സുഹൃത്തിനെ വിളിക്കാൻ നമ്പരൊന്നും വേണ്ട! ട്വിറ്ററിൽ വീഡിയോ, ഓഡിയോ കോൾ സംവിധാനം എത്തുന്നു
ട്വിറ്ററിലെ(X) ഏതെങ്കിലും സുഹൃത്തിനെ വിളിക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ. മുൻപായിരുന്നെങ്കിൽ അങ്ങനെ തോന്നിയിട്ടും കാര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇനി അങ്ങനെയല്ല. വിളിക്കാൻ തോന്നിയാൽ അപ്പോൾത്തന്നെ വിളിച്ചോണം, അതിനായി അവരുടെ നമ്പർ പോലും അന്വേഷിച്ച് കഷ്ടപ്പെടേണ്ടതില്ല. കാരണം യൂസേഴ്സിനായി ഓഡിയോ, വീഡിയോ കോളുകൾക്കായി പുതിയ സൗകര്യം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ.
കമ്പനി വീഡിയോ, ഓഡിയോ കോളുകൾ ആരംഭിക്കാൻ പോകുന്ന വിവരം എക്സ് (പഴയ ട്വിറ്റർ) ഉടമയായ ഇലോൺ മസ്ക് തന്നെയാണ് ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ആരെയെങ്കിലും വിളിക്കണമെങ്കിൽ ഇനി ഫോൺ നമ്പരൊന്നും ആവശ്യമില്ലെന്നും, ട്വിറ്ററിൽ തന്നെ ഓഡിയോ, വീഡിയോ കോൾ സൗകര്യം ഉണ്ടാകുമെന്നും മസ്ക് പറയുന്നു.

എക്സ് എന്നതിനെ ഒരു ആഗോള സൂപ്പർ ബ്രാൻഡ് ആക്കാനുള്ള നീക്കത്തിലാണ് മസ്ക്. അതിന്റെ ഭാഗമായാണ് ട്വിറ്ററിനെ എക്സ് എന്ന് റീബ്രാൻഡ് ചെയ്ത് ലോഗോ അടക്കം മാറ്റിയത്. പുതിയ നിരവധി പരീക്ഷണങ്ങൾ എക്സിൽ നടത്താൻ മസ്ക് ലക്ഷ്യമിടുന്നു. അത്തരത്തിലൊരു നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഓഡിയോ, വീഡിയോ കോളിങ് സൗകര്യം ട്വിറ്ററിൽ അവതരിപ്പിക്കുന്നത്.
കുറച്ചു നാൾ മുമ്പ് ദൈർഘ്യമുള്ള വീഡിയോകളും അപ്ലോഡ് ചെയ്യാനുള്ള സൗകര്യമടക്കം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതും മസ്കിന്റെ പരിഷ്കരണ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന കോളിങ് സൗകര്യം എന്ന് മുതലാണ് എക്സിൽ ലഭ്യമാകുക എന്ന് മസ്ക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ആൻഡ്രോയിഡ്, ഐഒഎസ്, മാക്, പിസി എന്നിവയിൽ ഈ പുതിയ ഫീച്ചർ ലഭ്യമാകും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ട്വിറ്ററിൽ ഓഡിയോ, വീഡിയോ കോൾ ഫീച്ചർ എത്തുന്നതിന്റെ സൂചന ഇതിനകം തന്നെ പുറത്തുവന്നിരുന്നു. നേരത്തെ, കമ്പനിയുടെ ഡിസൈനർ ആൻഡ്രൂ കോൺവേ ജൂലൈയിൽ ഈ ഫീച്ചറിന്റെ സ്ക്രീൻഷോട്ടുകൾ പങ്കിട്ടിരുന്നു. ഈ സ്ക്രീൻഷോട്ട് പ്രകാരം, ഡിഎം സ്‌ക്രീനിന്റെ മുകളിൽ ഇടതുവശത്തായി ഓഡിയോ, വീഡിയോ കോൾ ഓപ്ഷനുകൾ നൽകിയിരുന്നു.
എങ്കിലും പുതിയ ഫീച്ചറിനെ സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. കോളിങ് ഫീച്ചർ ബ്ലൂ സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണോ ലഭ്യമാവുക എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ചാറ്റ്, കോളുകൾ, ബാങ്കിംഗ്, പേയ്‌മെന്റ് സേവനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ആപ്പ് ആക്കി എക്സിനെ മാറ്റുമെന്നാണ് മസ്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിന്റെ ഭാഗമായാണ് വാട്സ്ആപ്പ്, മെസഞ്ചർ പോലുള്ള പ്ലാറ്റ്ഫോമുകളിലേതിന് സമാനമായ ഫീച്ചറുകൾ എക്സിലും കൊണ്ടുവരുന്നത്. പുതിയ ഫീച്ചർ വരുമ്പോൾ ആരെയെങ്കിലും വിളിക്കാൻ ഉപയോക്താക്കൾ കോണ്ടാക്ട്സ് തിരയേണ്ടതില്ലെന്നും എക്സ് ആണ് ഏറ്റവും ഫലപ്രദമായ ആഗോള അഡ്രസ് എന്നും മസ്ക് പറയുന്നു. അതുല്യമായ ഘടകങ്ങളുടെ കൂട്ടമാണ് എക്സ് എന്നും മസ്ക് പറയുന്നു.
അതുല്യം എന്നാണ് കോളിങ് ഫീച്ചറിന്റെ വരവിനെ മസ്ക് വിശേഷിപ്പിക്കുന്നത്. എക്സിലെ പുതിയ ഡിഎം മെനുവിന്റെ രൂപകല്പന ഫെയ്സ്ബുക്ക് മെസഞ്ചർ, വാട്‌സ്ആപ്പ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളുടേതിന് സമാനമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ എക്സ് സിഇഒ ലിൻഡ യാക്കാരിനോ പുതിയ ഫീച്ചറിന്റെ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
എക്സിലെ ആശയവിനിമയം വർദ്ധിപ്പിക്കാനും ഉപയോക്താക്കൾക്ക് പരസ്‌പരം ഇടപഴകുന്നതിന് കൂടുതൽ ഓപ്ഷനുകൾ നൽകാനും ഉദ്ദേശിച്ചുള്ളതാണ് മാറ്റം എന്നാണ് എക്സ് സിഇഒ വ്യക്തമാക്കുന്നത്. പുതിയ ഓഡിയോ, വീഡിയോ കോളിംഗ് ഫീച്ചറുകൾ വരും ആഴ്ചകളിൽ എല്ലാ എക്സ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെറ്റയ്ക്കെതിരേയുള്ള മസ്കിന്റെ മറുപണിയായും ഈ ഫീച്ചറിനെ കാണുന്നവരുണ്ട്.

മസ്കും മെറ്റ സിഇഒ മാർക്ക് സക്കർബർഗും തമ്മിൽ കടുത്ത വാഗ്വാദങ്ങളാണ് അടുത്തകാലത്തായി നടക്കുന്നത്. എക്സിന് ബദലായി മെറ്റ ഇൻസ്റ്റഗ്രാമിനോട് അനുബന്ധിച്ച് ത്രെഡ്സ് എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചത് മസ്കിനെ ഏറെ ചൊടിപ്പിച്ചിരുന്നു. ഇരുവരും തമ്മിൽ രൂക്ഷമായ പോർവിളിയാണ് ഇതിനെത്തുടർന്ന് ഉണ്ടായത്. അതിനാൽത്തന്നെ മെറ്റയ്ക്കുള്ള മസ്കിന്റെ മറുപണിയായും കോളിങ് ഫീച്ചറിനെ കാണുന്നവരുണ്ട്.
ഉപയോക്താക്കൾക്ക് എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാറ്റ്ഫോം ആക്കി എക്സിനെ മാറ്റുക, എക്സ് ബ്രാൻഡിനെ ആഗോള തലത്തിൽ ഒന്നാമതാക്കുക എന്നിങ്ങനെ വമ്പൻ മോഹങ്ങളാണ് മസ്കിനുള്ളത്. ഇതിന്റെ ഭാഗമായി ലിങ്ക്ഡ്ഇന്നിന് സമാനമായി ''ഹൈറിംഗ്സ്" എന്ന പുതിയ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് ഫീച്ചറും മസ്ക് അവതരിപ്പിച്ചിരുന്നു.
തൊഴിലന്വേഷകർക്കും തൊഴിലുടമകൾക്കും ഇടം നൽകിക്കൊണ്ട് നിയമനം ലളിതമായും സുഗമമായും നടത്താൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാക്കി എക്സിനെ മാറ്റാൻ ഹൈറിംഗ്സ്" ഫീച്ചറിലൂടെ മസ്ക് ലക്ഷ്യമിടുന്നു. നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. അമേരിക്കയിലെ തെരഞ്ഞെടുത്ത സ്ഥാപനങ്ങൾക്ക് മാത്രമേ ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കൂ. ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ ഫീച്ചർ അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് മസ്‌ക് പറയുന്നു.
Image credit: Ramji Rao speaking movie clip


Click it and Unblock the Notifications








