ആൻഡ്രോയിഡ് ഫോൺ ഉടമകൾക്ക് കേന്ദ്ര സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
ആൻഡ്രോയിഡ് 12 വേർഷന് മുൻപുള്ള ഒഎസുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) രംഗത്ത്. ഈ ഡിവൈസുകളിൽ അതീവ ഗുരുതരമായ സുരക്ഷാ പിഴവുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ലക്ഷ്യമിട്ട ഡിവൈസുകളുടെ സെൻസിറ്റീവ് വിവരങ്ങൾ നേടാനും ആ ഡിവൈസുകളിൽ പ്രത്യേക അധികാരങ്ങൾ നേടിയെടുക്കാനും ഈ പിഴവുകൾ ഹാക്കർമാർക്ക് സഹായമാകും എന്നാണ് സിഇആർ ടീമിന്റെ കണ്ടെത്തൽ. അതായത് ഈ പിഴവുകൾ കണ്ടില്ലെന്ന് നടിച്ചാൽ ഹാക്കർമാർക്ക് അനായാസം ഈ ഡിവൈസുകളുടെ നിയന്ത്രണം ഏറ്റെടുക്കാനാകും. അതിലൂടെ ഉപയോക്താവിന്റെ പഴ്സണൽ വിവരങ്ങളും സാമ്പത്തിക സുരക്ഷയും അപകടത്തിലാകും.
"ഫ്രെയിം വർക്ക്, സിസ്റ്റം, ഗൂഗിൾ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകൾ, കേർണൽ, ആം (Arm) ഘടകങ്ങൾ, മീഡിയടെക് ഘടകങ്ങൾ, ഇമാജിനേഷൻ ടെക്നോളജീസ്, ക്വാൽകോം ഘടകങ്ങൾ, ക്വാൽകോം ക്ലോസ് സോഴ്‌സ് ഘടകങ്ങൾ'' എന്നിവയിൽ ആണ് സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുന്നത് എന്ന് സൈബർ സുരക്ഷാ ഏജൻസി പറയുന്നു. സ്മാർട്ട്ഫോണുകളിൽ ഉണ്ടാകുന്ന സുരക്ഷാ പിഴവുകൾ മറികടക്കാൻ ചില നിർദേശങ്ങളും സിഇആർടി മുന്നോട്ട് വച്ചിട്ടുണ്ട്.

സുരക്ഷാ പിഴവുകളിൽ നിന്ന് സ്മാർട്ട്ഫോണുകളെ സംരക്ഷിക്കാൻ സിഇആർടി മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ-
അപ്‌ഡേറ്റുകൾ കൃത്യമായി ചെയ്യുക: നമ്മുടെ ഫോൺ ലഭ്യമായ ഏറ്റവും പുതിയ ആൻഡ്രോയിഡ് വേർഷനിലാണ് പ്രവർത്തിക്കുന്നത് എന്നും സിസ്റ്റം അപ്ഡേറ്റുകൾ കൃത്യമായി ചെയ്യുന്നുണ്ട് എന്നും ഉറപ്പാക്കുക. ഫോണിലുണ്ടാകുന്ന വിവിധ തകരാറുകൾ പരിഹരിക്കാനുള്ള സുരക്ഷാ പാച്ചുകൾ ഈ അപ്ഡേറ്റുകളിൽ അടങ്ങിയിരിക്കുന്നു.
ഓട്ടോമാറ്റിക് അപ്ഡേറ്റ് ആക്ടിവേറ്റ് ചെയ്യുക: ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും ആപ്പുകൾക്കും ഓട്ടോമാറ്റിക് അപ്‌ഡേറ്റ്സ് ആക്ടിവേറ്റ് ചെയ്യുന്നത് നല്ലതാണ്. ഡാറ്റ ലാഭിക്കാനും മറ്റും പലരും ഓട്ടോമാറ്റിക് അപ്ഡേറ്റ് ഓഫ് ആക്കിയിടാറുണ്ട്. എന്നാൽ സുരക്ഷയ്ക്ക് സിസ്റ്റം അപ്ഡേറ്റ് എപ്പോഴും കൃത്യമായിരിക്കേണ്ടതുണ്ട്. അപ്ഡേറ്റ് ചെയ്യാൻ മറന്നാലും സുരക്ഷ ഉറപ്പാക്കാൻ ഓട്ടോമാറ്റിക് അപ്ഡേറ്റ് സഹായിക്കുന്നു. ഇത് തകരാറുകൾ കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നു.

ഫോണിലെ സുപ്രധാന ഡാറ്റ സ്ഥിരമായി ബാക്കപ് ചെയ്യുക: നമ്മുടെ ഫോണിലെ ഡാറ്റ ഒരു എക്സ്റ്റേണൽ ഡിവൈസിലേക്കോ ക്ലൗഡ് സേവനത്തിലേക്കോ പതിവായി ബാക്കപ്പ് ചെയ്യുക. ഫോൺ മോഷ്ടിക്കപ്പെട്ടാൽ, ഒരു ബാക്കപ്പ് ഉള്ളതിനാൽ കാര്യമായ നഷ്ടം കൂടാതെ ഡാറ്റ വീണ്ടെടുക്കാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു.
വിശ്വസനീയമായ സ്രോതസുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക: വ്യാജ ആപ്പുകളും മാൽവെയർ അടങ്ങിയ ആപ്പുകളുമൊക്കെ വ്യാപകമാണ്. അതിനാൽ ഗൂഗിൾ പ്ലേ സ്റ്റോർ പോലെയുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. അറിയപ്പെടാത്തതോ തേർഡ്പാർട്ടി സ്രോതസുകളിൽനിന്നുള്ളതോ ആയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. അവയിൽ സുരക്ഷാപിഴവുകൾ മുതലെടുക്കാൻ രൂപകൽപ്പന ചെയ്‌ത സോഫ്‌റ്റ്‌വെയർ അടങ്ങിയിരിക്കാം.
ഫാക്ടറി റീസെറ്റ്: നമ്മുടെ ഫോണിലെ വിവരങ്ങൾ ചോരുന്നുണ്ട് എന്ന് തോന്നുകയോ ഫോണിൽ അസാധാരണമായ എന്തെങ്കിലും കാര്യങ്ങൾ നടക്കുകയോ ചെയ്യുന്നതായി സംശയം തോന്നിയാൽ ഉടൻ ഫാക്ടറി റീസെറ്റ് ചെയ്യുന്നത് പരിഗണിക്കുക. ഏതെങ്കിലും മാൽവെയറുകൾ ഫോണിൽ കയറിയിട്ടുണ്ടെങ്കിൽ ഇതടക്കം ഫോണിലെ മുഴുവൻ ഡാറ്റയും ഫാക്ടറി റീസെറ്റിലൂടെ മായ്ക്കപ്പെടും. എന്നാൽ ഇങ്ങനെ ചെയ്യും മുമ്പ് പ്രധാനപ്പെട്ട ഡാറ്റ ബാക്കപ്പ് ചെയ്യാൻ മറക്കരുത്.

അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക: വ്യാജ ലിങ്കുകൾ ഇപ്പോൾ സജീവമാണ്. ഒന്ന് ക്ലിക്ക് ചെയ്താൽ നമ്മുടെ പല വിവരങ്ങളും ഹാക്കർമാരുടെ കൈയിലേക്ക് എത്തും. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ഇ-മെയിലുകൾ, ലിങ്ക് അടങ്ങിയ മെസേജുകൾ, ലിങ്കുകൾ എന്നിവയിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
ആപ്പ് പെർമിഷനുകൾ വിലയിരുത്തുക: നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക് അവ ചോദിക്കുന്ന ആക്സസുകൾ കണ്ണും പൂട്ടി പലരും നൽകാറുണ്ട്. എന്നാൽ ആപ്പ് പെർമിഷനുകൾ നൽകുമ്പോൾ അവ നമ്മുടെ സുപ്രധാന വിവരങ്ങളിലേക്ക് അനാവശ്യമായി ആക്സസ് നേടുന്നില്ല എന്ന് ഉറപ്പാക്കുക. ആപ്പിൻ്റെ പ്രവർത്തനത്തിന് ആവശ്യമില്ല എന്ന് തോന്നുന്ന പെർമിഷനുകൾ പിൻവലിക്കുക.


Click it and Unblock the Notifications








