അംബാനിക്ക് കൈനീട്ടിയൊരു ടാറ്റാ കൊടുത്ത് കേറിവാ...! റീച്ചാർജിനൊപ്പം 1 ലക്ഷം രൂപയുടെ സമ്മാനവുമായി BSNL
കുറഞ്ഞ നിരക്കിൽ റീച്ചാർജ് ചെയ്യാനാകുന്നത് തന്നെ ഇപ്പോൾ ഒരു ഭാഗ്യമാണ്. അങ്ങനെയൊരു ഭാഗ്യം നൽകുന്ന ഇന്ത്യയിലെ ഒരേയൊരു ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ഇപ്പോൾ റീച്ചാർജിലൂടെ വരിക്കാരെ കൂടുതൽ ഭാഗ്യവാന്മാരാക്കുന്ന പുതിയ ഓഫറുകളുമായി രംഗത്ത്. തെരഞ്ഞെടുത്ത റീച്ചാർജ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ വരിക്കാരിൽ ഭാഗ്യശാലികളായിട്ടുള്ളവർക്ക് പ്രതിമാസം ഒരു ലക്ഷം രൂപയുടെ വരെ സമ്മാനം ലഭ്യമാക്കുന്ന പദ്ധതിയാണ് ബിഎസ്എൻഎൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. പ്രാദേശിക സംഗീത ആപ്പായ Zing എന്ന പ്ലാറ്റ്ഫോമുമായി ചേർന്നുകൊണ്ടാണ് ബിഎസ്എൻഎൽ ഈ സമ്മാന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
സ്പെഷ്യൽ താരിഫ് വൗച്ചറുകൾ (STV) ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്കാണ് സമ്മാനത്തിന് അവസരം ലഭിക്കുക. 118 രൂപ, 153 രൂപ, 199 രൂപ, 347 രൂപ, 599 രൂപ, 997 രൂപ, 1999 രൂപ, 2399 രൂപ എന്നീ നിരക്കുകളിൽ ലഭ്യമാകുന്ന എസ്ടിവികൾ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്.

ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്ത ശേഷം, ഉപഭോക്താക്കൾ അവരുടെ മൊബൈൽ ഫോണിൽ Zing ആപ്പ് ഡൗൺലോഡ് ചെയ്യണം. റിവാർഡിന് യോഗ്യത നേടിക്കഴിഞ്ഞാൽ, നിങ്ങൾ ഭാഗ്യവാനാണെങ്കിൽ, BSNL-ൽ നിന്ന് നിങ്ങൾക്ക് റിവാർഡ് ലഭിക്കും എന്ന് സോഷ്യൽ മീഡിയയിലെ പോസ്റ്റിലൂടെ ബിഎസ്എൻഎൽ അറിയിച്ചു.
ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ മാസവും ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. ഒരു പ്രൊമോഷണൽ ഓഫർ എന്ന നിലയിൽ ആണ് ബിഎസ്എൻഎൽ ഇങ്ങനെയൊരു പദ്ധതി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ സ്വകാര്യ കമ്പനികൾ റീച്ചാർജ് നിരക്കുകൾ 22 ശതമാനം വരെ വർധിപ്പിച്ചിരുന്നു.

ഈ നിരക്ക് വർധനവിന് പിന്നാലെ സ്വകാര്യ കമ്പനികൾക്ക് എതിരേ നിരവധിപേർ രംഗത്തെത്തി. നിരക്ക് വർധനവിൽ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് പേർ തങ്ങളുടെ സിം ബിഎസ്എൻഎഎല്ലിലേക്ക് പോർട്ട് ചെയ്തു. അതോടെ ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ ചെറിയ പുരോഗതിയൊക്കെയുണ്ടായിട്ടുണ്ട്. സാധാരണ ബിഎസ്എൻഎല്ലിൽ നിന്ന് മറ്റ് കമ്പനികളിലേക്ക് ആളുകൾ കൊഴിഞ്ഞുപോകുകയാണ് പതിവ്.
ഓരോ മാസവും ട്രായിയുടെ കണക്ക് വരുമ്പോൾ എത്ര വരിക്കാർ പോയി എന്നിടത്തു നിന്ന് ഇത്തവണ ജൂലൈയിലെ ട്രായി റിപ്പോർട്ട് വരുമ്പോൾ എത്ര വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തി എന്ന് അന്വേഷിക്കേണ്ട സാഹചര്യമാണ് ഉള്ളത്. അംബാനിക്ക് നീട്ടിയൊരു ടാറ്റ കൊടുത്തിട്ട്, ധൈര്യമായി കൂടെപ്പോരാൻ മാന്യമായ നിരക്കിൽ എത്തുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ സാധാരണക്കാരോട് പറയാതെ പറയുന്നുണ്ട്.
ഇതുവരെ ബിഎസ്എൻഎൽ സിം ഇല്ലാത്തവർക്ക് വളരെ ഈസിയായും സൗജന്യമായും ബിഎസ്എൻഎല്ലിലേക്ക് കടന്നുവരാൻ അവസരമുണ്ട്. ഒരു രൂപ പോലും ചെലവില്ലാതെ ആർക്കും ഒരു പുതിയ ബിഎസ്എൻഎൽ സിം സ്വന്തമാക്കാനാകും. 4ജി സിം കാർഡുകൾ സൗജന്യമായി നൽകുമെന്ന് ബിഎസഎൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിലേക്ക് കടന്നുവന്നാലുള്ള ഗുണം കുറഞ്ഞ ചെലവിൽ കോളിങ് നടക്കും, ആവശ്യത്തിന് വാലിഡിറ്റിയും കിട്ടും.

നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. എന്നാൽ ബിഎസ്എൻഎൽ തിരിച്ചടി നേരിടുന്നത് പ്രധാനമായും 4ജിയുടെയും 5ജിയുടെയും കാര്യത്തിലാണ്. ജിയോയും എയർടെലും 5ജി വ്യാപനം ഈ വർഷം തന്നെ പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ്. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും 4ജി അവതരിപ്പിക്കാൻ തുടങ്ങിയിട്ടേയുള്ളൂ.
നിലവിലെ അനുകൂല സാഹചര്യത്തിൽ 4ജി വ്യാപന നടപടികൾക്ക് വേഗം കൂട്ടുന്നത് ബിഎസ്എൻഎല്ലിന് ഏറെ ഗുണം ചെയ്യും. കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബിഎസ്എൻഎൽ 4ജി വ്യാപന പുരോഗതി വിലയിരുത്താൻ ഒരു പെർഫോമൻസ് മോണിറ്ററിംഗ് യൂണിറ്റ് (PMU) രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ടെലിക്കോം മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. മികച്ച ഡാറ്റ വേഗത കൂടി നൽകാനായാൽ ജിയോയെപ്പോലും വെല്ലുവിളിക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കും.


Click it and Unblock the Notifications








