പണി വരുന്നുണ്ട് അവറാച്ചാ! ഈ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ഹൈ റിസ്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം
ഏറ്റവുമധികം വാട്സ്ആപ്പ് (WhatsApp) ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. എന്നാലിപ്പോൾ ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി കേന്ദ്ര സർക്കാരിന്റെ ഒരു ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന മുന്നറിയിപ്പ് എത്തിയിരിക്കുന്നു. വിൻഡോസിലെ വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് വേർഷൻ ഉപയോഗിക്കുന്നവർ ഏറെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് രംഗത്തെത്തിയിരിക്കുന്നത്. വിൻഡോസിലെ വാട്സ്ആപ്പ് വേർഷനിൽ ഗുരുതരമായ ഒരു സുരക്ഷാ പിഴവ് കണ്ടെത്തിയതായും ഇത് ഉപയോക്താക്കളുടെ വിവരങ്ങൾ നഷ്ടമാകുന്നതിലേക്കും ഹാക്കർമാരുടെ സ്പൂഫിംഗ് ആക്രമണങ്ങൾക്ക് ഉപയോക്താക്കളുടെ സിസ്റ്റം ഇരയാകുന്നതിലേക്കും നയിക്കും എന്നാണ് മുന്നറിയിപ്പ്.
സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിനും ഫിഷിങ്, ഹാക്കിംഗ് ആക്രമണങ്ങൾ, സമാനമായ ഓൺലൈൻ ആക്രമണങ്ങൾ എന്നിവയ്‌ക്കെതിരെ സൈബർസ്‌പേസ് സംരക്ഷിക്കാനും വേണ്ടി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർ മേഷൻ ടെക്നോളജി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫെഡറൽ ടെക്‌നോളജി വിഭാഗമാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അഥവാ സിഇആർടി (CERT-In).

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും രാജ്യ സുരക്ഷയും കണക്കിലെടുത്ത് നിരവധി മുന്നറിയിപ്പുകൾ സിഇആർടി പുറപ്പെടുവിക്കാറുണ്ട്. അത്തരത്തിൽ പുറപ്പെടുവിച്ച ഏറ്റവും പുതിയ മുന്നിറയിപ്പിലാണ് വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ഉപയോക്താക്കളെ ബാധിക്കുന്ന ഒരു ഹൈറിസ്ക് അപകടം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സിഇആർടിയുടെ കണ്ടെത്തൽ പ്രകാരം, 2.2450.6 ന് മുമ്പുള്ള വിൻഡോസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കളെയാണ് പുതിയ സുരക്ഷാപിഴവ് ബാധിക്കുക.
MIME ടൈപ്പിനും ഫയൽ എക്സ്റ്റൻഷനും ഇടയിലുള്ള മിസ്കോൺഫിഗറേഷൻ ആണ് സുരക്ഷാ പിഴവിന്റെ പ്രശ്നം ഉണ്ടാക്കുന്നത് എന്നാണ് സിഇആർടി റിപ്പോർട്ടിൽ പറയുന്നത്. ഈ പ്രശ്നം മൂലം അറ്റാച്ചുമെന്റുകൾ ശരിയായി കൈകാര്യം ചെയ്യപ്പെടുന്നില്ല. വാട്സ്ആപ്പ് വഴി അയച്ച ഒരു മാൽവെയർ ഫയൽ ഉപയോക്താവ് തുറന്നാൽ, ഈ സുരക്ഷാ പിഴവ് മൂലം ഹാക്കർമാർക്ക് ഏകപക്ഷീയമായ കോഡ് പ്രവർത്തിപ്പിക്കാനോ സിസ്റ്റത്തെ കബളിപ്പിക്കാനോ സാധിക്കും.

സൈബർ ക്രിമിനലുകളിലേക്കും ഹാക്കർമാരിലേക്കും നമ്മുടെ സിസ്റ്റത്തിന്റെ നിയന്ത്രണം എത്താൻ ഈ സുരക്ഷാ പിഴവ് കാരണമാകും എന്ന് സിഇആർടി പറയുന്നു. നമ്മുടെ സിസ്റ്റത്തിന്റെ പൂർണ്ണ നിയന്ത്രണം തന്നെ ഹാക്കർമാരുടെ കൈകളിലേക്ക് എത്തുകയും നമ്മുടെ സിസ്റ്റത്തിലെ ഡാറ്റയിലേക്ക് അവവർക്ക് ആക്സസ് ലഭ്യമാകുന്നതിനും ഇത് ഇടയാക്കും. ഉയർന്ന അപകട സാധ്യത (ഹൈ റിസ്ക്) വിഭാഗത്തിലാണ് ഈ സുരക്ഷാ പിഴവിനെ സിഇആർടി ഉൾപ്പെടുത്തിയിരിക്കുന്നത്.
വാട്ട്‌സ്ആപ്പിൽ ലഭ്യമാകുന്ന അറ്റാച്ച്മെന്റുകൾ അശ്രദ്ധമായി കൈകാര്യം ചെയ്താൽ അപകട സാധ്യത കൂടുതലാണ്. അറ്റാച്ച്മെന്റുകളിൽ വിവരങ്ങൾ ചോർത്താനും നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്ന പ്രത്യേകം തയാറാക്കിയ ലിങ്കുകൾ ഉൾപ്പെട്ടേക്കാമെന്ന് സർക്കാർ ഏജൻസി പറഞ്ഞു. തെറ്റായ സോഫ്റ്റ്വെയർ കോൺഫിഗറേഷനുകളുടെ വലിയ അപകടസാധ്യതകൾ CERT-In-ന്റെ അലേർട്ട് എടുത്തുപറയുന്നുണ്ട്.
വാട്സ്ആപ്പ് ഡെസ്ക്ടോപ്പിൽ ഉപയോഗിക്കുന്നവർ കൂടുതൽ പേരും ജോലി/ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർ ആകും. നിർണായകമായ പല രേഖകളും സിസ്റ്റത്തിൽ ഉണ്ടാകും. വ്യക്തിപരമായും പ്രൊഫഷണൽ ആശയവിനിമയത്തിനായും വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് വേർഷൻ ഉപയോഗിക്കുന്നവർ ഏറെ ഉള്ള സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പ് എല്ലാവരും ഗൗരവമായി എടുക്കേണ്ടതുണ്ട്.

അപകടം ഒഴിവാക്കാൻ എന്ത് ചെയ്യണം:
ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ സോഫ്ട്വേർ അപ്ഡേഷനുകളെല്ലാം ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. സുരക്ഷാ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിൽ വാട്സ്ആപ്പ് നിർദേശം പുറപ്പെടുവിക്കുകയും https://www.whatsapp.com/security/advisories/2025 എന്ന ഔദ്യോഗിക പേജിൽ ഒരു സുരക്ഷാ മുന്നറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേഷൻ കൊണ്ട് മാത്രം കാര്യമില്ല. വാട്സ്ആപ്പ് ഉപയോഗിക്കുന്നതിലും ശ്രദ്ധ ചെലുത്തണം. പരിചയത്തിലുള്ള കോൺടാക്ടുകളിൽ നിന്ന് ലഭിക്കുന്ന മെസേജുകൾ ആണെങ്കിൽപ്പോലും ആവശ്യമില്ലാത്തത് എന്ന് തോന്നുന്ന അറ്റാച്ചുമെന്റുകൾ ഒഴിവാക്കണം. കൂടാതെ പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പതിവായി ചെയ്യുകയും വേണം. അത് എപ്പോഴും അപകട സാധ്യത കുറയ്ക്കാൻ സഹായിക്കും.


Click it and Unblock the Notifications








