ചന്ദ്രയാൻ 3; ലാൻഡിങ് സമയം പുറത്തുവിട്ട് ഇസ്രോ, ആകാംഷയോടെ രാജ്യം
ചരിത്ര വിജയം സ്വന്തമാക്കാൻ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ചന്ദ്രനോട് കൂടുതൽ അടുത്തു. ലാൻഡർ മോഡ്യൂൾ (LM) അതിന്റെ രണ്ടാമത്തെയും അവസാനത്തെയും ഡീ-ബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വെറും രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രയാൻ ചന്ദ്രനിൽ ലാന്റ് ചെയ്യുമെന്നാണ് ഐഎസ്ആർഓ (ഇസ്രോ) അറിയിച്ചിരിക്കുന്നത്. ഇതോടെ രാജ്യം മുഴുവൻ ആവേശത്തിലായിരിക്കുകയാണ്.
ചന്ദ്രയാൻ-3ന്റെ ഭാഗമായ ലാൻഡർ മൊഡ്യൂളിനെ ബുധനാഴ്ച വൈകീട്ട് 6.04 ന് ചന്ദ്രനിൽ ഇറക്കുമെന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും പേടകം ഇറക്കുക. ഞായറാഴ്ച പുലർച്ചയോടെ ആയിരുന്നു ഡീ-ബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്, നിലവിൽ ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഇരിക്കുകയാണ്. ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 25 കിലോമീറ്ററും കൂടിയ അകലം 134 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് പേടകം എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

സൂര്യപ്രകാശത്തിനായി കാത്തു നിന്നതിന് ശേഷമായിരിക്കും പേടകം ചന്ദ്രനിൽ ഇറക്കുക. ബുധനാഴ്ച വൈകീട്ട് 5.45ഓടു കൂടി ഇതിനായുള്ള തയ്യാറെടുപ്പുകൾ ശാസ്ത്രജ്ഞർ സ്വീകരിച്ച് തുടങ്ങും. ഈ സമയം കൊണ്ട് പേടകത്തിന്റെ ലാൻഡറിലെ ഉപകരണങ്ങൾ ഇവർ സജ്ജമാക്കും. ഈ നിമിഷങ്ങൾ ഈ ദൗത്യത്തിലെ ഏറെ നിർണ്ണായമകായിരിക്കും. സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിലായിരിക്കും പേടകം സഞ്ചരിക്കുക ഇതിന്റെ വേഗത കുറച്ച് ലാന്റിങ്ങിനായുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചതിന് ശേഷം ആയിരിക്കും ലാൻഡിങ് സാധ്യമാകു.
പേടകത്തിന്റെ സഞ്ചാര വേഗത കുറക്കുന്നതിലാണ് ശാസ്ത്രഞ്ജർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുറഞ്ഞത് സെക്കൻഡിൽ മൂന്നുമീറ്റർ വേഗം എങ്കിലും ആക്കാനാണ് ഇവരുടെ ശ്രമം. കരുത്ത് കൂട്ടിയ ലാൻഡിങ് ലെഗുകൾ പേടകത്തെ സുരക്ഷിതമായി ഇറക്കും എന്നും ഇവർക്ക് പ്രതീക്ഷയുണ്ട്. ചന്ദ്രയാൻ-2ന്റെ ഓർബിറ്റർ പകർത്തിയ ചന്ദ്രോപരിതലത്തിന്റെ തെളിമയാർന്ന ചിത്രങ്ങളുടെ സഹായത്തോടെ ആയിരിക്കും പേകടം ഇവിടെ ഇറക്കുക. ചിത്രങ്ങൾ വഴി വ്യക്തമായ രൂപം ഇസ്രോ ഉദ്യാഗസ്ഥർ ലഭിച്ചിട്ടുണ്ട്.

4.2 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ വീതിയുമുള്ള സ്ഥലമാണ് ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത്. പേടകം ചന്ദ്രനിൽ ഇറക്കി കഴിഞ്ഞാൽ ഏതാനും മണിക്കൂറിനുള്ളിൽ റോവർ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. 41 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം ചന്ദ്രനിൽ ഇറങ്ങുന്നത്. ലക്ഷ്യം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഇസ്രോ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഇത് സാധ്യമായാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കുപിന്നാലെ ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തുന്ന രാജ്യമാകാൻ ഇന്ത്യയ്ക്ക് സാധിക്കും.
നിലവിൽ ബംഗളൂരുവിലെ പീനിയയിലെ ഇസ്ട്രാക്കിൽനിന്നാണ് ശാസ്ത്രജ്ഞർ ഈ പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാൻ-3 വിക്ഷേപണം നടത്തിയത്. പിന്നീട് ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് വിജയകരമായി വേർപെടുത്താനും സാധിച്ചു. തുടർന്ന് ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കാനും സാധിച്ചു. 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂളിനെ സ്വതന്ത്രമാക്കുകയും ചെയ്തു.
അതേ സമയം ഇന്ത്യയുടെ ചന്ദ്രയാൻ 3ന് മുമ്പേ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ റഷ്യയുടെ ലൂണ 25ന്റെ നിയന്ത്രണം നഷ്ടമായതായി. ദൗത്യം പരാജയപ്പെട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. ശനിയാഴ്ച രാവിലെ ലാൻഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിലേക്ക് മാറ്റിയപ്പോഴാണ് ലൂണയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. പിന്നീട് റഷ്യൻ ശാസ്ത്രജ്ഞന്മാർക്ക് ഈ ബന്ധം പുനഃസ്ഥാപിക്കാനായില്ല. ശനിയും ഞായറും റഷ്യ മൂന്ന് ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്നായി ഇത് വീണ്ടെടുക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു.
ശനിയാഴ്ച രാവിലെ 11.57ന് ആണ് ശാസ്ത്രഞ്ജൻ പേടകവുമായി അവസാനം ബന്ധപ്പെട്ടത്. ലൂണയുടെ എൻജിൻ ആവശ്യമുള്ളതിനേക്കാൾ ഒന്നരമടങ്ങ് കൂടുതൽ സമയം ജ്വലിച്ചത് മൂലമാണ് നിയന്ത്രണം നഷ്ടപ്പെട്ടതും ദൗത്യം പരാജയപ്പെട്ടതും എന്നാണ് വിലയിരുന്നത്തൽ. ഒരുവർഷം ചന്ദ്രനിൽ ദൗത്യം നടത്താം എന്ന പ്രതീക്ഷയിലാണ് റഷ്യ ലൂണ 25 വിക്ഷേപിച്ചത്. 47 വർഷത്തിനുശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് പേടകം അയച്ചത്. ഈ ദൗത്യത്തിന്റെ പരാജയം ചെറിയ രീതിയിലെങ്കിലും ഇന്ത്യൻ ശാസ്ത്രജ്ഞന്മാരിൽ ഭീതി വിതയ്ക്കുന്നുണ്ട്.


Click it and Unblock the Notifications








