ഐഫോൺ തന്നെ ആഢംബരമാണ്, ഈ ഐഫോൺ അത്യാഢംബരമാണ്, വില 6 ലക്ഷം!
ഉപയോഗിക്കുന്നത് പുതിയ ഐഫോൺ ആണ് എന്ന് പറയുന്നത് പലർക്കും ഒരു അഭിമാനമാണ്. കാരണം ഒരുകാലത്ത് ഐഫോൺ സ്വന്തമാക്കുക എന്നത് പലർക്കും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അധികം പേരുടെ കൈയിൽ ഐഫോൺ ഉണ്ടാകുമായിരുന്നില്ല. ഉയർന്ന വില തന്നെയായിരുന്നു അതിന് കാരണം. എന്നാലിന്ന് നിരവധി പേരുടെ പക്കൽ ഐഫോണുണ്ട്.
എങ്കിലും ഉപയോഗിക്കുന്നത് ഐഫോൺ ആണെന്ന് മറ്റുള്ളവരെ കാണിക്കുന്നത് ഇപ്പോഴും പലർക്കും ഒരു പ്രത്യേക സുഖം നൽകുന്ന കാര്യമാണ്. എന്നാൽ ആളുകളെ കാണിക്കാൻ വേണ്ടിയല്ലാതെ ഐഫോൺ സാധാരണമായി ഉപയോഗിക്കുന്നവരും ഉണ്ട്. മികച്ച ഫീച്ചറുകളും ബ്രാൻഡ് മൂല്യവും ക്വാളിറ്റിയുമാണ് ഐഫോണുകൾക്ക് സമൂഹത്തിൽ നിലയും വിലയുമൊക്കെ ഉണ്ടാക്കി നൽകിയത്.

ഇത്രയും മികച്ച സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിലൂടെ തങ്ങൾ നിസാരക്കാരല്ല എന്ന് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താൻ ചില ആളുകൾ ആഗ്രഹിക്കുന്നു എന്നാണ് ഐഫോൺ ഉപയോഗിക്കുന്നവരെപ്പറ്റി ചിലർ പരിഭവിക്കുന്നത്. അത് ശരിയായാലും തെറ്റായാലും ഐഫോണുകൾ എന്നും ഒരു സംഭവം തന്നെയാണ്. ഇന്ത്യയിൽ നിലവിൽ ലഭ്യമായതിൽ ഏറ്റവും വിലകൂടിയ ഐഫോൺ 179900 വിലയുള്ള ഐഫോൺ 15 പ്രോ മാക്സ് 512GB വേരിയൻ്റാണ്.
എന്നാലിപ്പോൾ ഈ ഐഫോൺ മോഡലിന്റെ വിലയെക്കാൾ ഇരട്ടിയിലധികം വിലയുള്ള ഒരു ഐഫോൺ 15 പ്രോ (iPhone 15 Pro)ആണ് ഇപ്പോഴത്തെ താരം. ഐഫോൺ എന്നത് ആഢംബരമാണ് എങ്കിൽ ഈ ഐഫോൺ ആഢംബരത്തിന്റെ അങ്ങേയറ്റമാണ് എന്ന് പറയാം. ഏതാണ്ട് 6 ലക്ഷം രൂപയാണ് ഈ ഐഫോൺ 15 പ്രോയുടെ വില.
സാധാരണഗതിയിൽ ഐഫോൺ 15 പ്രോ മാക്സിനെക്കാൾ കുറഞ്ഞ മോഡലാണ് ഐഫോൺ 15 പ്രോ. എന്നിട്ടും ഉയർന്ന മോഡലിനെക്കാൾ വില എങ്ങനെയാണ് ഈ ഐഫോൺ 15 പ്രോയ്ക്ക് വന്നത് എന്ന് ചിലർക്ക് തോന്നിയേക്കാം. യഥാർഥത്തിൽ ഇത് ആപ്പിളിന്റെ ഐഫോൺ തന്നെയാണെങ്കിലും അതിൽ ചില ചില്ലറ മിനുക്കുപണികളൊക്കെ നടത്തി ക്യാവിയ (Caviar) എന്ന ആഢംബര ബ്രാൻഡാണ് വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്.
പ്രീമിയം സ്മാർട്ട്‌ഫോണുകൾ സ്വർണ്ണമോ വജ്രമോ പോലുള്ള വിലയേറിയ ആഭരണങ്ങൾകൊണ്ട് ആളുകളുടെ താൽപര്യത്തിന് അനുസരിച്ച് അലങ്കരിച്ച് പുറത്തിറക്കുന്ന ഒരു ആഡംബര ബ്രാൻഡാണ് ക്യാവിയ. ഐഫോൺ 15 പ്രോ, 15 പ്രോ മാക്‌സ് എന്നിവയ്‌ക്കായി അടുത്തിടെ ഈ കമ്പനി ഒരു പുതിയ മേക്ക് ഓവർ പുറത്തിറക്കി.
ഐക്കണിക് ആപ്പിൾ വിഷൻ പ്രോ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഐഫോൺ 15 പ്രോയുടെയും പ്രോ മാക്‌സിൻ്റെയും എക്‌സ്‌ക്ലൂസീവ് എഡിഷനുകൾ ക്യാവിയ പുറത്തിറക്കുകയുണ്ടായി. ഇതിൽ ആപ്പിൾ വിഷൻ പ്രോ-പ്രചോദിത ഐഫോൺ 15 പ്രോയുടെ വില 8,060 ഡോളറിൽ (ഏകദേശം 6,68,000 രൂപ) ആരംഭിക്കുന്നു.

ഐഫോൺ എല്ലാവരുടെയും കൈയിലുള്ള സ്ഥിതിക്ക് തങ്ങളുടെ ഐഫോൺ അൽപ്പം പ്രത്യേകതയുള്ള കൂടിയ ഫോൺ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ ഐഫോൺ 15 പ്രോ വാങ്ങാം. ക്യാവിയയുടെ 'ഫ്യൂച്ചർ കളക്ഷൻ' അവിടെ അവസാനിക്കുന്നില്ല. ആപ്പിൾ-പ്രചോദിത ഐഫോണുകൾക്കൊപ്പം, ടെസ്‌ല സൈബർട്രക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സാംസങ് എസ് 24 അൾട്രായും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
അബുദാബി അമീറിൻ്റെ സ്വകാര്യ യാച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള എമിർ പതിപ്പും റോൾസ് റോയ്‌സ് ഫാൻ്റമിൽ നിന്നുള്ള ഡിസൈൻ സൂചനകൾ ഉൾക്കൊള്ളുന്ന മാഗ്നം ഐഫോൺ 15 പ്രോ സീരീസും ക്യാവിയയുടെ സ്പെഷ്യൽ ശേഖരത്തിൽ ഉൾപ്പെടുന്നു. ഫാൻസി ഡിസൈൻ ചെയ്ത ഈ സ്മാർട്ട്ഫോണുകളെല്ലാം സാധാരണ വിലയുടെ നാലോ അഞ്ചോ ഇരട്ടി വിലയ്ക്ക് ആണ് വിൽക്കുന്നത്.


Click it and Unblock the Notifications








