ആറാം ക്ലാസ് മുതൽ കോഡിങും എഐയും; വൻ മാറ്റത്തിനൊരുങ്ങി സിബിഎസ്ഇ വിദ്യാഭ്യാസം | CBSE Education
ഡിജിറ്റൽ രംഗവും അതിവേഗ ഇന്റർനെറ്റും എഐ സാങ്കേതികവിദ്യയുമെല്ലാം ലോകക്രമത്തെ അടിമുടി ഉഴുത് മറിച്ച് കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ് എത്തിയപ്പോൾ പോലും സാധ്യമാകാതിരുന്ന അതിവേഗത്തിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്ത് കണ്ട് കൊണ്ടിരിക്കുന്നത്. എല്ലാമൊന്ന് ശാന്തമായി സ്ഥിരത കൈവരിക്കുമ്പോഴേക്ക് ജോലി, വിദ്യാഭ്യാസം എന്നിവയിലെല്ലാം പുതിയ ലോകക്രമവും രൂപപ്പെടും.
എഐയും റോബോട്ടുകളുമെല്ലാം നിർണായകമാകുന്ന പുതിയ കാലത്തിനൊപ്പം വിദ്യാർഥികളെയും വഴിനടത്താനൊരുങ്ങുകയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ( CBSE ). AI ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ), കോഡിങ് തുടങ്ങിയ രംഗങ്ങളിൽ വളരെ ചെറിയ ക്ലാസ് മുതൽ തന്നെ വിദ്യാർഥികൾക്ക് പരിചയം നൽകുകയെന്നതാണ് സിബിഎസ്ഇ ലക്ഷ്യമിടുന്നത്. അധികം വൈകാതെ തന്നെ പുതിയ വിഷയങ്ങൾ സിലബസിൾ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകളും സിബിഎസ്ഇ സർക്കുലറുകളും സൂചിപ്പിക്കുന്നത്.

ആറാം ക്ലാസിലെയും എട്ടാം ക്ലാസിലെയും സിലബസുകളിലാണ് പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തുന്നത്. അതായത് വളരെ ചെറിയ പ്രായത്തിൽ തന്നെ വിദ്യാർഥികളെ കോഡിങിലും എഐ സാങ്കേതികവിദ്യയിലും പരിശീലിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് സ്കൂൾ മേധാവികൾക്ക് അയച്ച സർക്കുലറിലാണ് പുതിയ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്. രാജ്യത്ത് നൈപുണ്യ വിദ്യാഭ്യാസം ( സ്കിൽ എഡ്യുക്കേഷൻ ) പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സിബിസിഇയുടെ നീക്കം.
പ്ലസ് വൺ പൂർത്തിയായാൽ നൈപുണ്യ വിദ്യാഭ്യാസമെന്ന പരിമിതിയാണ് സർക്കാർ ഒഴിവാക്കുന്നത്. ചെറിയ ക്ലാസുകളിലെ വിദ്യാർഥികൾക്കും ഇനി വ്യത്യസ്ത സ്കിൽസെറ്റുകളിൽ പരിശീലനം നേടാൻ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ ), ഫിനാൻഷ്യൽ ലിറ്ററസി, കോഡിങ്ങ്, ഡാറ്റ സയൻസ്, ഓഗ്മെന്റഡ് റിയാലിറ്റി (എആർ), കശ്മീരി എംബ്രോയ്ഡറി, ആപ്ലിക്കേഷൻ ഓഫ് സ്റ്റഡീസ്, മാസ് മീഡിയ - ബീയിങ് മീഡിയ ലിറ്ററേറ്റ് എന്നിങ്ങനെ 33 -ൽ കൂടുതൽ വിഷയങ്ങളുടെ ലിസ്റ്റും സിബിഎസ്ഇ പുറത്ത് വിട്ടിട്ടുണ്ട്.

കോഡിങ് പഠനത്തിനായുള്ള സിലബസ് ആഗോള ടെക് ഭീമൻ മൈക്രോസോഫ്റ്റാണ് രൂപകൽപ്പന ചെയ്യുന്നത്. 8 -ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡാറ്റ സയൻസ് പോലെയുള്ള സാങ്കേതിക മേഖലകളിലേക്ക് പരിചയം നൽകുന്നതിനെക്കുറിച്ച് ചിലർക്കെങ്കിലും എതിരഭിപ്രായം ഉണ്ടാകാം. " തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നു " എന്നൊരു ആരോപണത്തിനും സാധ്യതയുണ്ട്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ വൊക്കേഷണൽ വിദ്യാഭ്യാസത്തിലേക്ക് പരിചയപ്പെടുത്തുന്നത് ഉന്നത വിദ്യാഭ്യാസ സമയത്ത് സങ്കീർണമായ മേഖലകളിൽ നിന്നുള്ള തൊഴിൽ അധിഷ്ടിത കോഴ്സുകൾ ലളിതമായി മറികടക്കാൻ സഹായിക്കും.
മേൽപ്പറഞ്ഞ മേഖലകൾക്ക് പുറമെ, 8-ാം ക്ലാസിലേക്ക് ഡാറ്റാ സയൻസ് അവതരിപ്പിക്കാനും സിബിഎസ്ഇ ബോർഡ് പദ്ധതിയിടുന്നുണ്ട്. മരുന്നുകൾ വീട്ടിൽ സൂക്ഷിക്കുന്നതിനെക്കുറിച്ച് പോലും ആറാം ക്ലാസിലെയും എട്ടാം ക്ലാസിലെയും വിദ്യാർഥികൾ അറിഞ്ഞിരിക്കണമെന്നാണ് സിബിഎസ്ഇ ആഗ്രഹിക്കുന്നതെന്ന് ചുരുക്കത്തിൽ പറയാം. തൊഴിൽ അധിഷ്ടിത വിദ്യാഭ്യാസത്തിനും നൈപുണ്യ വികാസത്തിനും വലിയ പ്രാധാന്യം 2020 -ലെ ദേശീയ വിദ്യാഭ്യാസ നയം നൽകുന്നുണ്ട്. ഇതിന്റെ തുടർച്ചയും ആശയം പ്രായോഗികതലത്തിലേക്ക് കൊണ്ട് വരുന്നതുമാണ് പുതിയ നീക്കം.

നമ്മുടെ രാജ്യത്ത് ഓരോ വിദ്യാർഥിയുടെയും സാമൂഹ്യ സാഹചര്യത്തിന് അനുസരിച്ച് തൊഴിൽ അധിഷ്ടിത വിദ്യാഭ്യാസത്തിലേക്കുള്ള ആക്സസിൽ വലിയ വ്യത്യാസമുണ്ട്. ഈ വ്യത്യാസങ്ങൾ ഇല്ലാതാക്കുകയും നൈപുണ്യ വിദ്യാഭ്യാസം മുഖ്യധാര വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും ചെയ്യുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ അധിഷ്ടിത കോഴ്സുകൾ ആരംഭിക്കും. കോഴ്സുകൾക്കുള്ള സ്കിൽ മൊഡ്യൂളുകൾക്കായി ഫീസുകളൊന്നും തന്നെ സിബിഎസ്ഇ ഈടാക്കില്ല. വെക്കേഷൻ, സമ്മർ ക്യാമ്പുകൾ തുടങ്ങിയ സമയങ്ങൾ ഉപയോഗപ്പെടുത്തണമെന്നും സിബിഎസ്ഇ സർക്കുലറിൽ പരാമർശമുണ്ട്.


Click it and Unblock the Notifications








