പ്രതീക്ഷകൾ മങ്ങുന്നു റോവറും ലാൻഡറും പ്രവർത്തനരഹിതം; ഇസ്രോയുടെ അടുത്ത നീക്കം ഇങ്ങനെ!
ചന്ദ്രനിൽ സൂര്യപ്രകാശം എത്തിയെങ്കിലും ഇതുവരെയും ചന്ദ്രയാൻ 3ന്റെ ഭാഗമായ ലാൻഡറിൽ നിന്നും റോവറിൽ നിന്നും പുതിയ സിഗ്നലുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). കഴിഞ്ഞ രണ്ട് ദിവസമായി ഇവയുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇസ്രോ എന്നാലും പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകുന്നില്ല എന്നാണ് ഇവർ വെള്ളിയാഴ്ച അറിയിച്ചത്.
റോവറും ലാൻഡറും തമ്മിലായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ട് ഇരിക്കുകയാണെന്നും ഇസ്രോ പറയുന്നു. എക്സ് പോസ്റ്റ് വഴിയാണ് ഇസ്രോ ഇക്കാര്യം പുറത്ത് വിട്ടത്. വ്യാഴം അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ ചന്ദ്രനിൽ സൂര്യപ്രകാശം എത്തുമെന്നും ആയതിനാൽ തന്നെ ഈ ദിവസങ്ങളിൽ രണ്ട് ഉപകരണങ്ങളും പ്രവർത്തനം പുനരാരംഭിക്കാം എന്നുമായിരുന്നു ഇസ്രോ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച വൈകിട്ട് ആയിട്ടും ഇവയുമായി ആശയവിനിമയം സ്ഥാപിക്കാൻ സാധിച്ചിട്ടില്ല.

അതേ സമയം രണ്ട് ഉപകരണങ്ങളും വീണ്ടും പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞാൽ പൂർണ്ണമായ പ്രവർത്തനക്ഷമത നേടാൻ സാധിക്കില്ല എന്നും ഇവർ പറയുന്നു. സൂര്യ പ്രകാശത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് ലാൻഡറിനേയും റോവറിനെയും രൂപ കൽപന ചെയ്തിരിക്കുന്നത്. ഭൂമിയിലെ പോലെ 24 മണിക്കൂർ അല്ല ചന്ദ്രനിലെ ഒരു ദിവസത്തിന്റെ ദൈർഖ്യം. ഭൂമിയിലെ 14 ദിവസം ആണ് ചന്ദ്രനിലെ ഒരു രാത്രി. അതുപോലെ തന്നെ ഒരു പകലിന്റെ ദൈർഖ്യവും അങ്ങനെ തന്നെയാണ്.
ആയതിനാൽ ഭൂമിയിലെ 14 ദിവസം കഴിഞ്ഞാൽ ആണ് ചന്ദ്രനിലെ രാത്രി അവസാനിക്കു. മാത്രമല്ല ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിൽ ആണ് ഇസ്രോ പേടകം ഇറക്കിയിരിക്കുന്നത്. ഇവിടെ രാത്രി കാലങ്ങളിൽ -200 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പക്കുന്നത്. ചന്ദ്രനിലെ തീവ്രമായ രാത്രികാല സാഹചര്യങ്ങളെ ചെറുക്കാൻ ദൗത്യത്തിന്റെ ഇലക്ട്രോണിക്സ് രൂപകൽപ്പന ചെയ്തിട്ടില്ല. ആയതിനാൽ തന്നെ കഠിനമായ തണുപ്പിൽ റോവറിന്റെയും ലാൻഡറിന്റെയും പല ഉപകരണങ്ങൾക്ക് കേട്പാടുകൾ സംഭവിക്കാനുള്ള സാധ്യതകളും കൂടുതലാണ്.

അതേ സമയം നേരത്തെ റഷ്യ ചന്ദ്രനിലേക്ക് അയച്ചിരുന്ന ലൂണ-25ൽ ചന്ദ്രനിലെ രാത്രികാല തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പ്ലൂട്ടോണിയം റേഡിയോ ഐസോടോപ്പ് എന്ന ഉപകരണം ഉണ്ടായിരുന്നു. ഇത് ഒരുതരം ആണവ ബാറ്ററിയായി കണക്കാക്കാം, ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാവുന്ന താപനിലയിൽ നിലനിർത്താൻ കഴിയുന്ന താപം സൃഷ്ടിക്കാൻ ഇവയ്ക്ക് സാധിക്കും എന്നാൽ വിക്രം ലാൻഡറിനും പ്രഗ്യാൻ റോവറിനും ഈ സൗകര്യം ഉണ്ടായിരുന്നില്ല.
എന്നാൽ റഷ്യയുടെ ലൂണ-25 ദൗത്യം ചന്ദ്രനിൽ ലാൻഡ് ചെയ്യും മുമ്പ് തന്നെ പരാജയപ്പെട്ടിരുന്നു. അതേ സമയം ചന്ദ്രയാൻ -3 അതിന്റെ പ്രധാന ശാസ്ത്ര ലക്ഷ്യങ്ങൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. എന്നിരുന്നിലും ലാൻഡറിന്റെയും റോവറിന്റെയും ആയുസ്സ് വർധിപ്പിച്ചാൽ കൂടുതൽ പഠനങ്ങൾ നടത്താം എന്ന പ്രതീക്ഷയിലാണ് ഇസ്രോ ഇവയെ പുനർജനിപ്പിക്കാൻ ശ്രമിക്കുന്നത്. നേരത്തെ ചന്ദ്രനിൽ പകൽ അവസാനിക്കുന്ന സമയം ഉപകരണങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തുകയും സ്ലീപ്പ് മോഡ് ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നിരുന്നാലും ചന്ദ്രയാൻ 3 ദൗത്യം ഇന്ത്യയ്ക്കും ഇസ്രോയ്ക്കും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ആദ്യമായി പേടകം ഇറക്കുക എന്ന നേട്ടം ഈ ദൗത്യത്തിലൂടെ ഇന്ത്യയ്ക്ക് നേടാൻ സാധിച്ചു. ധാരാളം ഗർത്തങ്ങളും മറ്റും അടങ്ങിയ പ്രദേശം ആണ് ചന്ദ്രന്റെ ദക്ഷിണ ദ്രുവം. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാന്റ് ചെയ്യുന്ന രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് നേടിക്കൊടുത്തതും ഈ ദൗത്യം ആണ്.
അതേ സമയം ഇസ്രോയുടെ ആദ്യ സൗര്യ ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. സെപ്റ്റംബർ 19ന് ആണ് ആദിത്യ എൽ-1 വിജയകരമായി ഭൂമിയുടെ ഭ്രമണതലം ഭേദിച്ചത്. പേടകം ഉയർത്തുന്നതിന്റെ അഞ്ചാം ഘട്ടം ആയിരുന്നു ഇത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ടേ കാലോടെയാണ് പേടകത്തിന്റെ യാത്രാപഥം മാറ്റിയത്. നേരിട്ട് ലക്ഷ്യ സ്ഥാനത്ത് എത്തുക എന്ന വീക്ഷണത്തോടെയാണ് ഇപ്പോൾ പേടകം സഞ്ചരിച്ചുകൊണ്ട് ഇരിക്കുന്നത്.


Click it and Unblock the Notifications