ഒരുത്തന്റേം കാല് പിടിക്കേണ്ട! ബിഎസ്എൻഎൽ വരിക്കാരേ... എന്ത് പരാതിയുണ്ടെങ്കിലും ദേ ഇവിടെ പറഞ്ഞാൽ മതി
ബിഎസ്എൻഎല്ലിനോട് ആളുകൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നതിൽ നെറ്റ്വർക്ക് തകരാറുകൾ മാത്രമല്ല, മുൻകാലങ്ങളിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഇടപെട്ടിരുന്ന രീതിയും കാരണമായിട്ടുണ്ട് എന്നാണ് പൊതുസമൂഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് നമുക്ക് പലപ്പോഴും മനസിലാക്കാനായിട്ടുള്ളത്. ബിഎസ്എൻഎൽ പ്രതാപത്തോടെ വാണ ഒരു കാലം ഉണ്ടായിരുന്നു. അന്ന് ഉദ്യോഗസ്ഥർ ഉപയോക്താക്കളെ അർഹിച്ച പരിഗണനയോടെയല്ല നോക്കിക്കണ്ടത് എന്ന ആക്ഷേപം പലർക്കുമുണ്ട്. പരാതി പറയാനും മറ്റും വിളിച്ചാൽ ഉദ്യോഗസ്ഥരുടെ സൗകര്യവും മറ്റും നോക്കി വന്നാൽ വന്നു എന്ന നിലയിൽ പ്രശ്നങ്ങളുമായി മുന്നോട്ട് പോകേണ്ടിവന്നവർ ഉണ്ട് എന്നാണ് മനസിലാക്കാനാകുന്നത്. സർക്കാർ സ്ഥാപനം എന്നതിനാൽത്തന്നെ അതിന്റെതായ ചില അധികാര ഗർവ് ചില ജീവനക്കാർ കാണിക്കുന്നുണ്ട് എന്ന ആക്ഷേപങ്ങളുമുണ്ടായിരുന്നു.
ബിഎസ്എൻഎല്ലിന്റെ തകർച്ചയിലും സ്വകാര്യ ടെലിക്കോം കമ്പനികളുടെ വളർച്ചയിലും ബിഎസ്എൻഎൽ ജീവനക്കാരുടെ ഉപയോക്താക്കളോടുള്ള പെരുമാറ്റം ഒരു മുഖ്യ ഘടകമായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഉപയോക്താവിനെ രാജാവായിക്കണ്ടുകൊണ്ടുള്ള സമീപനമാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ തുടക്കത്തിൽ പയറ്റിയത്. ബിഎസ്എൻഎല്ലിൽ നിലനിന്നിരുന്ന പരാതിപരിഹാര സംവിധാനത്തോടുള്ള എതിർപ്പ് പലരെയും സ്വകാര്യ കമ്പനികളുടെ സ്നേഹപ്രകടനത്തിൽ വീഴ്ത്തുന്നതിന് കാരണമായിട്ടുണ്ട്.

എന്നാലിപ്പോൾ കാലം മാറി, സാഹചര്യങ്ങൾ മാറി, ബിഎസ്എൻഎൽ നയങ്ങൾ മാറി. ഇന്ന് വരിക്കാരെ ഏറ്റവുമധികം പരിഗണിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന ഒരു ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. മികച്ച സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ എഐ ടെക്നോളജി ഉൾപ്പെടെ ബിഎസ്എൻഎൽ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
അതിജീവനത്തിനായി എല്ലാ അടവുകളും പുറത്തെടുത്തുകൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ ഏറ്റവും മികച്ച ഉപയോക്തൃ സൗഹൃദ ടെലിക്കോം കമ്പനിയാകാനുള്ള നീക്കങ്ങളും നടത്തിവരുന്നു. ഏപ്രിലിൽ നടത്തിയ കസ്റ്റമർ സർവീസ് മന്ത് ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ഉപയോക്താക്കളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനാണ് ബിഎസ്എൻഎൽ ശ്രമിച്ചത്. കാലഘട്ടം മാറിയതോടെ ബിഎസ്എൻഎല്ലിന്റെ പരാതി പരിഹാര സംവിധാനങ്ങളും മാറിയിട്ടുണ്ട്.

ഇപ്പോൾ ഒരു ജീവനക്കാരന്റെയും പിന്നാലെ നടക്കാതെയും ഓഫീസുകൾ കയറിയിറങ്ങി അപേക്ഷ നൽകാതെയും തുടരെ മിനിറ്റുകളോളം കാത്തിരുന്ന് കസ്റ്റമർ കെയറുമായി ബന്ധപ്പെടാതെയും പരാതികൾ പരിഹരിക്കാൻ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഇപ്പോൾ അവസരം നൽകുന്നു. അതിനായി വാട്സ്ആപ്പ് (BSNL Support on WhatsApp) അടക്കമുള്ള പ്ലാറ്റ്ഫോമുകളുടെ സേവനം ബിഎസ്എൻഎൽ പ്രയോജനപ്പെടുത്തുന്നു.
ഉപയോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാനും പരാതികൾ അറിയിക്കാനും പരാതികൾ ട്രാക്ക് ചെയ്യാനും ഉൾപ്പെടെയുള്ള വാട്സ്ആപ്പ് സൗകര്യം ഇപ്പോൾ ബിഎസ്എൻഎല്ലിന് ഉണ്ട്. പരാതി പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ ആശ്രയിക്കുന്നത് ഒഴിവാക്കാനും എളുപ്പത്തിൽ കാര്യങ്ങൾ നടത്താനും ഈ വാട്സ്ആപ്പ് സേവനം ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ബിഎസ്എൻഎൽ വാട്സ്ആപ്പ് പിന്തുണ: 1800-4444 എന്ന വാട്സ്ആപ്പ് നമ്പറിൽ ഒരു ഹായ് അയച്ചുകൊണ്ട് ഉപയോക്താക്കൾക്ക് ബിഎസ്എൻഎല്ലുമായി ബന്ധപ്പെടാം. നിരവധി ബിഎസ്എൻഎൽ സേവനങ്ങൾക്കായി വിവിധ ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. ഉദാഹരണത്തിന്, ഏതെങ്കിലും തരത്തിലുള്ള പരാതി നൽകാൻ, 'Book a Complaint' എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് മൊബൈൽ നമ്പറോ FTTH നമ്പറോ കൺഫേം ചെയ്യേണ്ടതുണ്ട്.

പരാതി രജിസ്ട്രേഷന്റെ ഭാഗമായി ഉടൻ തന്നെ ഒരു കൺഫർമേഷൻ മെസേജ് വാട്സ്ആപ്പിൽ തന്നെ ഉപയോക്താവിന് ഭിക്കും. അതുമാത്രമല്ല, പരാതി എത്രയും വേഗം പരിഹരിക്കുകയും ചെയ്യും. പരാതിയുടെ അവസ്ഥ ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. കഴിയും. ഈ ലളിതമായി മാർഗം ഉപയോഗിച്ചുകൊണ്ട് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് തങ്ങളുടെ പരാതികൾ പരിഹരിക്കാനും മികച്ച രീതിയിൽ ബിഎസ്എൻഎൽ സേവനങ്ങൾ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കാനും കഴിയും.
ബിഎസ്എൻഎൽ മാത്രമല്ല, മറ്റ് ടെലിക്കോം കമ്പനികളും തങ്ങളുടെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് വഴിയുള്ള കസ്റ്റമർ സർവീസ് പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും മോശം കസ്റ്റമർ സർവീസിന്റെ പേരിൽ പലരിൽനിന്നും പഴികേട്ടിട്ടുള്ള ബിഎസ്എൻഎല്ലിന് ഇപ്പോൾ ഇത്തരമൊരു സംവിധാനമൊക്കെ ആയി എന്ന് പലർക്കും അറിയില്ല. അറിയാത്തവരിലേക്ക് ആ വിവരം എത്തിക്കാൻ തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴി ബിഎസ്എൻഎൽ ഇക്കാര്യം ഇടയ്ക്കിടെ വിശദീകരിക്കുന്നുണ്ട്.


Click it and Unblock the Notifications








