നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ! ആകാശം മുട്ടെ സന്തോഷത്തിൽ BSNL; കടം കുറഞ്ഞു, വരിക്കാർ കൂടി
പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്നവർക്കെല്ലാം സന്തോഷം പകരുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം പാർലമെന്റിൽ നിന്ന് എത്തിയിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ കടം കുറഞ്ഞു, എതിരാളികളുടെ കടത്തെക്കാൾ വളരെ കുറഞ്ഞ കടം മാത്രമാണ് ബിഎസ്എൻഎല്ലിന് ഇപ്പോൾ ഉള്ളത് എന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. ബിഎസ്എൻഎല്ലിന്റെ കടം കുറഞ്ഞു എന്നത് ഈ വർഷം ജൂലൈയിൽ തന്നെ വ്യക്തമായ കാര്യമാണ്. എങ്കിലും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഇക്കാര്യം ലോക്സഭയെ ചോദ്യത്തിന് മറുപടിയായി രേഖാമൂലം തന്നെ അറിയിക്കുകയായിരുന്നു.
രാജ്യത്ത് ആകെ നാല് ടെലിക്കോം കമ്പനികളാണ് പ്രധാനമായും ഉള്ളത്. ഇവയ്ക്ക് എല്ലാംകൂടി 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 4,09,905 കോടി രൂപ കടം ഉണ്ട് എന്നാണ് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ കടമുള്ളത് വോഡഫോൺ ഐഡിയയ്ക്കാണ്, 2.07 ലക്ഷം കോടി. ഏറ്റവും കുറഞ്ഞ കടമുള്ളത് പൊതു ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിനും, 23,297 കോടി രൂപ.

എയർടെലിന് 1.25 ലക്ഷം കോടി രൂപയും ജിയോ ഇൻഫോകോം 52,740 കോടി രൂപയും 2024 മാർച്ച് 31 വരെ കടം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ പങ്കുവെച്ച കണക്കുകൾ വ്യക്തമാക്കുന്നു. യഥാർഥത്തിൽ 2022 സാമ്പത്തിക വർഷത്തിൽ 40,400 കോടി രൂപയുടെ കടബാധ്യത ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നു.
എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുനരുജ്ജീവന പാക്കേജിൻ്റെയും സാമ്പത്തിക പിന്തുണയുടെയും സഹായത്തോടെ മൂന്ന് വർഷത്തിനുള്ളിൽത്തന്നെ ബിഎസ്എൻഎല്ലിന്റെ കടം 28,092 കോടി രൂപയായി കുറഞ്ഞു. 2019-ൽ ആണ് ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും പ്രവർത്തനച്ചെലവ് കുറച്ചുകൊണ്ട് ഏകദേശം 69,000 കോടി രൂപയുടെ ആദ്യത്തെ പുനരുജ്ജീവന പാക്കേജ് കേന്ദ്രം നൽകിയത്.

പുതിയ മൂലധനം നിക്ഷേപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചും, കടം പുനഃക്രമീകരിച്ചും മറ്റ് പലവിധ പ്രവർത്തനങ്ങളിലൂടെയും ബിഎസ്എൻഎൽ പതിയെ നഷ്ടം കുറച്ചുകൊണ്ടുവന്നു. രണ്ടാമത്തെ പാക്കേജായി കേന്ദ്രം 2022-ൽ 1.64 ലക്ഷം കോടിയും മൂന്നാമത്തേതായി 2023-ൽ 89,000 കോടിയും ബിഎസ്എൻഎല്ലിന് നൽകി. തിരിച്ചുവരവിന് ഏറെ അനിവാര്യമായിരുന്ന 4ജി വ്യാപനത്തിനായി മുന്നിട്ടിറങ്ങാനും പ്രവർത്തന ചെലവുകൾ മുന്നോട്ട് കൊണ്ടുപോകാനും ഈ പാക്കേജുകൾ ബിഎസ്എൻഎല്ലിന് ഏറെ തുണയായി.
ഏകദേശം 89,000 കോടി രൂപ മുതൽമുടക്കിൽ ബിഎസ്എൻഎല്ലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയതായും മന്ത്രി പറഞ്ഞു. ഈ പാക്കേജുകളുടെ ഫലമായി, 2020-21 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ പ്രവർത്തന ലാഭം നേടാൻ തുടങ്ങിയിരിക്കുന്നു എന്നും പെമ്മസാനി ചന്ദ്രശേഖർ അറിയിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022 മാർച്ച് 31-ൽ ബിഎസ്എൻഎല്ലിന്റെ കടം 40,400 കോടി രൂപയായിരുന്നു. 2023 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കടം 28,092 കോടി രൂപയായി കുറഞ്ഞു. പിന്നീട് 2024 മാർച്ച് 31-എത്തിയപ്പോഴേക്കും കടം 23,297 കോടി രൂപയായി വീണ്ടും കുറഞ്ഞു. കടം കുറയ്ക്കാൻ മാത്രമല്ല, നഷ്ടം കുറയ്ക്കാനും ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുണ്ട്.

2024 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 2,785 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്റെ നഷ്ടം. മുൻ വർഷം ഇതേ കാലയളവിലെ നഷ്ടം 2,951 കോടി രൂപയായിരുന്നു. നഷ്ടം കുറയ്ക്കുക മാത്രമല്ല, വരുമാനം കൂട്ടാനും ബിഎസ്എൻഎൽ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. FY25-ൽ 24,428 കോടി രൂപയും FY26ൽ 28,476 കോടി രൂപയും വരുമാനം നേടണം എന്നാണ് ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്നത്.
കടം കുറഞ്ഞു എന്നത് മാത്രമല്ല, ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ വരിക്കാർ എത്തിക്കൊണ്ടിരിക്കുന്നു എന്നതും ബിഎസ്എൻഎൽ ആരാധകരെ സന്തോഷിപ്പിക്കുന്നു. വരിക്കാർ വർധിക്കുന്നത് ഭാവിയിൽ വരുമാനം വർധിക്കാൻ ഏറെ സഹായിക്കും. കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിലേക്ക് ആളുകൾ എത്തുന്നതിന്റെ പ്രധാന കാരണം എന്ന് കരുതപ്പെടുന്നു. ജൂലൈയിൽ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് എതിരേ ഉയർന്ന ജനരോഷവും ബിഎസ്എൻഎല്ലിന് അനുകൂലമായി.


Click it and Unblock the Notifications








