എഐ ഗൂഗിളിന്റെ അടിവേര് ഇളക്കുമോ? ബാർഡ് നുണയൻ, ഉപദേശം കേട്ടാൽ പെട്ടുപോകുമെന്ന് ജീവനക്കാർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിപ്രാപിക്കുന്നതോടെ ആളുകൾക്ക് ജോലി നഷ്ടമായാലും ഇല്ലെങ്കിലും ഗൂഗിളിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എഐയുമായി ബന്ധപ്പെട്ട് ഗൂഗിൾ തൊട്ടതും പിടിച്ചതുമെല്ലാം അവർക്കുതന്നെ പണിയായിക്കൊണ്ടിരിക്കുകയാണ്. ടെക്നോളജി രംഗത്തെ വമ്പനായിട്ടും ശക്തമായ എഐ പ്ലാറ്റ്ഫോം രംഗത്തിറക്കാനുള്ള ഗൂഗിളിന്റെ ശ്രമങ്ങൾ ഇതുവരെയും എങ്ങുമെത്തിയിട്ടില്ല.
ഓപ്പൺഎഐ അവതരിപ്പിച്ച ചാറ്റ്ജിപിടിയുടെ വരവോടെ തന്നെ ഗൂഗിളിന്റെ തലവേദന ആരംഭിച്ചിരുന്നു. അപകടം മണത്ത ഗൂഗിൾ ബാർഡ് എന്ന പേരിൽ തങ്ങളുടെ എഐ പ്ലാറ്റ്ഫോം അടിയന്തരമായി പുറത്തിറക്കി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എന്നാൽ എഐ ഇല്ലാത്തതിന്റെ നാണക്കേടിനേക്കാൾ ഇരട്ടി പേരുദോഷമാണ് ഗൂഗിളിന് ബാർഡ് ഉണ്ടാക്കിവച്ചത്.

ആ ബാർഡിനെ കൂടുതൽ കരുത്തനാക്കി അടുത്തമാസം വീണ്ടും പുറത്തിറക്കാൻ ഗൂഗിൾ കഠിനമായി പരിശ്രമിച്ച് വരികയാണ്. ഇതിനിടെ ബാർഡിനെ തള്ളിപ്പറഞ്ഞ് സ്വന്തം ജീവനക്കാർ തന്നെ രംഗത്തെത്തിയത് ഗൂഗിളിനെ കൂടുതൽ നാണം കെടുത്തുകയും കമ്പനിയിലെ പ്രതിസന്ധി വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ബാർഡ് അവതരിപ്പിക്കപ്പെട്ടത് തിടുക്കപ്പെട്ടാണ് എന്ന് നേരത്തെ തന്നെ ജീവനക്കാർക്കിടയിൽ വിമർശനം ഉണ്ടായിരുന്നു.
ആ വിമർശനങ്ങൾ ഇപ്പോഴും ശക്തമായി തുടരുന്നുവെന്നും ബാർഡിന്റെ പ്രവർത്തനങ്ങളിൽ ജീവനക്കാർ തൃപ്തരല്ലെന്നും ബ്ലൂബർഗ് റിപ്പോർട്ട് ചെയ്യുന്നു. ചാറ്റ്ജിപിടിക്ക് ബദലായാണ് ഗൂഗിൾ ബാർഡിനെ തിരക്കുപിടിച്ച് അവതരിപ്പിച്ചത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം ചാറ്റ്ജിപിടി സൃഷ്ടിച്ച തരംഗം ഗൂഗിളിനെ ഭയപ്പെടുത്തി. തുടർന്ന് ഫെബ്രുവരിയിൽ ഗൂഗിൾ ബാർഡിനെ ലോകത്തിന് പരിചയപ്പെടുത്തി.

എന്നാൽ പരിചയപ്പെടുത്തൽ ചടങ്ങിൽ തന്നെ ബാർഡിന്റെ പോരായ്മകൾ വ്യക്തമാക്കപ്പെട്ടതോടെ ഗൂഗിൾ പ്രതിരോധത്തിലായിരുന്നു. തുടർന്ന് ബാർഡിന്റെ തെറ്റുകൾ പരിഹരിക്കാൻ കമ്പനി ജീവനക്കാരുടെ സഹായം തേടുകയും സഹായിക്കുന്നവർക്ക് പ്രോത്സാഹനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് 80,000-ത്തിലധികം ജീവനക്കാർ ബാർഡിനെ പരീക്ഷിക്കാൻ സഹായിച്ചതായും അവർക്ക് ഇമെയിൽ വഴി നന്ദി അറിയിച്ചതായും സിഇഒ സുന്ദർ പിച്ചൈ വെളിപ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ ബാർഡിന്റെ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ജീവനക്കാരുടെ പ്രതികരണങ്ങളാണ് ഇപ്പോൾ വിവാദവും ചർച്ചയുമായിരിക്കുന്നത്. ബാർഡിനെ പരീക്ഷിച്ച ചില ഗൂഗിൾ ജീവനക്കാർ എഐ ചാറ്റ്ബോട്ടിൽ തൃപ്തരല്ലെന്നും 'പാത്തോളജിക്കൽ നുണയൻ', 'യൂസ്ലെസ്' എന്നൊക്കെയാണ് ജീവനക്കാർ അതിനെ വിശേഷിപ്പിച്ചത് എന്നുമായിരുന്നു ബ്ലൂംബർഗിന്റെ റിപ്പോർട്ട്. ബാർഡിന്റെ ഉപദേശം കേട്ടാൽ ഗുരുതര പരുക്കുകളോ മരണമോവരെ സംഭവിച്ചേക്കാമെന്നും ഒരു ജീവനക്കാരൻ മുന്നറിയിപ്പ് നൽകി.
നിലവിൽ ഗൂഗിളിൽ ജോലിചെയ്യുന്നതും നേരത്തെ ജോലി ചെയ്തിരുന്നവരുമായ 18 ജീവനക്കാരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലൂംബർഗ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനിക്കുള്ളിൽ ജീവനക്കാർ നടത്തിയ ആശയവിനിമയത്തിന്റെ സ്ക്രീൻഷോട്ടുകളും ബ്ലൂബർഗിന് ലഭ്യമായി. വിമാനം ലാൻഡ് ചെയ്യിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഏറെ അപകടകരമായ ഉത്തരമാണ് ബാർഡ് നൽകിയതെന്ന് ഒരു ജീവനക്കാരൻ വെളിപ്പെടുത്തി.
സ്കൂബ ഡൈവിംഗിനെക്കുറിച്ചുള്ള ബാർഡിന്റെ ഉത്തരങ്ങൾ 'പരിക്കിലോ മരണത്തിലോ' കലാശിക്കുമെന്ന് മറ്റൊരു ജീവനക്കാരൻ എഴുതി. പുതിയ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ധാർമ്മിക പ്രത്യാഘാതങ്ങളും പരിപാലിക്കാൻ ഉത്തരവാദപ്പെട്ട ജീവനക്കാരോട് 'എഐ വികസനത്തിന്റെ വഴി തടയുകയോ ഏതെങ്കിലും ജനറേറ്റീവ് എഐ ടൂളുകളെ നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്' എന്ന് പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ബാർഡുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ബ്ലൂംബർഗ് ഗൂഗിളിന്റെ പ്രതികരണം തേടിയപ്പോൾ ഉത്തരവാദിത്തമുള്ള എഐ പ്ലാറ്റ്ഫോം രംഗത്തിറക്കാനാണ് തങ്ങൾ ശ്രമിച്ചുവരുന്നത് എന്ന് ഗൂഗിൾ വ്യക്തമാക്കി. എഐ തംരംഗമായതുമുതൽ ഗൂഗിളിൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ ഇല്ലാതിരുന്ന ഒരു ഭയം ഇപ്പോൾ ഗൂഗിൾ നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കാര്യമായ എതിരാളികളില്ലാതെ സെർച്ച് എൻജിൻ രംഗം അടക്കിഭരിച്ചിരുന്ന ഗൂഗിളിന് ഇപ്പോൾ ആ മേഖലയിൽ അടിപതറിത്തുടങ്ങിയിരിക്കുന്നു എന്ന റിപ്പോർട്ടുകളും എത്തിയിട്ടുണ്ട്. ചാറ്റ്ജിപിടിയുടെ പ്രധാന സ്പോൺസറായ മൈക്രോസോഫ്ട് തങ്ങളുടെ ബിങ്ങിൽ ചാറ്റ്ജിപിടിക്ക് സമാനമായ എഐ സംവിധാനം അവതരിപ്പിച്ചതാണ് ഗൂഗിളിന് വെല്ലുവിളി ഉയർത്തിയത്. എഐ പിന്തിണ എത്തിയതോടെ ബിങ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്.
കാലങ്ങളായി തുടരുന്ന കുത്തക കൈവിട്ട് പോകുമോയെന്ന് ഗൂഗിൾ ഭയക്കുന്ന അതേ സമയത്തുതന്നെയാണ് സാംസങ് തങ്ങളുടെ ആൻഡ്രോയിഡ് ഫോണുകളിലെ സ്ഥിരം ബ്രൗസർ സ്ഥാനത്തുനിന്ന് ഗൂഗിളിനെ മാറ്റി പകരം ബിങ്ങിനെ കൊണ്ടുവരാൻ ആലോചിക്കുന്നു എന്ന വാർത്തയും പുറത്തെത്തിയിരിക്കുന്നത്. ഇതും ഗൂഗിളിന്റെ പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.
പലവിധത്തിൽ എഐ ഉയർത്തുന്ന വെല്ലുവിളികളിൽനിന്നെല്ലാം രക്ഷപ്പെടാൻ ഗൂഗിളിന്റെ മുന്നിലുള്ള ഏക മാർഗം നിലവിലുള്ള എല്ലാ എഐ പ്ലാറ്റ്ഫോമുകളെക്കാളും മെച്ചപ്പെട്ട ഒരു എഐ സൃഷ്ടിച്ചെടുക്കുക എന്നതാണ്. സ്വന്തം ജീവനക്കാർ പോലും തള്ളിപ്പറഞ്ഞ ബാർഡിനെ ഈ വെല്ലുവിളികൾ നേരിടാൻ പ്രാപ്തിയുള്ള നിലയിലേക്ക് വളർത്തിയെടുക്കാൻ സുന്ദർ പിച്ചൈയ്ക്ക് കഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications