ടെക് ലോകത്തെ വന്‍ 'തിരിച്ചുവരവുകള്‍'

Posted By:

എന്‍.ആര്‍. നാരായണമൂര്‍ത്തി ഇന്‍ഫോസിസ് തലപ്പത്തേക്കു തിരിച്ചുവന്നതായിരുന്നു അടുത്തകാലത്ത് ഇന്ത്യന്‍ വ്യവസായലോകത്തെ വലിയ ചര്‍ച്ചാവിഷയം. ഇന്ത്യയിലെ മുന്‍നിര ഐ.ടി. കമ്പനികളില്‍ ഒന്നായ ഇന്‍ഫോസിസ് തകര്‍ച്ചയിലേക്കു നീങ്ങുന്നതിന്റെ സൂചന കണ്ടുതുടങ്ങിയപ്പോഴാണ് ഡയരക്ടര്‍ ബോര്‍ഡ് നാരായണ മൂര്‍ത്തിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നാരായണ മൂര്‍ത്തിക്കു മുമ്പും പല കമ്പനികളും സമാനമായ രീതിയില്‍ മുന്‍ മേധാവികളെ തിരിച്ചുവിളിച്ചിട്ടുണ്ട്, കമ്പനിയുടെ ഉയര്‍ത്തെഴുന്നേല്‍പിനായി. ഈ തിരിച്ചുവരവുകള്‍ സ്ഥാപനങ്ങള്‍ക്ക് എത്രത്തോളം ഗുണം ചെയ്തിട്ടുണ്ട്...

ടെക് ലോകത്തെ വന്‍ തിരിച്ചുവരവുകളും അതിന്റെ ബാക്കിപത്രവും പരിശോധിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Narayan Murthy

ഇന്‍ഫോസിസ് എക്‌സിക്യുട്ടീവ് ചെയര്‍മാനായ നാരായണ മൂര്‍ത്തിയില്‍നിന്നു തന്നെ തുടങ്ങാം. 1981-ലാണ് ഇന്‍ഫോസിസ് സ്ഥാപിതമായത്. അന്നുമുതല്‍ 2002 വരെ നാരായണമൂര്‍ത്തിയായിരുന്നു സി.ഇ.ഒ. 2002 മുതല്‍ 2011വരെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. പിന്നീട് സ്ഥാപനത്തിന്റെ പടിയിറങ്ങിയ മൂര്‍ത്തി 2013-ലാണ് വീണ്ടും ഡയരക്ടര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം എക്‌സിക്യുട്ടീവ് ചെയര്‍മാനായി സ്ഥാപനത്തിലേക്കു മടങ്ങിവരുന്നത്. തകര്‍ച്ചയുടെ സൂചനകള്‍ കാണിച്ചുതുടങ്ങിയ ഇന്‍ഫോസിസിനെ രക്ഷിക്കുക എന്നതാണ് നാരായണ മൂര്‍ത്തിയെ ഏല്‍പിച്ചിരിക്കുന്ന ചുമതല. അദ്ദേഹത്തിന്റെ തിരിച്ചുവരവോടെ കമ്പനിയുടെ ഓഹരികള്‍ നേരിയ ഉയര്‍ച്ച കാണിച്ചുവെങ്കിലും ഇന്‍ഫോസിസിനെ പഴയ പ്രതാപത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ മൂന്നുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് മൂര്‍ത്തി പറഞ്ഞത്. അദ്ദേഹത്തിന്റെ മടങ്ങിവരവ് സ്ഥാപനത്തിന് ഗുണം ചെയ്‌തോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

Michael Dell

ഡെല്‍ എന്ന കമ്പനിയുടെ സ്ഥാപകനായ മൈക്കല്‍ ഡെല്‍ 1984-ല്‍ ടെക്‌സാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് പി.സി.എസ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചത്. 1985 കമ്പനി സ്വന്തമായി ഡിസൈന്‍ ചെയ്ത കമ്പ്യൂട്ടര്‍ പുറത്തിറക്കി. 1988-ല്‍ ഡെല്‍ കമ്പ്യൂട്ടര്‍ കോര്‍പറേഷന്‍ എന്നു പേരുമാറ്റിയ കമ്പനിയുടെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് ചരിത്രം സാക്ഷിയാണ്. 2001-ല്‍ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സിസ്റ്റം പ്രൊവൈഡര്‍മാരായി ഡെല്‍ മാറി. 2004-ലാണ് മൈക്കല്‍ ഡെല്‍ സി.ഇ.ഒ. സ്ഥാനത്തുനിന്ന് രാജിവച്ചത്. താമസിയാതെ ഡെല്ലിനെ കടത്തിവെട്ടി എച്ച്.പിയും ലെനോവയും വിപണിയില്‍ മുന്നേറ്റം നടത്തി. സ്മാര്‍ട് ഫോണ്‍, ടാബ്ലറ്റ് വിപ്ലവം കൂടിയായതോടെ ഡെല്ലിന്റെ നില പരുങ്ങലിലായി. കമ്പനിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2007-ല്‍ മൈക്കല്‍ ഡെല്‍ വീണ്ടും സി.ഇ.ഒആയി തിരിച്ചെത്തി. എന്നാല്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനായില്ല എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന

Steve Jobs

ആപ്പിള്‍ കമ്പനിയുടെ സ്ഥാപകരില്‍ ഒരാളും ഡയറക്ടറുമായിരുന്ന സ്റ്റീവ് ജോബ്‌സ് 1983-ലാണ് കമ്പനിയുടെ സി.ഇ.ഒ ആയി ജോണ്‍ സ്‌കള്ളിയെ നിയമിച്ചത്. പെപ്‌സി കമ്പനിയുടെ മുന്നേറ്റത്തിനു നേതൃത്വം നല്‍കിയ സ്‌കള്ളിയുമായി പക്ഷേ അധികകാലം യോജിച്ചു പോകാന്‍ ജോബ്‌സിനായില്ല. 1985-ല്‍ മറ്റു ബോര്‍ഡ് മെമ്പര്‍മാരുശട സഹായത്തോടെ ജോണ്‍ സ്‌കള്ളി സ്റ്റീവ് ജോബ്‌സിനെ ആപ്പിളില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജോബ്‌സ് നെക്‌സ്റ്റ് എന്ന സ്ഥാപനം ആരംഭിച്ചു. നെക്‌സ്റ്റിന്റെ വളര്‍ച്ചയും ആപ്പിളിന്റെ തകര്‍ച്ചയും ഏകദേശം ഒരുപോലെയായിരുന്നു. 1996-ല്‍ സ്റ്റീവ് ജോബ്‌സിനെ സി.ഇ.ഒ ആയി തിരിച്ചുവിളിച്ച ആപ്പിള്‍ നെക്‌സ്റ്റ് എന്ന സ്ഥാപനവും ഏറ്റെടുത്തു. പിന്നീടുള്ള ആപ്പിളിന്റെ വളര്‍ച്ചയ്ക്ക് ചരിത്രം സാക്ഷി. ഇന്നും ജോബ്‌സിന്റെ ദര്‍ശനങ്ങളാണ് കമ്പനിയെ മുന്നോട്ടു നയിക്കുന്നത്.

Howard Schultz

ലോകത്തെ ഏറ്റവും വലിയ കോഫീ ഷോപ് ശൃഖലകളിലൊന്നായ സ്റ്റാര്‍ബക്‌സിന്റെ സ്ഥാപകനാണ് ഹൊവാര്‍ഡ് ഷല്‍ട്‌സ്. സ്റ്റ്ാര്‍ബക്ക്‌സില്‍ ജീവനക്കാരനായിരുന്ന ഷല്‍ട്‌സ് പിന്നീട് മറ്റൊരു കോഫീ ഹൗസ് ശൃംഖല ആരംഭിച്ചുകൊണ്ടാണ് വ്യവസായം തുടങ്ങിയത്. 1985-ലായിരുന്നു ഇത്. രണ്ടുവര്‍ഷത്തിനു ശേഷം സ്റ്റാര്‍ബക്ക്‌സ് ഷല്‍ട്‌സ് ഏറ്റെടുത്തു. പിന്നീട് ദ്രുതഗതിയിലായിരുന്നു കമ്പനിയുടെ വളര്‍ച്ച. 2000-ത്തില്‍ ചീഫ് എക്‌സികുട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് വിരമിച്ചു. സാമ്പത്തിക മാന്ദ്യവും കമ്പനിയുടെ തെറ്റായ നയങ്ങളും താമസിയാതെ സ്റ്റാര്‍ബക്ക്‌സിന് തിരിച്ചടിയുണ്ടാക്കി. 2008-ല്‍ വീണ്ടും ഹൊവാര്‍ഡ് ഷല്‍ട്‌സിനെ സ്ഥാപനം തിരിച്ചു വിളിക്കുകയായിരുന്നു. 2012-ല്‍ 13.3 ബില്ല്യന്‍ ഡോളര്‍ വരുമാനം നേടി ഷെല്‍ട്‌സ് തന്റെ മടങ്ങിവരവിനു മാറ്റുകൂട്ടി.

A.G. Lafley

പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിളിനെ യു.എസിലെ ഏറ്റവും വലിയ അഞ്ചു കമ്പനികളില്‍ ഒന്നാക്കി മാറ്റിയത് ലാഫ്‌ലെയുടെ നേതൃപാടവമായിരുന്നു. പി ആന്‍ഡ് ജിയില്‍ ജീവനക്കാരനായി ജോലി തുടങ്ങിയ ലാഫ്‌ലെ 2000-ത്തില്‍ സ്ഥാപനത്തിന്റെ സി.ഇ.ഒ ആയി നിയമിതനായി. തുടര്‍ന്നുള്ള ഒമ്പതു വര്‍ഷം വന്‍ മുന്നേറ്റമാണ് കമ്പനി നടത്തിയത്. 2009-ല്‍ സി.ഇ.ഒ സ്ഥാനത്തുനിന്ന് വിരമിച്ച അദ്ദേഹം ഒരു വര്‍ഷം കൂടി ചെയര്‍മാനായി തുടര്‍ന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഈ വര്‍ഷം മേയില്‍ വീണ്ടും സി.ഇ.ഒ ആയി അദ്ദേഹം പി ആന്‍ഡ് ജിയില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില നാലുശതമാനം ഉയര്‍ന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ടെക് ലോകത്തെ വന്‍ 'തിരിച്ചുവരവുകള്‍'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot