മെഴ്സിഡസ്-ബെൻസ് മുതൽ സാംസങ്ങും സോണിയും വരെ അണിനിരക്കും! അദ്ഭുത ടെക്നോളജികളുടെ ലോകമൊരുക്കി CES 2024!
വരാൻ പോകുന്ന പുതിയ ടെക്നോളജികൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്ന, ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിൽ ഒന്നായ കൺസ്യൂമർ ഇലക്ട്രോണിക് ഷോയുടെ ഏറ്റവും പുതിയ പതിപ്പ് (CES 2024) ജനുവരി 9 ന് ആരംഭിക്കുകയാണ്. ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത് സിഇഎസ് വേദിയായ ലാസ് വേഗാസിലേക്കാണ്.
സ്ഥിരം വേദിയായ ലാസ് വേഗാസിൽ ജനുവരി 9 മുതൽ 12 വരെയാണ് ഈ വർഷത്തെ സിഇഎസ് നടക്കുക. ലോകത്തെ ഏറ്റവും വലിയ ടെക് ഷോയായ സിഇഎസിൽ പ്രമുഖ ഇലക്ട്രോണിക്സ് കമ്പനികളെല്ലാം തങ്ങളുടെ പുതിയ ടെക്നോളജികൾ അവതരിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ CES 2024-ന്റെയും മുഖ്യ ആകർഷണമായേക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്റൽ, എഎംഡി, എൻവിഡിയ തുടങ്ങിയ സെമികണ്ടക്ടർ ഭീമന്മാരും മൊബൈൽ, ഹോം ഇലക്ട്രോണിക്സ് മേഖലയിലെ പ്രമുഖ കമ്പനികളായ സാംസങ്, ഗൂഗിൾ, എൽജി, ആമസോൺ എന്നിവയും ബിഎംഡബ്ല്യു പോലുള്ള നിരവധി ഓട്ടോമോട്ടീവ് കമ്പനികളും അസൂസും എച്ച്‌പിയും പോലുള്ള പിസി നിർമ്മാതാക്കളും തുടങ്ങി നിരവധി പ്രമുഖ കമ്പനികൾ തങ്ങളുടെ പുത്തൻ ടെക്നോളജികളും ഉൽപ്പന്നങ്ങളുമായി സിഇഎസ് 2024 ൽ അണിനിരക്കുന്നു.
സാംസങ്: അദ്ഭുതകരമായ നിരവധി ടെക്നോളജികൾ സിഇഎസിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഇത്തവണത്തെ സിഇഎസിലെ അദ്ഭുതമായിരിക്കും സാംസജ് അവതരിപ്പിക്കാൻ പോകുന്ന ട്രാൻസ്പരന്റ് മൈക്രോഎൽഇഡി ഡിസ്‌പ്ലേ. മൂന്ന് വ്യത്യസ്ത ട്രാൻസ്പരന്റ് മൈക്രോ എൽഇഡി ഡിസ്പ്ലേകൾ അല്പം വ്യത്യസ്തമായ ഡിസൈനുകളോടെ സാംസങ് അവതരിപ്പിച്ചേക്കും. എന്നാൽ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട അവതരണങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

കാരണം സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളടങ്ങുന്ന ഗാലക്സി എസ്24 സീരീസ് അടുത്ത ആഴ്ച അവതരിപ്പിക്കാൻ പോകുകയാണ്. അതിനാൽ സിഇഎസ് 2024ൽ സാംസങ് ഫോണുമായി ബന്ധപ്പെട്ട പ്രദർശനം കുറവായിരിക്കും. എന്നാൽ CES 2024-ൽ AI ഫാമിലി ഹബ്ബിനൊപ്പം ബെസ്‌പോക്ക് 4-ഡോർ ഫ്ലെക്‌സ് റഫ്രിജറേറ്റർ അവതരിപ്പിക്കാനുള്ള പദ്ധതി സാംസങ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ പുതിയ ഫ്രിഡ്ജിനുള്ളിൽ എഐ പിന്തുണയുള്ള ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നു. ഫ്രിഡ്ജിനുള്ളിലെ സാധനങ്ങൾ തിരിച്ചറിയാൻ ഇതിലെ എഐ സംവിധാനത്തിന് കഴിവുണ്ടായിരിക്കും. ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന വിഭവത്തിന്റെ പാചകക്കുറിപ്പ് തയാറാക്കാനും ഈ ഫ്രിഡ്ജിലെ എഐ സംവിധാനത്തിന് കഴിയും എന്നാണ് പറയപ്പെടുന്നത്. കൂടാതെ, ഈ റഫ്രിജറേറ്ററിന് വാട്ടർ ഫിൽട്ടർ നില നിരീക്ഷിക്കാനും അലേർട്ടുകൾ നൽകാനും കഴിയും.
സോണി: സിഇഎസ് 2024ൽ സോണി നവീകരിച്ചതും കോഗ്നിറ്റീവ് XR പ്രോസസറുള്ളതുമായ പുതിയ സ്മാർട്ട് ടിവികളുടെ നിര അവതരിപ്പിച്ചേക്കാം എന്ന് പ്രതീക്ഷിക്കുന്നുണ്ട്. എൻവിഡിയ: ചാറ്റ്ബോട്ട്, ഗെയിമിംഗ്, റോബോട്ടിക്സ് അടക്കം എഐയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള എൻവിഡിയയുടെ പരീക്ഷണങ്ങളുടെ മുന്നേറ്റങ്ങൾ പ്രദശർനത്തിൽ അവതരിപ്പിക്കപ്പെടും എന്ന് റിപ്പോർട്ട് ഉണ്ട്.

എൽജി: എഐ പിന്തുണയുള്ള എൽജിയുടെ പുതിയ ടിവി സിഇഎസ് 2024ൽ അവതരിപ്പിക്കപ്പെടും എന്ന് ടോംസ് ഗൈഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 8 ഇഞ്ച് QNED ടിവി എൽജി അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്, A8 AI പ്രോസസറാണ് ഈ ടിവിയുടെ കരുത്ത്. എച്ച്ഡിആർ ഒപ്റ്റിമൈസേഷനിലൂടെ ത്രീഡി നിലവാരം നൽകി ഈ ടിവി മെച്ചപ്പെട്ട ദൃശ്യാനുഭവം നൽകുമെന്ന് എൽജി അവകാശപ്പെടുന്നു.
മെഴ്‌സിഡസ്-ബെൻസ്: ജർമ്മൻ ആഡംബര കാർ നിർമ്മാതാവായ മെഴ്സിഡസ് CES 2024-ൽ MBUX വെർച്വൽ അസിസ്റ്റന്റിനെ അവതരിപ്പിക്കും. "യൂണിറ്റിയിൽ നിന്നുള്ള ഉയർന്ന റെസല്യൂഷനുള്ള ഗെയിം-എൻജിൻ ഗ്രാഫിക്സ് ഉപയോഗിച്ച് വോയിസ് അസിസ്റ്റന്റിനെ ഒരു പുതിയ വിഷ്വൽ മാനത്തിലേക്ക് കൊണ്ടുപോകുന്നു. ഇൻ-ഹൗസ് വികസിപ്പിച്ച MBUX വെർച്വൽ അസിസ്റ്റന്റ് മെഴ്‌സിഡസ്-ബെൻസ് OS, MB.OS എന്നിവയിൽ പ്രവർത്തിക്കുന്നു.
ഡെൽ: CES 2024-ൽ ഡെൽ Alienware ലാപ്‌ടോപ്പുകളുടെ പുതിയ നിരഅവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ സ്‌ക്രീൻ വലുപ്പവും കാര്യക്ഷമമായ കൂളിംഗ് സംവിധാനവും ഉള്ള ഈ ലാപ്‌ടോപ്പുകൾ ഗെയിമർമാരെയാണ് ലക്ഷ്യമിടുന്നത്. ഇന്റൽ ജെൻ 14 സീരീസിന്റെ പിന്തുണയോടെയാകും ഈ പുതിയ ലാപ്ടോപ്പ് സീരീസ് എത്തുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications







