കളഞ്ഞുപോയ ഫോൺ ബ്ലോക്ക് ചെയ്യാനുള്ള സർക്കാർ പോർട്ടൽ ഇനി രാജ്യമെങ്ങും പ്രവർത്തിക്കും | CEIR Portal
നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ സ്മാർട്ട്ഫോണുകൾ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും കണ്ടെത്താനും സഹായിക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്ട്രി (Central Equipment Identity Registry) അഥവാ സിഇഐആർ പോർട്ടൽ. മെയ് 17 മുതൽ രാജ്യത്തെ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും സിഇഐആർ (CEIR Portal) സേവനങ്ങൾ ലഭ്യമാകും.
ടെലിക്കോം മന്ത്രാലയമാണ് സിഇഐആർ പോർട്ടൽ അവതരിപ്പിച്ചതും പരിപാലിക്കുന്നതും. സിഇഐആറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഈ സംവിധാനം മാർച്ചിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർക്കാർ ലഭ്യമാക്കിയിരുന്നു. ഇപ്പോൾ കൂടുതൽ വിപുലമായ റോൾഔട്ടിനാണ് സർക്കാർ തയ്യാറെടുക്കുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്തെ എല്ലാ ജീല്ലകളിലും സിഇഐആർ സേവനങ്ങൾ ലഭ്യമാകും. മോഷ്ടിക്കപ്പെട്ട ഫോണുകളുടെ വിൽപ്പനയും ഉപയോഗവും സമ്പൂർണമായും തടയുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഏത് രീതിയിൽ നഷ്ടമായതാണെങ്കിലും മൊബൈൽ ഡിവൈസുകൾ ബ്ലോക്ക് ചെയ്യാൻ സിഇഐആർ പോർട്ടൽ ഉപയോഗിക്കാം. ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സിം കാർഡുകൾ എത് കമ്പനിയുടേതാണെങ്കിലും ഡിവൈസ് ബ്ലോക്ക് ചെയ്യാൻ കഴിയും. ഒരിക്കൽ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ ആ ഡിവൈസ് സിഇഐആർ പോർട്ടലിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും. പിന്നെ രാജ്യത്തെവിടെയും ഫോൺ ഉപയോഗിക്കാൻ കഴിയില്ല. ഇനി ആരെങ്കിലും അത്തരം ഒരു ഡിവൈസ് ഉപയോഗിക്കാൻ ശ്രമിച്ചാൽ സർക്കാർ എജൻസികൾക്ക് ഫോൺ ട്രാക്ക് ചെയ്യാനും കണ്ടെത്താനും കഴിയും.
അന്വേഷണത്തിനൊടുവിൽ നഷ്ടമായ ഫോൺ കണ്ടെത്തിയാൽ സിഇഐആർ പോർട്ടൽ ഉപയോഗിച്ച് തന്നെ ഡിവൈസ് അൺബ്ലോക്ക് ചെയ്യാനും യൂസേഴ്സിന് സാധിക്കും. സ്മാർട്ട്ഫോണുകളിലെ ഐഎംഇഐ നമ്പർ (IMEI Number) ഉപയോഗപ്പെടുത്തിയാണ് പോർട്ടലുകളുടെ പ്രവർത്തനം എന്നും അറിഞ്ഞിരിക്കണം. മോഷണം പോയ ഡിവൈസുകളുടെ ഐഎംഇഐ നമ്പർ തിരുത്തുന്ന സംഭവങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. ഫോൺ ട്രാക്ക് ചെയ്യുന്നതും ബ്ലോക്ക് ചെയ്യുന്നതും തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
എന്നാൽ ഈ പ്രശ്നത്തിനും സിഇഐആർ പോർട്ടൽ പരിഹാരം കാണുമെന്നാണ് ടെലിക്കോം മന്ത്രാലയം വ്യക്തമാക്കുന്നത്. പോർട്ടലിന് ആക്സസ് ലഭിക്കുന്ന വിപുലമായ ഡാറ്റബേസുകൾ ഉപയോഗപ്പെടുത്തി ക്ലോൺ ചെയ്യപ്പെട്ട മൊബൈൽ ഫോണുകൾ വരെ ബ്ലോക്ക് ചെയ്യാൻ കഴിയും. രാജ്യത്തെ എല്ലാ മൊബൈൽ നെറ്റ്വർക്ക് പ്രൊവൈഡേഴ്സിന്റെയും ഐഎംഇഐ ഡാറ്റ ബേസുകളിലേക്കും കണക്റ്റ് ചെയ്താണ് സിഇഐആർ വെബ് പോർട്ടൽ പ്രവർത്തിക്കുന്നത്. ഇതിനാൽ തന്നെ ഡിവൈസ് എഫക്റ്റീവായി ബ്ലോക്ക് ചെയ്യാനും ബ്ലാക്ക് ലിസ്റ്റ് ചെയ്യാനും കഴിയും.
സിഇഐആർ സേവനങ്ങൾ ലഭിക്കുന്നതിന് യൂസേഴ്സ് പോർട്ടലിൽ റിക്വസ്റ്റ് നൽകുന്നതിനൊപ്പം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കുകയും എഫ്‌ഐആർ (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) ഫയൽ ചെയ്യുകയും വേണം. തുടർന്ന് സിഇഐആർ പോർട്ടലിൽ ലഭ്യമാകുന്ന ഫോം പൂരിപ്പിക്കുകയും വേണം. മൊബൈൽ നമ്പർ, ഡിവൈസ് മോഡൽ, ഐഎംഇഐ നമ്പറുകൾ (1,2), ഫോൺ നഷ്ടമായ ലൊക്കേഷൻ എന്നിവയ്ക്കൊപ്പം എഫ്‌ഐആറിന്റെ സ്കാൻ ചെയ്ത കോപ്പിയും സിഇഐആർ പോർട്ടലിൽ നൽകണം.
റിക്വസ്റ്റ് നൽകിയാൽ 24 മണിക്കൂറിനുള്ളിൽ യൂസറിന്റെ ഫോൺ ബ്ലോക്ക് ആകും. ഇതോടെ രാജ്യത്തെ ഒരു നെറ്റ്‌വർക്കിലും ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല. ഐഎംഇഐ ബ്ലോക്ക് ചെയ്യുന്നത് ഫോൺ ട്രാക്ക് ചെയ്യുന്നതിന് പൊലീസിന് ഏതെങ്കിലും വിധത്തിലുള്ള തടസങ്ങൾ സൃഷ്ടിക്കുന്നില്ലെന്നതും ശ്രദ്ധിക്കണം. സിഇഐആർ വെബ്‌സൈറ്റ് വഴി യൂസേഴ്സിന് അവരുടെ പരാതികളുടെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും. ഫോൺ തിരികെക്കിട്ടുമ്പോൾ സിഇഐആർ പോർട്ടലിലെ അൺബ്ലോക്ക് ഓപ്ഷൻ വഴി ഡിവൈസ് അൺബ്ലോക്ക് ചെയ്യാനും കഴിയും.


Click it and Unblock the Notifications








