ഇതൊക്കെ ഇത്രയ്ക്ക് ഇത്ര വിലയിൽ നൽകാൻ ഉള്ളതേ ഉള്ളൂ! BSNL കരുത്ത് അറിയണേൽ ഈ പ്ലാൻ നോക്കൂ
ഇന്ത്യയിൽ ആകെ നാല് ടെലിക്കോം കമ്പനികളാണ് ഉള്ളത്. എന്നാൽ ജൂലൈ ആദ്യ ആഴ്ചയിൽ ഉണ്ടായ നിരക്ക് വർധനയോടെ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾ ഒരു വശത്തും സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) എതിർ വശത്തുമാണ്. സ്വകാര്യ കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കി. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും പഴയ നിരക്കിൽ തന്നെയാണ് റീച്ചാർജ് പ്ലാനുകൾ നൽകുന്നത്. അതിനാൽ ഇന്ത്യയിൽ പൊതുവിൽ ബിഎസ്എൻഎല്ലിന്റെ പ്രതിച്ഛായ അൽപ്പം ഉയരുകയും മറ്റ് കമ്പനികളുടെ പ്രതിച്ഛായ അൽപ്പം ഇടിയുകയും ചെയ്തിട്ടുണ്ട്.
ഇത്രയും ഉയർന്ന നിരക്കിൽ നൽകാൻ കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ അത്രയും ചെലവേറിയ സംഗതികളാണോ എന്ന് ആളുകൾ അന്വേഷിക്കുന്നു. എന്നാൽ 5ജി അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കണമെങ്കിൽ ടെലിക്കോം കമ്പനികൾക്ക് വൻ തുക അതിനായി ചെലവഴിക്കേണ്ടതുണ്ട്. അതിന് ഫണ്ട് കണ്ടെത്താൻ വരുമാനം വർധിപ്പിക്കണം. അതിന് നിരക്ക് ഉയർത്തുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല എന്നാണ് സ്വകാര്യ കമ്പനികൾ പറയുന്നത്.

ബിഎസ്എൻഎൽ പലയിടത്തും 4ജി അവതരിപ്പിക്കാൻ തയാറെടുക്കുന്നതേയുള്ളൂ. ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് ബിഎസ്എൻഎൽ 4ജി ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 4ജി അവതരിപ്പിക്കാൻ ബിഎസ്എൻഎല്ലിനും ഫണ്ട് ആവശ്യമുണ്ട്. എന്നിട്ടും മാന്യമായ നിരക്കിൽ ആണ് ബിഎസ്എൻഎൽ സേവനങ്ങൾ നൽകുന്നത് എന്ന എതിർ വാദവും നിലവിലുണ്ട്. നിരക്ക് വർധന അനിവാര്യമായിരുന്നു എങ്കിലും ഇത്ര വലിയ വർധനവ് ആവശ്യമായിരുന്നോ എന്ന ചോദ്യവും നിലനിൽക്കുന്നു.
സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയോടെ ബിഎസ്എൻഎൽ പ്ലാനുകൾ പലതും ജനം ശ്രദ്ധിച്ചുതുടങ്ങി. എത്ര കുറഞ്ഞ വിലയിൽ ആണ് ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി വിവിധ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത് എന്നും അതേ ആനുകൂല്യം എത്ര ഉയർന്ന നിരക്കിലാണ് സ്വകാര്യ കമ്പനികൾ നൽകുന്നത് എന്നും ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നു.

ഈ ഘട്ടത്തിൽ ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളും 1ജിബി പ്രതിദിന ഡാറ്റയുമായി 28 ദിവസ വാലിഡിറ്റിയിൽ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളും അവ തമ്മിലുള്ള നിരക്ക് വ്യത്യാസവും എത്രയാണ് എന്ന് ഇവിടെ പരിശോധിക്കാം. ശരിക്കും കുറഞ്ഞ തുകയിൽ ആനുകൂല്യങ്ങൾ ലഭിക്കുക എവിടെയാണ് എന്ന് തിരിച്ചറിയാൻ ഈ പ്ലാനുകൾ സഹായിക്കും.
249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യവും ലഭ്യമാണ്. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.
എയർടെൽ 299 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 28 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 1ജിബി ഡാറ്റയോടൊപ്പം അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 സൗജന്യ എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 299 രൂപയ്ക്ക് എയർടെൽ ഈ പ്രീപെയ്ഡ് പ്ലാനിൽ നൽകുന്നു.

വൊഡാഫോൺ ഐഡിയയുടെ 299 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ ദിവസവും 1ജിബി ഡാറ്റ ഈ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡാറ്റയ്ക്ക് പുറമേ, അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവയും ഈ വിഐ പ്ലാനിൽ ലഭ്യമാണ്.
108 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഈ 28 ദിവസ വാലിഡിറ്റി പ്ലാനിൽ പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ് എന്നിവയാണ് 108 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്നത്. സൗജന്യ എസ്എംഎസ് സൗകര്യം ഈ പ്ലാനിൽ ലഭ്യമല്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.
നാല് ടെലിക്കോം കമ്പനികളും സമാന ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്രീപെയ്ഡ് പ്ലാനുകളിൽ, ഏറ്റവും കുറഞ്ഞ നിരക്കിൽ ഈ ആനുകൂല്യങ്ങൾ നൽകുന്നത് ബിഎസ്എൻഎൽ ആണെന്ന് കാണാം. അതിന് ശേഷം ഭേദം ജിയോ പ്ലാൻ ആണ്. ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ ഏറ്റവും കഴുത്തറുപ്പൻ വില എയർടെലിനും വിഐക്കും ആണ്.
ഇവിടെ ബിഎസ്എൻഎൽ വെറും 108 രൂപയ്ക്ക് നൽകുന്ന ആനുകൂല്യമാണ് ജിയോ 249 രൂപയ്ക്ക് നൽകുന്നത്. എയർടെലും വിഐയുമാകട്ടെ അത് 299 രൂപയ്ക്കാണ് നൽകുന്നത്. കിട്ടുന്നത് ഒരേ ആനുകൂല്യങ്ങൾ, ഈടാക്കുന്നത് കൂടിയ ഉയർന്ന വില. അതിനെയാണ് നിരക്ക് കൊള്ള എന്ന് സാധാരണക്കാർ പച്ചമലയാളത്തിൽ വിളിക്കുന്നത്.


Click it and Unblock the Notifications







