ആശാനെ വാരി നിലത്തടിച്ച് മസ്ക് പരിശീലനം തുടങ്ങി; സക്കർബർഗുമായുള്ള ഇടി ട്വിറ്റർ ലൈവ് കാണിക്കുമോ?
മെറ്റ സിഇഒ മാർക്ക് സക്കർബർഗുമായുള്ള കേജ് മത്സരം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചു നിൽക്കേ, ജിയു- ജിറ്റ്സു പരിശീലനം നടത്തി ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ഇടിക്കൂട്ടിൽ മസ്കും സക്കർബർഗും ഏറ്റുമുട്ടുമോ എന്ന ആകാംക്ഷ തുടരുന്നതിനിടെയാണ് മസ്ക് പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.
പോഡ്‌കാസ്റ്ററും എഐ ഗവേഷകനുമായ ലെക്‌സ് ഫ്രിഡ്‌മാനൊപ്പമാണ് മസ്ക് പരിശീലനം നടത്തിയത്. ജിയു-ജിറ്റ്സു ഫസ്റ്റ്-ഡിഗ്രി ബ്ലാക്ക് ബെൽറ്റ് ഉടമയാണ് ലെക്‌സ് ഫ്രിഡ്‌മാൻ. മസ്കിനെ പരിശീലിപ്പിച്ചതിന്റെ ദൃശ്യങ്ങൾ ഫ്രിഡ്‌മാൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. മസ്ക്- സക്കർബർഗ് പോരാട്ടം ഉണ്ടാകുമെന്ന പ്രതീക്ഷകളും ഇതോടെ വർധിച്ചിരിക്കുകയാണ്.

ഫ്രിഡ്മാന്റെ ട്വിറ്റർ പോസ്റ്റ് മിനിറ്റുകൾക്കകം തന്നെ ട്വിറ്ററിൽ വൈറലായി. മസ്ക്- സക്കർബർഗ് ഇടി യഥാർഥത്തിൽ നടന്നാൽ ഉണ്ടാകുന്ന ആവേശത്തിന്റെ സാമ്പിൾ ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽത്തന്നെ പ്രകടമാണ്. പരിശീലനത്തിനിടെ ഫ്രിഡ്മാനെ മസ്‌ക് നിലത്തു കുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് മസ്ക് ആരാധകരിൽ ആവേശം ഇരട്ടിയാക്കി.
മസ്കുമായുള്ള പരിശീലനത്തിന്റെ വിവരങ്ങളും ഫ്രിഡ്മാൻ പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു. മസ്കിന്റെ ആരോഗ്യത്തിൽ താൻ വളരെ സന്തുഷ്ടനാണെന്നാണ് പോസ്റ്റിൽ അദ്ദേഹം പറയുന്നത്. "ഇന്നലെ ഇലോൺ മസ്കുമൊത്ത് ഏതാനും മണിക്കൂറുകൾ ഞാൻ ഒരു അപ്രതീക്ഷിത പരിശീലന സെഷൻ നടത്തി. കാലുകളിലും നിലത്തിലുമുള്ള അവന്റെ ശക്തിയും കഴിവും എന്നിൽ അത്യധികം മതിപ്പുളവാക്കി''.

''അത് ഐതിഹാസികമായിരുന്നു. ഇലോണും മാർക്കും ആയോധന കലകൾ ചെയ്യുന്നത് കാണുന്നത് ശരിക്കും പ്രചോദനമാണ്, പക്ഷേ അവർ ആയോധനകലകൾ പരിശീലിക്കുകയും ഇടിക്കട്ടിൽ ഏറ്റുമുട്ടാതിരിക്കുകയും ചെയ്താൽ ലോകത്തിന് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ഞാൻ കരുതുന്നു'' എന്നാണ് ഫ്രിഡ്‌മാൻ പറയുന്നത്. ഇരുവരും എന്തുതീരുമാനം എടുത്താലും താൻ അവർക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കിന്റെ എതിരാളി മാർക്ക് സക്കർബർഗും നേരത്തെ ഫ്രിഡ്‌മാനൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്. ദീർഘനാളായി ജിയു- ജിറ്റ്സു പരിശീലനം നടത്തിവരുന്നയാളാണ് സക്കർബർഗ്. ചില ടൂർണമെന്റുകളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. സക്കർബർഗുമൊത്തുള്ള പരിശീലന വീഡിയോ ഫ്രിഡ്മാൻ നേരത്തെ പങ്കുവച്ചിരുന്നു. മസ്കിനെ പരിശീലനത്തിനായി ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മസ്ക് ക്ഷണം സ്വീകരിച്ച് പരിശീലനത്തിനെത്തിയത്.
സക്കർബർഗുമായി യഥാർഥത്തിൽ ഇടി നടന്നാൽ അദ്ദേഹത്തിന്റെ ദൗർബല്യങ്ങൾ അറിയുന്ന ഫ്രിഡ്മാന്റെ പിന്തുണ സഹായിക്കുമെന്ന് മസ്ക് കണക്കുകൂട്ടുന്നുണ്ടാകാം. എന്തായാലും ഒരാഴ്ചയിലേറെയായി മസ്ക്- സക്കർബർഗ് ഇടി നടക്കുമോ എന്ന ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ. ഇതു സംബന്ധിച്ച നിരവധി ട്രോളുകളും കമന്റുകളും ട്വിറ്ററിൽ നിറയുകയാണ്. ഇടി ട്വിറ്റർ ലൈവ് സ്ട്രീം ചെയ്യുമോ എന്നാണ് ഒരു ഉപയോക്താവ് ചോദിച്ചത്.
അടുത്തിടെ ട്വിറ്റർ ദൈർഘ്യമുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ അനുമതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രസകരമായ ഇത്തരമൊരു ചോദ്യം ഉയർന്നത്. തമാശയായിട്ടാണ് ചോദ്യം എങ്കിലും മസ്ക്- സക്കർബർഗ് പോരാട്ടം എന്നതുപോലെ തന്നെ ഇടി ട്വിറ്റർ ലൈവ് സ്ട്രീം ചെയ്യുക എന്നതിലും ഒരുപാട് വാണിജ്യ സാധ്യതകൾ നിലനിൽക്കുന്നു.
മസ്ക് - സക്കർബർഗ് പോരാട്ടം നടന്നാൽ അതിന്റെ ആഗോള സ്ട്രീമിങ് കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡുകൾ സൃഷ്ടിക്കും എന്നത് തർക്കമില്ലാത്ത കാര്യമാണ്. രസകരമായ മറ്റ് നിരവധി കമന്റുകളും ഇടി സംബന്ധിച്ച് ട്വിറ്ററിൽ നിറയുന്നുണ്ട്. ചിലർ ഇലോൺ മസ്കിന് ജന്മദിനാശംസകൾ ഉൾപ്പെടെ നേരുന്നുണ്ട്. ഇടി നടന്ന് മസ്ക് ജയിച്ചാൽ അത് മസ്കിന്റെ പുനർജന്മം ആയിരിക്കുമെന്നാണ് ഇവർ പറയുന്നത്.

സക്കർബർഗ് ജിയു-ജിറ്റ്സു ചാമ്പ്യൻ ആയതിനാൽ മസ്ക് തോൽക്കും എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മറ്റുചില ട്വിറ്റർ ഉപയോക്താക്കൾ ജയിക്കാനുള്ള കപ്പാസിറ്റി മസ്കിന് ഉണ്ടെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. നിരവധി തിരക്കുകളുള്ള മസ്ക് പരിശീലനത്തിന് മുന്നിട്ടിറങ്ങിയതിൽ ചില ട്വിറ്റർ യൂസേഴ്സ് ആശ്ചര്യം രേഖപ്പെടുത്തി. മസ്ക് ഇത് എന്തിനുള്ള പുറപ്പാടാണ് എന്നാണ് മറ്റുചിലർ ചോദിക്കുന്നത്.
ട്വിറ്ററിന്റെ എതിരാളിയായി മെറ്റ ത്രെഡ്സ് എന്നൊരു പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ തയാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിനെച്ചൊല്ലി ആരംഭിച്ച തർക്കങ്ങളും പ്രതികരണങ്ങളുമാണ് കേജ് മാച്ച് എന്നതിലേക്ക് എത്തിയത്. ജിയു-ജിറ്റ്സു ചാമ്പന്യായ സക്കർബർഗിനെ വെല്ലുവിളിച്ച് മസ്ക് ആണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഈ വെല്ലുവിളി ഏറ്റെടുത്ത സക്കർബർഗ് സ്ഥലം പറഞ്ഞോ താൻ റെഡിയാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.
അവിടം മുതൽ കളി കാര്യമായിത്തുടങ്ങിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സക്കർബർഗിന്റെ പ്രതികരണത്തിന് പിന്നാലെ ഇടിക്ക് വേദിയായി മസ്ക് 'വെഗാസ് ഒക്ടഗൺ' നിർദേശിച്ചു. അതോടെ ഇരുവരും ഏറ്റുമുട്ടും എന്ന അഭ്യൂഹങ്ങൾക്ക് ശക്തി കൂടി. മസ്കിനെ പരിശീലിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്ത് ലോകചാമ്പ്യൻ ടെറ്റെ അടക്കം രംഗത്തെത്തിയിരുന്നു. അതേസമയം കായികമായി ഏറ്റുമുട്ടരുതെന്നും വാക്കുകൾകൊണ്ട് പോരാടാനുമായിരുന്നു മസ്കിനോടുള്ള അമ്മയുടെ ഉപദേശം.
Image credit: Lex Fridman Twitter


Click it and Unblock the Notifications








