രവർത്തിക്കുന്ന അധിക രാജ്യങ്ങളില്ല. ഏതൊരു വിപണിയിലും, കുറച്ച് പ്രധാന കമ്പനികളും കുറച്ച് ചെറിയ കമ്പനികളുമുണ്ട്.
കടുത്ത മത്സരമുള്ള ഏതൊരു മേഖലയുടെയും സ്വഭാവം അതാണ്. വിപണി തന്നെയാണ് ചോയ്‌സ് എന്ന് മന്ത്രി പറഞ്ഞു. ബിഎസ്‌എൻഎൽ, വിഐ എന്നിവയുടെ നെറ്റ്‌വർക്കുകളിലും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുണ്ട്, ഇത് സർക്കാർ നിർബന്ധം മൂലം ഉണ്ടായ വരിക്കാർ അല്ലെന്നും അവരുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുത്തത് ആണെന്നും മന്ത്രി വ്യക്തമാക്കി.
വോഡഫോൺ ഐഡിയയും ബിഎസ്‌എൻഎല്ലും ലയിപ്പിക്കാൻ സർക്കാർ നോക്കുമോ? എന്ന ചോദ്യത്തിന് മറുപടിയായി അത് വെറും ഊഹാപോഹം മാത്രമാണ് എന്ന് മന്ത്രി പറഞ്ഞു. ലയനത്തെക്കുറിച്ച് ഇപ്പോൾ ഒരു ചിന്തയുമില്ല എന്ന് അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാൽ വിഐക്ക് കൂടുതൽ കുടിശ്ശികകൾ ഇക്വിറ്റിയിലേക്ക് മാറ്റാൻ അവസരം നൽകുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇനി അത്തരമൊരു നീക്കം ഉണ്ടാകുന്ന നിമിഷം തന്നെ അത് ഒരു പൊതുമേഖലാ സ്ഥാപനമായി മാറും. കാബിനറ്റ് നോട്ടിൽ സർക്കാർ ഷെയർ 50% ൽ താഴെയായിരിക്കണമെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ടെലിക്കോം, കമ്യൂണിക്കേഷൻ മേഖലകളിലുടനീളം ഉപഭോക്തൃ കേന്ദ്രീകൃതവും സാങ്കേതികവിദ്യാധിഷ്ഠിതവും കമ്പനികളെ മാത്രം ആശ്രയിക്കുന്നതുമായ ഒരു സമീപനത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധത സിന്ധ്യ ആവർത്തിച്ചു.
8,000 കോടിയിൽ കൂടുതലുള്ള ബാങ്ക് കടങ്ങൾ തീർക്കാൻ സർക്കാർ എംടിഎൻഎല്ലിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ബാങ്ക് കടത്തെ സംബന്ധിച്ചിടത്തോളം, ഭൂമിയിൽ നിന്ന് ലഭിക്കുന്ന ധനസമ്പാദനത്തിലൂടെ ഇത് സാധ്യമാകുമെന്ന് വളരെ വ്യക്തമാണ് എന്ന് മന്ത്രി പറഞ്ഞു. എംടിഎൻഎല്ലിന് വലിയൊരു ലാൻഡ് ബാങ്കും ആസ്തികളുമുണ്ട്. ആ ആസ്തികൾ വിറ്റഴിക്കപ്പെടുകയും അതിൽ നിന്നുള്ള വരുമാനം കടങ്ങൾ വീട്ടുന്നതിനായി ഉപയോഗിക്കുകയും ചെയ്യും. അതിനായി വളരെ വേഗത്തിൽ ശ്രമിച്ചുവരികയാണ് എന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വരിക്കാരെ സ്വന്തമാക്കുന്നതിൽ ബിഎസ്എൻഎൽ എപ്പോഴാണ് സ്ഥിരത കൈവരിക്കുന്നത് എന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി ''കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 55 ലക്ഷം (5.5 ദശലക്ഷം) ഉപഭോക്താക്കളെ സ്വന്തമാക്കിയെന്നും, ഇന്ന് 9.15 കോടി (91.5 ദശലക്ഷം) ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിന് ഉണ്ട്. 4G സേവനം ഉറപ്പാക്കുന്നതോടെ ബിഎസ്എൻഎൽ വരിക്കാരെ സ്വന്തമാക്കുന്നതിൽ സ്ഥിരത കൈവരിക്കും'' എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ടെലിക്കോം ഡിവൈസുകളുടെ നിർമ്മാണത്തിൽ കൂടുതൽ പ്രാദേശികവൽക്കരണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് തീർച്ചയായും ഉണ്ടാകും എന്ന് അദ്ദേഹം മറുപടി നൽകി. ''ലോകത്തിലെ ഏറ്റവും വലിയ വിപണിയാണിത്. ആഭ്യന്തര ഉൽപാദന മേഖലകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നു, കൂടാതെ ടെലികോം നിർമ്മാതാക്കൾ അവിടെ കണ്ടെത്തുകയും സഹകരിക്കുകയും ഉൽപാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാമ്പത്തിക നടപടികളും പ്രോത്സാഹന അധിഷ്ഠിത സംവിധാനവും ഞങ്ങൾക്കുണ്ടാകും''.
''ഇത് ഒരു പ്ലഗ് ആൻഡ് പ്ലേ മോഡലായിരിക്കും, അവിടെ ഞങ്ങൾ ഭൂമി മാത്രമല്ല, സർട്ടിഫിക്കേഷൻ, ലാബുകൾ, ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഞങ്ങൾ നൽകും. ഇതിനായി ഉടൻ തന്നെ ഒരു ഗെയിം പ്ലാൻ കൊണ്ടുവരും, ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി മധ്യപ്രദേശ് ആണ് പരിഗണിക്കുന്നത്.
തദ്ദേശീയ 4G/5G സാങ്കേതികവിദ്യകളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ജ്യോതിരാദിത്യ സിന്ധ്യ അഭിമുഖത്തിൽ ആവർത്തിച്ചു. "ഞങ്ങൾ ഞങ്ങളുടെ സ്വന്തം കോറും റാനും (RAN) വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദേശ കമ്പനികൾക്കായി ഞങ്ങളുടെ തദ്ദേശീയ സാങ്കേതികവിദ്യ എന്തിന് ഉപേക്ഷിണം? 4G/5G സാങ്കേതികവിദ്യ വികസിപ്പിച്ച 4-5 രാജ്യങ്ങളുടെ ഒരു തിരഞ്ഞെടുത്ത ഗ്രൂപ്പിലാണ് ഇന്ത്യ ഇപ്പോൾ''.
''വിദേശ കമ്പനികൾക്ക് ശക്തരാളയ എതിരാളികളാകാൻ ഇന്ത്യക്ക് കഴിയും. ഞങ്ങളുടെ സാങ്കേതികവിദ്യ ലോകത്തിന് മുന്നിൽ എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," എന്ന് മന്ത്രി പറഞ്ഞു. "ബിഎസ്എൻഎല്ലിനായി 100,000 ടവറുകൾ സ്ഥാപിക്കപ്പെടുകയും നെറ്റ്‌വർക്ക് സ്ഥിരത കൈവരിക്കുകയും ചെയ്തുകഴിഞ്ഞാൽ, ഞങ്ങൾ 5ജിയിലേക്ക് മാറാൻ തുടങ്ങും. 4G-യിൽ നിന്ന് 5G-യിലേക്ക് മാറുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല." എന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനെപ്പറ്റിയും മന്ത്രി പ്രതികരിച്ചു. സ്റ്റാർലിങ്ക് ഇതുവരെ റെഗുലേറ്ററി തടസ്സങ്ങൾ നീക്കിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്ത്, സ്റ്റാർലിങ്ക് എല്ലാ നിയന്ത്രണ, സുരക്ഷാ ആവശ്യകതകളും നിറവേറ്റാത്തതിനാൽ ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് ഇതുവരെ നേടിയിട്ടില്ലെന്ന് സിന്ധ്യ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.
സ്റ്റാർലിങ്ക് ഇന്ത്യയിൽ സേവനം ആരംഭിക്കാനുള്ള നടപടികൾ തുടരുകയാണ്. ഇന്ത്യയിൽ ഗേറ്റ്‌വേകൾ സ്ഥാപിക്കുന്നതും പ്രാദേശികമായി യൂസർ ടെർമിനലുകൾ രജിസ്റ്റർ ചെയ്യുന്നതും ഉൾപ്പെടെ എല്ലാ നിബന്ധനകളും അവർ പാലിക്കുന്ന നിമിഷം മുതൽ - ഞങ്ങൾ ലൈസൻസ് നൽകാൻ തയ്യാറാണ്," എന്ന് അദ്ദേഹം പറഞ്ഞു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT), IN-SPACE, TRAI എന്നിവയുൾപ്പെടെയുള്ള മറ്റ് ഏജൻസികൾ ക്ലിയറൻസ് പ്രക്രിയയിൽ പങ്കാളികളാണ്.
സ്റ്റാർലിങ്കിന്റെ വരവ് ടെലിക്കോം മേഖലയുമായി മാത്രമല്ല, ആഭ്യന്തര സുരക്ഷയുമായും ബന്ധപ്പെട്ടിരിക്കുന്നു - ഗേറ്റ്‌വേകൾ ഇന്ത്യയിലായിരിക്കണം, ഏതൊരു യൂസർ ടെർമിനലും ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണം. എല്ലാ നിബന്ധനകളും അവർ പാലിക്കുന്ന നിമിഷം, ലൈസൻസ് ഉടൻ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും ജ്യോതിരാദിത്യ സിന്ധ്യ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications