ജിയോയുടെ സിക്സർ ബിഎസ്എൻഎൽ കൈയിലൊതുക്കി; രണ്ട് വരിക്കാർക്കും നേട്ടം
ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട രണ്ട് ടെലിക്കോം കമ്പനികളാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതിയിലുള്ള റിലയൻസ് ജിയോയും (Reliance Jio) സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലും. വരിക്കാരുടെ എണ്ണത്തിൽ ജിയോ ടെലിക്കോം രംഗത്തെ ഒന്നാമനാണെങ്കിൽ ബിഎസ്എൻഎൽ ഏറ്റവും അവസാനത്തെ സ്ഥാനക്കാരനാണ്.
റിലയൻസ് എന്ന വൻ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുണയുള്ള ജിയോയ്ക്ക് ടെലിക്കോം രംഗം കീഴടക്കാൻ അധികനാൾ വേണ്ടിവന്നില്ല. എന്നാൽ ഒരു സ്വകാര്യ വ്യക്തിയെക്കാൾ വലുത് സർക്കാരാണ് എന്ന് വിശ്വസിക്കപ്പെടുമ്പോൾ തന്നെ, സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന് ജിയോയുടെ ഏഴയലത്ത് എത്താൻ സാധിക്കുന്നില്ല. ഇപ്പോഴും 4ജി അവതരിപ്പിക്കാൻ ബിഎസ്എൻഎൽ പാടുപെടുകയാണ്.

ജിയോയ്ക്ക് കോടിക്കണക്കിന് വരിക്കാരുണ്ട്. അതിന്റെ മൂന്നിലൊന്ന് മാത്രമേ ബിഎസ്എൻഎല്ലിന് ഉള്ളൂ. എങ്കിലും ഉള്ള വരിക്കാർക്കായി ജിയോയും ബിഎസ്എൻഎല്ലും മികച്ച ഒരുപിടി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു. ഒരേ തുകയിൽ ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കുക പതിവാണ്. അതിൽ ഏത് കമ്പനിയുടെ പ്ലാനാണ് മികച്ചുനിൽക്കുന്നത് എന്നത് അതിലെ ആനുകൂല്യങ്ങൾ വിലയിരുത്തിയാണ് തീരുമാനിക്കാൻ സാധിക്കുക.
ജിയോ 666 രൂപ നിരക്കിൽ ഒരു റീച്ചാർജ് പ്ലാൻ തങ്ങളുടെ വരിക്കാർക്കായി പുറത്തിറക്കിയിട്ടുണ്ട്. ബിഎസ്എൻഎല്ലും ഇതേ തുകയ്ക്ക് ഒരു റീച്ചാർജ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ഈ രണ്ട് കമ്പനികളുടെ വരിക്കാർക്കും ഈ പ്ലാനുകൾ പ്രിയപ്പെട്ടതാണ്. അതിനാൽത്തന്നെ ഇവ ട്രെൻഡിങ് പ്ലാനുകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. എങ്കിലും ഇവയിൽ ഏതാണ് മികച്ച പ്ലാൻ എന്ന ചോദ്യം പലർക്കുമുണ്ടാകും.

ജിയോയുടെ 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ദിവസേന 1.5ജിബി ഡാറ്റമാത്രം മതി എന്നുള്ള റിലയൻസ് ജിയോ വരിക്കാർ പ്രധാനമായും തെരഞ്ഞെടുക്കുന്ന റീച്ചാർജ് പ്ലാൻ ആണ് ഇത്. ആകെ 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പറയത്തക്ക ഒടിടി ആനുകൂല്യങ്ങളൊന്നും ഇതിലില്ല. എങ്കിലും ഈ പ്ലാൻ മികച്ചതാണ്.
കാരണം അൺലിമിറ്റഡ് 5ജി ഡാറ്റ യോഗ്യത ഈ പ്ലാനിലുണ്ട്. ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ അൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ്. 84 ദിവസത്തേക്ക് ആകെ 126 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.
അൺലിമിറ്റഡ് 5ജി ഡാറ്റയ്ക്ക് അർഹതയുള്ളതിനാൽ ഇതിൽ ലഭിക്കുന്ന 1.5ജിബി ഡാറ്റ ധാരാളമാണ്. കുറഞ്ഞ നിരക്കിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ജിയോ പ്ലാൻ എന്ന് ഇതിനെ വിശേഷിപ്പിക്കാം. മറ്റ് വിവിധ നിരക്കുകളിൽ 84 ദിവസ വാലിഡിറ്റി പ്ലാനുകൾ ജിയോ നൽകുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് അനുയോജ്യം ഈ 666 രൂപ പ്ലാനാണ്.

666 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ജിയോയ്ക്ക് 666 രൂപയുടെ പ്ലാനുണ്ടെങ്കിലും ടെലിക്കോം രംഗത്ത് സിക്സർ പ്ലാൻ എന്ന് അറിയപ്പെടുന്നത് ബിഎസ്എൻഎല്ലിന്റെ 666 രൂപയുടെ പ്ലാനാണ്. കാരണം ഹ്രസ്വകാല വാലിഡിറ്റിയോടെ എല്ലാ സേവനങ്ങളും (അതായത് ഡാറ്റ, കോളിങ്, എസ്എംഎസ് ) വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച പ്ലാൻ ആണ് 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ.
666 രൂപയുടെ ബിഎസ്എൻഎൽ സിക്സർ പ്ലാൻ വാലിഡിറ്റിയുടെ കാര്യത്തിലാണ് ആദ്യ സിക്സർ പറത്തുന്നത്. കാരണം 105 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. രണ്ടാം സിക്സർ പറത്തുന്നത് ഡാറ്റയുടെ കാര്യത്തിലാണ്. ദിവസം 2ജിബി പ്രതിദിന ഡാറ്റ ഇതിൽ ലഭിക്കും. മൂന്നാം സിക്സർ പറത്തുന്നത് അൺലിമിറ്റഡ് കോളിങ് സൗകര്യവും 3ജിബി എക്സ്ട്രാ ഡാറ്റയും നൽകിക്കൊണ്ടാണ്.
മൊത്തത്തിൽ നോക്കിയാൽ ജിയോയുടെ 666 രൂപയുടെ പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ ആനുകൂല്യങ്ങൾ ബിഎസ്എൻഎല്ലിന്റെ സിക്സർ പ്ലാനിലാണ് ഉള്ളത്. വാലിഡിറ്റിയുടെയും ഡാറ്റയുടെയും കാര്യത്തിൽ ബിഎസ്എൻഎൽ ജിയോയെ ബഹുദൂരം പിന്നിലാക്കിയതായി കാണാം. അൺലിമിറ്റഡ് കോളിങ് ഇരുപ്ലാനുകളും ഒരേപോലെ വാഗ്ദാനം ചെയ്യുന്നു. എന്നാൽ എക്സ്ട്രാ 3ജിബി ഡാറ്റയിലൂടെ ബിഎസ്എൻഎൽ വീണ്ടും സ്കോർ ചെയ്തു.
ബിഎസ്എൻഎൽ എത്ര ഡാറ്റ ഉൾപ്പെടുത്തിയാലും ജിയോയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിലൂടെ അതിനെ മറികടക്കാനാകും. എന്നാൽ 5ജി ലഭ്യമാകുന്ന ജിയോ വരിക്കാർക്ക് മാത്രമേ ഇതുകൊണ്ട് നേട്ടമുള്ളൂ. ഡാറ്റയുടെ കാര്യത്തിൽ അൺലിമിറ്റഡ് 5ജി ഓഫർ വച്ച് പിടിച്ചുനിൽക്കാമെങ്കിലും വാലിഡിറ്റിയുടെ കാര്യമെത്തുമ്പോൾ വ്യക്തമായ ലീഡ് ബിഎസ്എൻഎല്ലിന് തന്നെയാണുള്ളത്. അതിനാൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ ബിഎസ്എൻഎല്ലിന്റെ സിക്സറാണ് ശരിക്കും സിക്സർ!


Click it and Unblock the Notifications








