ഇപ്പൊ എങ്ങനെ ഇരിക്കണ്! 'മാഗി' വരും വരെ കാക്കില്ല, ഗൂഗിളിനെ കളഞ്ഞ് ബിങ്ങിനെ കൂടെക്കൂട്ടാൻ സാംസങ് ആലോചന
ചാറ്റ്ജിപിടി ഗൂഗിൾ സെർച്ചിന് കനത്ത വെല്ലുവിളിയാകുമെന്ന് തുടക്കത്തിൽ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അമിത ആത്മവിശ്വാസം കൊണ്ടാണോ, തങ്ങൾ പിന്നിലാണെന്ന് സമ്മതിക്കാനുള്ള മടികൊണ്ടാണോയെന്ന് വ്യക്തമല്ലെങ്കിലും, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ അത്തരം വാദങ്ങളെയെല്ലാം നിഷ്ക്കരുണം തള്ളുകയാണ് ചെയ്തത്. ഗൂഗിളിന് എതിരാളിയാകാൻ ചാറ്റ്ജിപിടിക്ക് സാധിക്കില്ലെന്ന് പിച്ചൈ ആവർത്തിച്ചുകൊണ്ടേയിരുന്നു.
എന്നാൽ '' ചാറ്റ്ജിപിടിയും ചാരിനിന്ന മൈക്രോസോഫ്ട് സാംസങ്ങിനെ അടിച്ചോണ്ടുപോയി'' എന്ന് പറയാവുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ടെക്നോളജി രംഗത്തെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ഗാലക്സി സ്മാർട്ട്ഫോണുകളിലെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ സ്ഥാനത്തുനിന്ന് ഗൂഗിളിനെ ഒഴിവാക്കി പകരം ബിങ്ങിനെ കൊണ്ടുവരാൻ സാംസങ് ആലോചിക്കുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.

ഈ റിപ്പോർട്ട് ടെക്നോളജി രംഗത്തും ഓഹരി വിപണിയിലും വൻ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗൂഗിളിനെ മാറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയുള്ള, മൈക്രോസോഫ്ടിന്റെ പുതിയ ബിങ്ങിനെ കൊണ്ടുവരാൻ സാംസങ് ആലോചിക്കുന്നുണ്ട് എന്ന് വാർത്തകൾ പരന്നെങ്കിലും സാംസങ്ങോ ഗൂഗിളോ ഇക്കാര്യത്തൽ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിരുന്നില്ല.
എന്നാൽ സാംസങ് ഇത്തരമൊരു കാര്യം ആലോചിക്കുന്നു എന്ന് പ്രചരിച്ചതോടെ ഓഹരി വിപണിയിൽ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരികളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാംസങ് അത്തരമൊരു നീക്കം നടത്തിയാൽ ഗൂഗിളിന് ഉണ്ടാകുന്ന തിരിച്ചടി വളരെ വളരെ വലുതായിരിക്കും. സാംസങ്ങുമായുള്ള കരാറിൽനിന്ന് ലഭ്യമാകുന്ന പണം നഷ്ടമാകുന്നതിന് പുറമെ ഓഹരികളും ഇടിയുന്നത് ആഘാതം വർധിപ്പിക്കും.

സാംസങ്ങിന്റെ നീക്കം വാർത്തയായതിന് പിന്നാലെ ഏപ്രിൽ 17 ന് ആൽഫബെറ്റ് ഓഹരികൾ ഏകദേശം 4 ശതമാനം ഇടിവ് നേരിട്ടു. ഗൂഗിളിന്റെ വാർഷിക വരുമാനത്തിൽ 300 കോടി ഡോളർ സാംസംഗുമായുള്ള കരാറിൽ നിന്ന് ലഭിക്കുന്നതാണ്. അതിനാൽത്തന്നെ സാംസങ് ഗൂഗിളിനെ ഒഴിവാക്കി മൈക്രോസോഫ്ടുമായി കരാറുണ്ടാക്കിയാൽ ഗൂഗിളിനുണ്ടാകുന്ന ക്ഷീണം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിലുള്ളതായിരിക്കും.
സാംസങ്ങും മൈക്രോസോഫ്ടുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഇത് സാംസങ്ങ് ഫോണുകളിൽനിന്ന് തങ്ങൾ പുറത്തേക്ക് പോകുന്നതിന്റെ സൂചനകളാണോയെന്ന് ഗൂഗിളും സംശയിക്കുന്നുണ്ട്. അതിനാൽ എത്രയും വേഗം എഐ പിന്തുണയുള്ള പുത്തൻ ഗൂഗിൾ സെർച്ച് അവതരിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ഓട്ടത്തിലാണ് ഗൂഗിൾ. അധികം വൈകാതെ തങ്ങൾ ഗൂഗിൾ സെർച്ചിൽ എഐ കൂട്ടിച്ചേർക്കുമെന്ന് കഴിഞ്ഞയാഴ്ച ഗൂഗിൾ സിഇഒ വ്യക്തമാക്കിയിരുന്നു.
സാംസങ് - മൈക്രോസോഫ്ട് നീക്കം അറിഞ്ഞിട്ട് അതിന് തടയിടാനായിരുന്നോ പിച്ചൈയുടെ പ്രഖ്യാപനം എന്ന വഴിക്കും ഇപ്പോൾ സംശയങ്ങൾ ഉയരുന്നുണ്ട്. ചാറ്റ്ജിപിടി തരംഗമായ ഘട്ടത്തിൽ തന്നെ അപകടം തിരിച്ചറിഞ്ഞ ഗൂഗിൾ ബാർഡ് എന്ന എഐ പ്ലാറ്റ്ഫോം അടിയന്തരമായി പുറത്തിറക്കിയിരുന്നു. എന്നാൽ എഐ യുദ്ധത്തിൽ ചാറ്റ്ജിപിടിക്ക് പിന്നിലായിപ്പോകാതിരിക്കാൻ ഗൂഗിൾ തിരക്കിട്ട് കൊണ്ടുവന്ന ബാർഡ് ആദ്യ അവതരണത്തിൽതന്നെ പരാജയമായി.
അതിനുപിന്നാലെ ആൽഫബെറ്റ് ഓഹരികളിൽ അന്ന് 100 ബില്യൺ ഡോളർ നഷ്ടം ഉണ്ടായി. ഈ ഘട്ടത്തിൽ മൈക്രോസോഫ്ട് ഓഹരികളിൽ നേരിയ മുന്നേറ്റം പ്രകടമാകുകയും ചെയ്തു. അതിനുശേഷം ബാർഡിനെ നവീകരിക്കാനുള്ള തീവ്ര ശ്രമം ഗൂഗിൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സെർച്ച് എൻജിൻ മേഖലയിൽ പതിറ്റാണ്ടുകളായി 80 ശതമാനത്തിലധികം ആധിപത്യം പുലർത്തിവന്ന കമ്പനിയാണ് ഗൂഗിൾ.
എന്നാൽ, അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന എഐ തരംഗത്തിൽ തങ്ങൾ മൈക്രോസോഫ്ടിന് പിന്നിലായിപ്പോകുമോ എന്ന് ഗൂഗിൾ ഇപ്പോൾ ഭയന്നുതുടങ്ങിയിരിക്കുന്നു. എഐ പിന്തുണയുള്ള ബിങ്ങിലൂടെ മൈക്രോസോഫ്ട് മുന്നേറിയാൽ, സെർച്ച് എൻജിൻ മേഖലയിൽനിന്ന് പ്രതിവർഷം 162 ബില്യൺ ഡോളർ വരുമാനം നേടുന്ന ഗൂഗിളിന്റെ സാമ്പത്തിക അടിത്തറയിലാണ് വിള്ളൽ വീഴുക.

ഗൂഗിൾ സെർച്ചിൽ ഏറെ കഴിവുകളുള്ള എഐയെ അവതരിപ്പിക്കാൻ 'മാഗി' എന്ന രഹസ്യപ്പേരിൽ ഗൂഗിൾ പരീക്ഷണങ്ങൾ നടത്തിവരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഗൂഗിളിന്റെ 160 ൽ അധികം ഡിസൈനർമാർ, എഞ്ചിനീയർമാർ, എക്സിക്യൂട്ടീവുകൾ, മറ്റ് സ്റ്റാഫ് എന്നിവർ 'മാഗി' പ്രോജക്റ്റിൽ പ്രവർത്തിക്കുന്നു. അടുത്തമാസം നടക്കുന്ന ഗൂഗിളിന്റെ I/O ഇവന്റിൽ മാഗി അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
ആളുകൾ ടൈപ്പ് ചെയ്ത് തുടങ്ങുമ്പോൾത്തന്നെ ഉപയോക്താവിന്റെ ആവശ്യം മനസിലാക്കാൻ 'മാഗി' ശ്രമിക്കും എന്നാണ് പറയപ്പെടുന്നത്. ഗൂഗിൾ സെർച്ചിൽ പുതിയ എഐ കരുത്തുകൾ കൊണ്ടുവരുന്നതിൽ തങ്ങൾ ആവേശഭരിതരാണ് എന്നാണ് ഗൂഗിൾ എൻജിനീയർമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാഗി കരുത്തിലെത്തുന്ന ഗൂഗിൾ സെർച്ച് കൂടുതൽ മികച്ച റിസൾട്ട് തരുമെന്നതിൽ സംശയം വേണ്ടെന്നും ഈ എൻജിനീയർമാർ പറയുന്നു.
അതേസമയം, സ്ഥിരീകരണം വരാത്ത വാർത്തയുടെ പേരിൽ നിക്ഷേപകർ അനാവശ്യമായി ഭയക്കേണ്ടതില്ലെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പറയുന്നത്ര എളുപ്പത്തിൽ സാംസങ്ങിന് ഗൂഗിളിനെ ഉപേക്ഷിക്കാൻ സാധിക്കില്ല. കാരണം തങ്ങളുടെ ഫോണുകളിൽ ഗൂഗിൾ പ്ലേ സ്റ്റോറും മറ്റ് ഗൂഗിൾ ആപ്പുകളും സ്ഥാപിക്കണമെങ്കിൽ എല്ലാ ആൻഡ്രോയിഡ് ഒഇഎമ്മുകളും( Original Equipment Manufacturer) മൊബൈൽ ആപ്ലിക്കേഷൻ ഡിസ്ട്രിബ്യൂഷൻ എഗ്രിമെന്റിൽ (മാഡ) ഒപ്പുവയ്ക്കേണ്ടതുണ്ട്.
ഒഇഎമ്മുകൾ പാലിക്കേണ്ട ചില നിബന്ധനകൾ അടങ്ങിയതാണ് ഈ കരാർ. ഇതിലെ പ്രധാന നിബന്ധന ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കൾ അവരുടെ ഫോണുകളിൽ ഗൂഗിൾ സെർച്ചിനെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ ആക്കണം എന്നതാണ്. അതിനാൽ സാംസങ്ങിന്റെ ഫോണുകളിൽ ഗൂഗിൾ പ്ലേ സ്റ്റോർ വേണമെങ്കിൽ, സെർച്ച് എൻജിനായി ഗൂഗിളിനെത്തന്നെ നിലനിർത്തേണ്ടിവരും.
എന്നാൽ മാഡ കരാർ എല്ലാ രാജ്യങ്ങളിലും ഒരുപോലെ ആയിരിക്കില്ല. ഉദാഹരണത്തിന് കുത്തകസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ നടത്തിയ നീക്കങ്ങൾക്കെതിരേ യൂറോപ്പിൽ ആന്റിട്രസ്റ്റ് ഗൂഗിളിന് കനത്ത പിഴ ചുമത്തിയിരുന്നു. ഇതിനെത്തുടർന്ന് ഗൂഗിളിന് യൂറോപ്പിലെ മാഡ കരാറിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. ഇന്ത്യയിലും ഗൂഗിൾ സമാന അവസ്ഥ നേരിടുന്നു.
അതിനാൽത്തന്നെ സാംസങ്ങ്- മൈക്രോസോഫ്ട് കൂട്ടുകെട്ട് യാഥാർഥ്യമായാലും അത് എല്ലാ രാജ്യങ്ങളിലും നടപ്പായെന്ന് വരില്ല എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം തന്നെ പ്രത്യേക മാഡ കരാറുള്ള ചില രാജ്യങ്ങളിൽ ഈ നീക്കം സാധ്യമാണ് എന്നതിനാൽ ബിങ് ഉയർത്തുന്ന ഭീഷണിയിൽ നിന്ന് ഗൂഗിൾ രക്ഷപ്പെടുന്നില്ല എന്നും പറയാം.


Click it and Unblock the Notifications