ആ കളിക്ക് ഞങ്ങളില്ല! അടുത്തെങ്ങും നിരക്ക് കൂട്ടാൻ ഉദ്ദേശിക്കുന്നില്ല; നയം വ്യക്തമാക്കി ബിഎസ്എൻഎൽ
ഇന്ത്യയിലെ സ്വകാര്യ കമ്പനികളുടെ കണ്ണിലെ കരടും അതേസമയം സാധാരണക്കാരുടെ കണ്ണിലെ കൃഷ്ണമണിയുമാണ് ബിഎസ്എൻഎൽ (BSNL). രണ്ടിനും കാരണം ഒന്നുതന്നെ- ബിഎസ്എൻഎൽ പ്ലാനുകളുടെ നിരക്ക്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്നത് ബിഎസ്എൻഎൽ ആണ്. അതേസമയം സ്വകാര്യ ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎൽ മാത്രം കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുകയും തങ്ങൾ കൂടിയ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുകയും ചെയ്യുന്നതിനാൽ ജനരോഷം പൊതുവിൽ തങ്ങൾക്കെതിരാകുമെന്ന് അവർ ഭയക്കുന്നു. അതിനാൽ ബിഎസ്എൻഎൽ നിരക്ക് ഉയർത്തണം എന്നാണ് സ്വകാര്യ കമ്പനികൾ ഉള്ളളുകൊണ്ട് ആഗ്രഹിക്കുന്നത്.
ജൂലൈയിൽ സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ നിരക്കുകൾ വർധിപ്പിച്ചപ്പോൾ ബിഎസ്എൻഎൽ മാത്രം പഴയ നിരക്കുകളിൽ തുടർന്നു. അന്നുതൊട്ട് ബിഎസ്എൻഎൽ ഉടനേയെങ്ങാനും നിരക്ക് കൂട്ടുമോ എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. ഇപ്പോൾ അതിന് ഉത്തരമായിരിക്കുന്നു. അടുത്തകാലത്തൊന്നും നിരക്ക് കൂട്ടാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് രവി വ്യക്തമാക്കി.

നിലവിൽ താരിഫ് വർധിപ്പിക്കേണ്ട സാഹചര്യം ഇല്ല എന്നാണ് ബിഎസ്എൻഎൽ വിലയിരുത്തുന്നത്. ഉപഭോക്തൃ സംതൃപ്തിയിലും അവരുടെ ആത്മവിശ്വാസം നേടുന്നതിലുമാണ് ബിഎസ്എൻഎൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് റോബർട്ട് രവി പറഞ്ഞു. ഇതിനകം തന്നെ ബിഎസ്എൻഎൽ ടെസ്റ്റ് മോഡിൽ 4G സേവനങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ടെന്നും ഉപഭോക്തൃ സംതൃപ്തിക്ക് മുൻഗണന നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
"സമീപ ഭാവിയിൽ താരിഫ് വർദ്ധിപ്പിക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾക്ക് വ്യക്തമായി പറയാൻ കഴിയും. ഇന്ന്, BSNL ൻ്റെ പ്രധാന താൽപ്പര്യം അതിൻ്റെ ഉപഭോക്താക്കൾ സന്തുഷ്ടരാണെന്ന് ഉറപ്പാക്കുകയും അവരുടെ ആത്മവിശ്വാസം നേടുകയുമാണ്. അടുത്തെങ്ങും താരിഫ് വർദ്ധനയുടെ ആവശ്യമില്ല" എന്ന് അദ്ദേഹം വ്യക്തമാക്കിയതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെ ഇന്ത്യയിലെ എല്ലാ സ്വകാര്യ ടെലിക്കോം കമ്പനികളും ജൂലൈയിൽ ടെലിക്കോം താരിഫ് ഉയർത്തിയതിനാൽ താരിഫ് പരിഷ്കരണം സംബന്ധിച്ച ബിഎസ്എൻഎല്ലിൻ്റെ നിലപാട് എന്തായിരിക്കും എന്നത് ടെലിക്കോം രംഗം ഉറ്റുനോക്കിയിരുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ തങ്ങൾ ജനങ്ങൾക്കൊപ്പമാണ് എന്ന് ബിഎസ്എൻഎൽ ഊന്നിപ്പറയുന്നു.
സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയെ തുടർന്ന് ലക്ഷക്കണക്കിന് ടെലിക്കോം ഉപയോക്താക്കളാണ് തങ്ങളുടെ നിലവിലെ കണക്ഷൻ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് എത്തിയത്. ഈ അനുകൂല സാഹചര്യം നഷ്ടപ്പെടുത്താൻ ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നില്ല. രാജ്യവ്യാപകമായി 4ജി സേവനങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനാണ് ഇപ്പോൾ ബിഎസ്എൻഎൽ പ്രാധാന്യം നൽകുന്നത്.
രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കുന്നതിന് മുമ്പ് ബിഎസ്എൻഎൽ റീബ്രാൻഡിംഗ് പ്രവർത്തനങ്ങളിലേക്ക് കടന്നു. അതിന്റെ ഭാഗമായി കമ്പനി പുതിയ ലോഗോ അടക്കം പുറത്തിറക്കി. ഇതോടൊപ്പം 7 പുതിയ സേവനങ്ങളും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. "ഭാരതത്തെ ബന്ധിപ്പിക്കുക - സുരക്ഷിതമായും താങ്ങാവുന്നതിലും വിശ്വസനീയമായും" എന്ന ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ലോഗോയെന്ന് ബിഎസ്എൻഎൽ വിശദീകരിക്കുന്നു.

സ്പാം രഹിത നെറ്റ്‌വർക്ക്, Wi-Fi റോമിംഗ്, IFTV (ഫൈബർ അടിസ്ഥാനമാക്കിയുള്ള ഇൻട്രാനെറ്റ് ലൈവ് ടിവി സേവനം), എനി ടൈം സിം (ATS) കിയോസ്‌ക്കുകൾ, ഡയറക്‌ട്-ടു-ഡിവൈസ് (D2D) സേവനം, പൊതു സംരക്ഷണവും ദുരന്ത നിവാരണ പരിഹാരവും, കൂടാതെ ഖനികൾക്കുള്ള സ്വകാര്യ 5G (CNPN) എന്നിവയൊക്കെയാണ് പുതിയതായി ബിഎസ്എൻഎൽ പ്രഖ്യാപിച്ച സേവനങ്ങൾ.
പുതിയ സേവനങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും 4ജി വ്യാപനം വേഗത്തിലാക്കുകയും ചെയ്യുന്നതിലൂടെ വരിക്കാർക്ക് പുതിയ പ്രതീക്ഷകൾ ബിഎസ്എൻഎൽ സമ്മാനിക്കുന്നു. അടുത്തവർഷത്തിന്റെ തുടക്കത്തോടെ ഇന്ത്യയിൽ എല്ലായിടത്തും 4ജി ലഭ്യമാക്കും എന്നാണ് ബിഎസ്എൻഎൽ പറയുന്നത്. ഇപ്പോൾ ദിവസം 400- 500 4ജി ടവറുകൾ ടിസിഎസ് പ്രതിദിനം കമ്മിഷൻ ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ദീപാവലിക്ക് മുൻപ് 50000 സൈറ്റുകളിൽ 4ജി അവതരിപ്പിക്കാനാണ് ശ്രമം.


Click it and Unblock the Notifications








