ലൂഡോയും കാൻഡിക്രഷും കോൾ ഓഫ് ഡ്യൂട്ടിയുമൊക്കെ കളിക്കാറുണ്ടോ? പണി വരുന്നുണ്ടെന്ന് കൂടി അറിഞ്ഞിരിക്കണം
മൊബൈൽ ഫോണുകളിൽ നാം ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകൾ നമ്മുടെ ഡാറ്റ ശേഖരിക്കുന്നത് ഒരു പുതിയ കാര്യമൊന്നുമില്ല. ആൻഡ്രോയിഡിലും ഐഒഎസിലുമൊക്കെ ധാരാളം സുരക്ഷ ക്രമീകരണങ്ങളുണ്ടെങ്കിലും നാം നൽകുന്ന പെർമിഷനുകളിലൂടെ ആപ്പുകൾ നമ്മുടെ ഡാറ്റ കൈക്കലാക്കുന്നു. ഡാറ്റയെന്ന് പറയുമ്പോൾ നമ്മെ സംബന്ധിച്ച സ്വകാര്യവിവരങ്ങൾ പോലും ആക്സസ് ചെയ്യാൻ ഇവയ്ക്ക് കഴിയും.
പ്ലാറ്റ്ഫോം മെച്ചപ്പെടുത്തുന്നതിനും നല്ല സർവീസ് നൽകുന്നതിനും എന്നൊക്കെയാണ് ഇത്തരത്തിൽ യൂസേഴ്സിന്റെ ഡാറ്റ ശേഖരിക്കുന്നതിന് ആപ്പുകളും കമ്പനികളും നൽകുന്ന വിശദീകരണം. പെർമിഷൻ റിക്വസ്റ്റ് നൽകി യൂസറിന്റെ അനുവാദത്തോടെ തന്നെയാണ് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം. ആപ്പുകൾ നേരാവണ്ണം ഉപയോഗിക്കേണ്ടതിനാൽ ഈ പെർമിഷനുകൾ നൽകാതിരിക്കാനും നമുക്കാകില്ല. ആപ്പുകളുടെ കാര്യത്തിൽ ഇന്നിതൊരു സാധാരണ രീതിയായും മാറിയിട്ടുണ്ട്.

ചില ആപ്ലിക്കേഷനുകൾ തങ്ങളുടെ സേവനങ്ങൾ നൽകാൻ ആവശ്യമായ ഡാറ്റ മാത്രമാണ് ഉപയോഗപ്പെടുത്താറുള്ളത്. എന്നാൽ മറ്റ് ചില ആപ്ലിക്കേഷനുകളാകട്ടെ ഒരു നിയന്ത്രണവുമില്ലാതെ എല്ലാത്തരം ഡാറ്റയും ആക്സസ് ചെയ്യുന്നു. ഇക്കൂട്ടത്തിൽ തന്നെയുള്ള ചില ആപ്ലിക്കേഷനുകൾ യൂസർമാരുടെ സ്വകാര്യ ഡാറ്റകൾ മറ്റ് തേർഡ് പാർട്ടി ഡാറ്റ ബ്രോക്കേഴ്സിന് മറിച്ച് വിൽക്കുകയും ചെയ്യുന്നു. ലൊക്കേഷൻ വിവരങ്ങൾ മുതൽ വ്യക്തികളുടെ ദിനചര്യകൾ വരെ ഈ രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
യൂസേഴ്സിന്റെ ഡാറ്റ ആക്സസ് ചെയ്യുന്ന ഗെയിം ആപ്പുകളെക്കുറിച്ച് പ്രമുഖ വിപിഎൻ സേവനദാതാവായ സർഫ് ഷാക്ക് ഒരു പഠനം പുറത്തിറക്കിയിരുന്നു. ഡാറ്റ ഹംഗ്രിനസ് ഇൻഡക്സിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ ജനപ്രിയ മൊബൈൽ ഗെയിമുകളെ റാങ്ക് ചെയ്തിട്ടുമുണ്ട്. ശേഖരിച്ച ഡാറ്റയും അതിന്റെ സെൻസിറ്റീവിറ്റിയെയും അടിസ്ഥാനപ്പെടുത്തി പോയിന്റുകളും നൽകുന്നു. ആപ്പുകൾ ആക്സസ് ചെയ്യുന്ന 32 ഡാറ്റ പോയിന്റുകളും റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.
കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ, കാൻഡി ക്രഷ് സാഗ, കാരം പൂൾ ഡിസ്‌ക് ഗെയിം എന്നിവയാണ് സ്വകാര്യതയുടെ കാര്യത്തിൽ ഏറ്റവും മോശം ഗെയിമിങ് ആപ്പുകളായി റിപ്പോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ആപ്പുകൾ ഫോട്ടോകൾ, വീഡിയോകൾ, ലൊക്കേഷൻ ഡാറ്റ, കോൺടാക്റ്റുകൾ എന്നിവയടക്കം 17 വ്യത്യസ്ത ഡാറ്റ പോയിന്റുകൾ ഉപയോഗപ്പെടുത്തുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പഠനത്തിന് വിധേയമാക്കിയ 50 ഗെയിം ആപ്പുകളിൽ 38 എണ്ണവും തേർഡ് പാർട്ടി പരസ്യങ്ങൾക്കായി ഡാറ്റ ഷെയർ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഈ മൂന്ന് ഗെയിമുകളും കൃത്യമായി യൂസർ ലൊക്കേഷൻ ഡാറ്റ ശേഖരിക്കുന്നുണ്ടെന്നാണ് സർഫ്ഷാർക്ക് റിപ്പോർട്ടിൽ പറയുന്നത്. ഏതെങ്കിലും ആപ്പുകൾക്ക് പ്രിസൈസ് ലൊക്കേഷൻ ഡാറ്റ ആക്സസ് ചെയ്യാൻ കഴിഞ്ഞാൽ യൂസറിന്റെ ഹോം അഡ്രസ്, ജോലി സ്ഥലം, ജീവിതചര്യ, സ്ഥിരം സന്ദർശിക്കുന്ന സ്ഥലങ്ങൾ എന്നിവയെല്ലാം അവർക്ക് ആക്സസ് ചെയ്യാനോ നേരത്തെ പറഞ്ഞത് പോലെ തേർഡ് പാർട്ടി എജൻസികൾക്കും ഡാറ്റ ബ്രോക്കേഴ്സിനുമൊക്കെ ഷെയർ ചെയ്യാനോ സാധിക്കും.
അഡ്വർടൈസിങ് എജൻസികൾക്കും മറ്റും യൂസേഴ്സിന്റെ പ്രിസൈസ് ലൊക്കേഷൻ ഡാറ്റ സ്വർണംപോലെ വിലപിടിച്ചതാണെന്നതാണ് യാഥാർഥ്യം. കാരണം യൂസറിന്റെ ലൊക്കേഷൻ അനുസരിച്ചുള്ള പരസ്യങ്ങൾക്കും പ്രമോഷനുകൾക്കുമായായി ഇത് ഉപയോഗപ്പെടുത്താൻ അവർക്ക് കഴിയും. ഇതേ ഡാറ്റ തട്ടിപ്പുകാർക്കും സ്കാമേഴ്സിനും ദുരുപയോഗം ചെയ്യാനും സാധിക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള രണ്ട് ഗെയിമുകളാണ് ലൂഡോ കിംഗും സബ്‌വേ സർഫേഴ്സും. റാങ്കിങിൽ 38, 7 സ്ഥാനങ്ങളാണ് ഇവയ്ക്കുള്ളത്.
ട്രാഫിക് റൈഡർ, മിനി മിലിറ്റിയ, എമങ്ങ് അസ് എന്നിവയൊക്കെയാണ് സർഫ്ഷാർക്കിന്റെ പഠനത്തിൽ യൂസേഴ്സിന്റെ സ്വകാര്യതയിലേക്ക് ഏറ്റവും കുറഞ്ഞ കടന്നു കയറ്റം നടത്തുന്നത്. എഴ് ഡാറ്റ പോയിന്റുകൾ വരെയാണ് ഈ ആപ്പുകൾ ശേഖരിക്കുന്നത്. മറ്റ് ആപ്പുകൾ ശേഖരിക്കുന്ന അമിത വിവരങ്ങൾ ആപ്പ് പ്രവർത്തിക്കുന്നതിന് ആവശ്യമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഏത് ആപ്പിനായാലും അമിതമായി പെർമിഷനുകൾ നൽകാതിരിക്കുന്നതാണ് നല്ലതെന്ന് സാരം.


Click it and Unblock the Notifications