സ്റ്റീവ് ജോബ്‌സിന്റെ വീട്ടില്‍ മോഷണം; മോഷ്ടാവിനെ കുടുക്കിയത് ഐപി അഡ്രസ്

Posted By: Staff

സ്റ്റീവ് ജോബ്‌സിന്റെ വീട്ടില്‍ മോഷണം; മോഷ്ടാവിനെ കുടുക്കിയത് ഐപി അഡ്രസ്

അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ വീട്ടില്‍ മോഷണം. മോഷ്ടാവെന്ന് സംശയിക്കുന്ന കാരിയെം മക്ഫാര്‍ലിന്‍ കേസ് വാദത്തിന് പുതിയ അറ്റോര്‍ണിയെ ചുമതലപ്പെടുത്തി. ഇക്കഴിഞ്ഞ ജൂലൈ 17നാണ് ജോബ്‌സിന്റെ വീട്ടില്‍ മോഷണം നടന്നത്. ഓഗസ്റ്റ് 2നാണ് മക്ഫര്‍ലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സ്റ്റീവ് ജോബ്‌സിന്റെ പാലോ ആള്‍ട്ടോയിലെ വീട്ടിലാണ് സംഭവം. കമ്പ്യൂട്ടറുകള്‍, ജോബ്‌സിന്റെ പഴ്‌സ് ഉള്‍പ്പടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതായാണ് റിപ്പോര്‍ട്ട്. മോഷ്ടിച്ച സാധനങ്ങള്‍ ഇയാള്‍ വിറ്റതായും കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മോഷ്ടിച്ച ഉപകരണം ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഐഫോണ്‍, ഐപാഡ്, മാക് കമ്പ്യൂട്ടര്‍, ഐപോഡ് എന്നിവയും ഒരു ഡോളര്‍ മാത്രം ഉണ്ടായിരുന്ന ജോബ്‌സിന്റെ പഴ്‌സും, ഡ്രൈവറുടെ ലൈസന്‍സും ഇയാള്‍ കവര്‍ന്നതായി പൊലീസ് പറയുന്നു. കൂടാതെ 60,000 ഡോളര്‍ വില മതിക്കുന്ന ടിഫാനി കമ്പനിയുടെ ജ്വല്ലറിയും ക്രിസ്റ്റല്‍ ഷാംപെയ്‌നും സോഡ മേക്കറും കിച്ചന്‍ ബ്ലന്‍ഡറും സ്റ്റീവിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചവയില്‍ പെടുന്നതായി പൊലീസ് വ്യക്തമാക്കി.

സുഹൃത്തുക്കള്‍ നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മക്ഫാര്‍ലിനെ കുടുക്കിയതും ആപ്പിളിന്റെ സഹകരണത്തോടെയാണ്. ഇയാള്‍ സ്വന്തം ഐട്യൂണ്‍സ് അക്കൗണ്ട്  ഉപയോഗിച്ച് ഉപകരണങ്ങളില്‍ ഒന്നില്‍ നിന്നും ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആപ്പിളിലെ ടെക് വിദഗ്ധര്‍ ഐപി അഡ്രസ് കണ്ടെത്തി അന്വേഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു. പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് 35കാരനായ മക്ഫാര്‍ലിന്‍ സ്റ്റീവിന്റെ വിധവയ്ക്ക് ക്ഷമാപണമായി കത്തയച്ചെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ എട്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot