മൊബൈലിനും ചാർജറിനും വില കുറയും; കേന്ദ്ര ബജറ്റ് 2024: കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപനം
ബജറ്റിൽ ഉറ്റുനോക്കിയ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്ത് മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വില കുറയും. മൊബൈൽ ഫോണുകൾ, മൊബൈൽ പിസിബിഎകൾ, മൊബൈൽ ചാർജറുകൾ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മൊബൈൽ ഫോൺ വ്യവസായം കഴിഞ്ഞ നാളുകളിൽ ഏറെ പുരോഗതി പ്രാപിച്ചതായി മന്ത്രി വ്യക്തമാക്കി. മൂന്നാം തവണയും മോദി സർക്കാരിനെ അധികാരത്തിലേറ്റിയതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം ആരംഭിച്ചത്.
സ്മാർട്ട്ഫോണുകൾക്കും ചാർജറുകൾക്കും വില കുറയും എന്ന പ്രഖ്യാപനം സ്മാർട്ട്ഫോൺ ആരാധകർക്ക് ഏറെ സന്തോഷം പകരുന്നു. ഒരു കോടി യുവാക്കൾക്ക് 500 വൻകിട കമ്പനികളിൽ ഇന്റേൺഷിപ്. 5000 രൂപ പ്രതിമാസം ഇന്റേൺഷിപ് അലവൻസ് തുടങ്ങി യുവ തലമുറയ്ക്ക് സന്തോഷം പകരുന്ന ചില പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായിട്ടുണ്ട്.

ആന്ധ്രയ്ക്കും ബിഹാറിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ബജറ്റ് എന്നാണ് 2024ലെ കേന്ദ്ര ബജറ്റ് ഒറ്റ വരിയിൽ പലരും വിലയിരുത്തുന്നത്. നിലവിലെ കേന്ദ്ര സർക്കാർ ഈ രണ്ട് സംസ്ഥാനങ്ങളിലെയും പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയിരിക്കുന്നത്. അതിനാൽ തന്നെ ആന്ധ്രയ്ക്കും ബിഹാറിനും ധാരാളം ബജറ്റ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
പ്രത്യേക ടെലികോം ഉപകരണങ്ങൾക്കായുള്ള പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികളുടെ (പിസിബിഎ) തീരുവ 10 മുതൽ 15% വരെ വർദ്ധിപ്പിക്കാൻ ബജറ്റിൽ നിർദേശമുണ്ട്. മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റികിന് കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിച്ചു. അതിനാൽ തന്നെ പ്ലാസ്റ്റിക്കിന് വില കൂടും. മൊബൈൽ ഫോണുകളുടെ ഇറക്കുമതി തീരുവ കുറച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതൽ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ ദേശീയ പാത വികസനത്തിന് 26,000 കോടി രൂപയും വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടിയും ബജറ്റിൽ അനുവദിച്ചു.
പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളേജുകൾ, കായിക സ്ഥാപനങ്ങൾ എന്നിവയും ബജറ്റ് സമ്മാനമായി ബിഹാറിൽ എത്തും. ബിഹാറിനെപ്പോലെ ആന്ധ്രയ്ക്കും ബജറ്റിൽ കോളടിച്ചു. ആന്ധ്രപ്രദേശിൽ തലസ്ഥാന നഗര വികസനത്തിന് ധനസഹായം, സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. മറ്റ് ബജറ്റ് പ്രഖ്യാപനങ്ങൾ: എല്ലാ വിഭാഗം നിക്ഷേപകർക്കുമുള്ള ഏഞ്ചൽ ടാക്‌സ് നിർത്തലാക്കും.
ടിഡിഎസ് സംവിധാനം ലളിതമാക്കും. ഇ- കൊമേഴ്സ് വ്യാപാരത്തിന് ടിഡിഎസ് കുറച്ചു. കർഷകർക്കുള്ള ധനസഹായം 6,000 രൂപയായി തുടരും. സ്വർണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും, പ്ലാറ്റിനത്തിന്റെ 6.4 ശതമാനമായും കുറയ്ക്കും. പ്രായപൂർത്തിയാകാത്തവർക്കായി പുതിയ പെൻഷൻ സ്ക്രീം കൊണ്ടുവരും. എഫ്ഡിഐ നിയമങ്ങൾ ലളിതമാക്കും. വിദേശ നിക്ഷേപങ്ങൾക്കായി രൂപയുടെ ഉപയോഗത്തിന് മുൻഗണന നൽകാനും, പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.

സ്ത്രീ ശാക്തീകരണത്തിന് 3 ലക്ഷം കോടി. ബഹിരാകാശ മേഖലയ്ക്ക് 1,000 കോടി, പ്രധാനമന്ത്രി ആവാസ് യോജന, അർബൻ 2.0 പ്രകാരം നഗരങ്ങളിലെ പാവപ്പെട്ടവരുടെയും, ഇടത്തരക്കാരുടെയും ഭവന ആവശ്യങ്ങൾ പരിഹരിക്കും. ഇതിനായി 10 ലക്ഷം കോടി രൂപ വകയിരുത്തി. പുതിയ സ്‌കീമിൽ ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു, സ്റ്റാൻഡേഡ് ഡിഡക്ഷൻ 50000ത്തിൽനിന്ന് 75,000 രൂപയാക്കി.
കോർപറേറ്റ് നികുതി 35 ശതമാനമായി കുറച്ചു, ഇത് വിദേശ കമ്പനികൾക്ക് നേട്ടം നൽകും. കാൻസറിനുള്ള മൂന്നു മരുന്നുകളുടെ വില കുറയും, അടിസ്ഥാന വികസനത്തിനായി സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ ദീർഘകാല പലിശ രഹിത വായ്പ നൽകും. വ്യാവസായിക മേഖലയിലെ തൊഴിലാളികൾക്ക് ഡോർമിറ്ററി തരത്തിലുള്ള താമസ സൗകര്യം സജ്ജമാക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.


Click it and Unblock the Notifications








