65000 ബിഎസ്എൻഎൽ ടവറുകൾ 4G സേവനങ്ങൾ നൽകുന്നു; ക്വാളിറ്റി ഉറപ്പാക്കാൻ ക്രാക്ക് ടീം
തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ച് 4ജി വ്യാപനം നടത്തിവരുന്ന ബിഎസ്എൻഎല്ലിന്റെ (BSNL) 65000 ടവറുകൾ ഇപ്പോൾ 4ജി സേവനങ്ങൾ നൽകാൻ തുടങ്ങി. ബിഎസ്എൻഎൽ ചെയർമാൻ റോബർട്ട് ജെ രവി ആണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ 4ജി ഇതിനകം 75000 ടവറുകളിൽ ഇൻസ്റ്റാൾ ചെയ്തു എന്ന് നേരത്തെ ടെലിക്കോം ടോക്ക് ചെയ്തിരുന്നു. അതിൽ 65000 ടവറുകൾ 4ജി സേവനങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട് എന്ന് ബിഎസ്എൻഎൽ ചെയർമാന്റെ പ്രസ്താവന വ്യക്തമാക്കുന്നു. തദ്ദേശീയ ടെക്നോളജി ഉപയോഗിച്ച് 4ജി അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ടെലിക്കോം കമ്പനിയും ഏക ടെലിക്കോം കമ്പനിയും ബിഎസ്എൻഎൽ ആണ്.
2025 മധ്യത്തോടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 1 ലക്ഷം സൈറ്റുകളിൽ 4G എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ ഒരു പടി കൂടി അടുത്തു എന്ന ചെയർമാന്റെ പുതിയ അറിയിപ്പ് സൂചന നൽകുന്നു. 4ജി അവതരിപ്പിച്ചതുകൊണ്ട് മാത്രം ഉത്തരവാദിത്തം തീർന്നു എന്ന് കൈയൊഴിയാൻ ബിഎസ്എൻഎൽ തയാറാകുന്നില്ല.

തങ്ങൾ നൽകുന്ന സേവനങ്ങൾക്ക് ഒരു മിനിമം ക്വാളിറ്റി ഉണ്ട് എന്ന് ഉറപ്പാക്കേണ്ടത് ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്. അതിനാൽത്തന്നെ ക്വാളിറ്റി ഓഫ് സർവീസസ് (QoS) മാനദണ്ഡങ്ങൾ പതിവായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിഎസ്എൻഎൽ നടപടി സ്വീകരിച്ചിട്ടുണ്ട്. QoS പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ടെലിക്കോം സർക്കിളുകളിലും ഒരു "ക്രാക്ക് ടീമിനെ" വിന്യസിച്ചിട്ടുണ്ടെന്ന് റോബർട്ട് രവി പറഞ്ഞു.
ഉപയോക്താക്കൾക്ക് സംതൃപ്തിയുണ്ടെങ്കിലേ സ്ഥാപനം രക്ഷപ്പെടൂ. അല്ലെങ്കിൽ ഉപയോക്താക്കൾ മെച്ചപ്പെട്ട സേവനം ലഭിക്കുന്ന മറ്റ് കമ്പനികളിലേക്ക് പോകും. ഇത്തരം ഒരു സാഹചര്യം നിലനിൽക്കുന്നതിനാൽ QoS ഉറപ്പാക്കേണ്ടത് ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പുതിയ വരിക്കാരെ നേടുന്നതിലും നിർണായക പങ്ക് വഹിക്കുക നൽകുന്ന സേവനങ്ങളുടെ നിലവാരം ആയിരിക്കും. നൽകുന്നത് മോശം സേവനമാണ് എങ്കിൽ അത്തരമൊരു സ്ഥാപനത്തിലേക്ക് പോകാൻ സാധാരണഗതിയിൽ ആരും തയാറാകില്ല.

1 ലക്ഷം സൈറ്റുകളിൽ 4ജി ലഭ്യമാക്കുകയും അതിന്റെ ക്വാളിറ്റി ഉറപ്പുവരുത്തുകയും ചെയ്യുന്നതുകൊണ്ട് ബിഎസ്എൻഎൽ ഉത്തരവാദിത്തം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല, മറിച്ച് നെറ്റ്വർക്കുകളുടെ ശേഷി വർധിപ്പിക്കാൻ ബിഎസ്എൻഎൽ കൂടുതൽ പ്ലാനുകൾ തയാറാക്കി വരികയാണ് എന്നും രവി സ്ഥിരീകരിച്ചിട്ടുണ്ട്. 1 ലക്ഷം സൈറ്റുകളിൽ 4ജി എത്തുമ്പോൾ തന്നെ മതിയായ കവറേജ് ബിഎസ്എൻഎല്ലിന് ലഭ്യമാകുമെന്ന് അദ്ദേഹം പറയുന്നു.
700 MHz സ്പെക്ട്രം ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4G വിന്യസിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് മാന്യമായ കവറേജ് എക്സ്പീരിയൻസ് നൽകാൻ ബിഎസ്എൻഎല്ലിനെ അനുവദിക്കും. മികച്ച നെറ്റ്വർക്ക് എക്സ്പീരിയൻസ് ഒരുപടികൂടി മുന്നോട്ട് കൊണ്ടുപോകുന്നതിനായി 5ജി അവതരിപ്പിക്കാനും ബിഎസ്എൻഎൽ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. 5G നെറ്റ്‌വർക്കുകൾ അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾ ഡൽഹി സർക്കിളിൽ ഇതിനകം ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്.
ഒരു ലക്ഷം 4G സൈറ്റുകൾ എന്ന നിലവിലെ ലക്ഷ്യം പൂർത്തിയാക്കിയ ശേഷം മാത്രമേ ബിഎസ്എൻഎൽ 5G യുടെ വിന്യാസം ആരംഭിക്കൂ. അതേസമയം സേവനങ്ങളിലെ പോരായ്മകൾ ബിഎസ്എൻഎല്ലിന് തിരിച്ചടിയാകുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രായിയുടെ നവംബറിലെ പ്രതിമാസ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 2024 ജൂലൈയ്ക്ക് ശേഷം ആദ്യമായി ബിഎസ്എൻഎൽ പുതിയ വരിക്കാരെ നേടുന്നതിൽ പിന്നോട്ട് പോയി.

2024 ജൂലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് കൂട്ടത്തോടെ എത്താൻ തുടങ്ങി. ഒക്ടോബർ വരെ ഈ ട്രെൻഡ് തുടർന്നു. എന്നാൽ പിന്നീട് കോൾ ഡ്രോപ്പ് പ്രശ്നങ്ങളും മറ്റും രൂക്ഷമായതോടെ ബിഎസ്എൻഎല്ലിലേക്കുള്ള ആളുകളുടെ വരവ് നിലച്ചു. മാത്രമല്ല വന്നവർ പലരും കണക്ഷൻ ഉപേക്ഷിക്കുന്ന സ്ഥിതിയും ഉണ്ടായി എന്ന് നവംബറിലെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.


Click it and Unblock the Notifications







