സർക്കാർ സ്കൂളുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ഭാരത്‌നെറ്റ് വഴി സർക്കാർ ഇന്റർനെറ്റ് നൽകും
രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള സർക്കാർ സെക്കൻഡറി സ്കൂളുകളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും (PHC) ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച 2025-26 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഭാരത്‌നെറ്റ് പദ്ധതിയിലൂടെ ഇവിടങ്ങളിലേക്ക് ഇന്റർനെറ്റ് ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ ഫണ്ട് സർക്കാർ നൽകും. രാജ്യത്തെ നിരവധി ഗ്രാമങ്ങൾ പിന്നാക്ക അവസ്ഥയിലാണുള്ളത്. ഇവിടങ്ങളിലെ വിദ്യാർഥികളെയും ഡിജിറ്റൽ ലോകവുമായി ബന്ധിപ്പിക്കാൻ ഈ നീക്കത്തിലൂടെ സാധിക്കും എന്ന് കരുതപ്പെടുന്നു.
രാജ്യവ്യാപകമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും (ഗ്രാമ ബ്ലോക്ക്) മികച്ച വേഗതയിലും താങ്ങാനാവുന്ന വിലയിലും ഇന്റർനെറ്റ് ആക്‌സസ് നൽകുകയെന്ന ലക്ഷ്യത്തോടെ കമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പദ്ധതിയാണ് ഭാരത്‌നെറ്റ്. 2011 ഒക്ടോബർ 25 മുതൽ കേന്ദ്ര മന്ത്രിസഭ ഭാരത് നെറ്റ് പദ്ധതി അംഗീകരിച്ച് നടപ്പാക്കിവരുന്നു.

2024 ഡിസംബർ വരെ, 6.92 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) ഭാരത് നെറ്റ് പ്രോജക്ടിന് കീഴിൽ സ്ഥാപിച്ചിട്ടുണ്ട്, 2.14 ലക്ഷം ഗ്രാമപഞ്ചായത്തുകൾ (GP-കൾ) ഈ സേവനം വിനിയോഗിക്കാൻ സജ്ജമാണ്. ഉപഗ്രഹം വഴിയുള്ള 5,032 എണ്ണം ഉൾപ്പെടെ, 12.04 ലക്ഷം ഫൈബർ-ടു-ദി-ഹോം (FTTH) കണക്ഷനുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട് എന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ അടിസ്ഥാന ടെലിക്കോം സൗകര്യങ്ങൾ ഉൾപ്പെടെ ശക്തിപ്പെടുത്തുന്നതിലും ഡിജിറ്റൽ ലോകവുമായി ഗ്രാമങ്ങളെയും ഗ്രാമീണരെയും കൂട്ടിയോജിപ്പിക്കുന്നതിനും ഭാരത് നെറ്റ് പ്രോജക്റ്റ് ശക്തിപകരുന്നു. ഈ പ്രോജക്ട് വഴി എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും ഗ്രാമങ്ങളിലേക്കും ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്നു. ഇത് കൂടാതെ രാജ്യത്തെ ടെക്നോളജി മേഖലയെ ദീർഘകാല അടിസ്ഥാനത്തിൽ വളർച്ചയിലേക്ക് നയിക്കുന്ന ചില പ്രഖ്യാപനങ്ങളും ധനമന്ത്രി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഐ വിദ്യാഭ്യാസത്തിന് 3 സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്നും അതിനായി 500 കോടി അനുവദിക്കുമെന്നുമുള്ള പ്രഖ്യാപനമാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ CoE-കൾ പ്രവർത്തിക്കുക. നരേന്ദ്ര മോദി സർക്കാരിന്റെ "വിക്ഷിത് ഭാരത്" എന്ന നയവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ചുവടുവയ്പ്പാണ് സെന്റർ ഓഫ് എക്സ്ലൻസ് കേന്ദ്രങ്ങളുടെ പ്രഖ്യാപനം.
ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയിലെ ഒരു നാഴികക്കല്ലാകും എഐ എക്സലൻസ് കേന്ദ്രങ്ങൾ എന്ന് കരുതപ്പെടുന്നു. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി അത്യാധുനിക ഗവേഷണത്തിനും പ്രായോഗിക AI ആപ്ലിക്കേഷനുകൾക്കും ഈ സിഒഇകൾ നേതൃത്വം നൽകും. ഇതുപോലുള്ള പദ്ധതികളിലൂടെ AI രംഗത്ത് ആഗോള നേതാവാകാനുള്ള പാതയിലാണ് ഇന്ത്യ.
ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെയും വില കുറയും. ഇത് മൊബൈൽ വില കുറയ്ക്കാൻ സഹായിച്ചേക്കും. കെവൈസി ലളിതമാക്കും എന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ഇതിനായി കേന്ദ്ര കെവൈസി രജിസ്ട്രി 2025 ൽ പുറത്തിറക്കും.
ജനങ്ങളിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി, അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ സ്കൂളുകളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു. സ്കൂളിനും ഉന്നത വിദ്യാഭ്യാസത്തിനും ഡിജിറ്റൽ രൂപത്തിലുള്ള ഇന്ത്യൻ ഭാഷാ പുസ്തകങ്ങൾ നൽകുന്നതിനായി ഭാരതീയ ഭാഷാ പുസ്തക പദ്ധതി നടപ്പിലാക്കും എന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം.


Click it and Unblock the Notifications