മൊബൈല്‍ പ്രവര്‍ത്തിക്കാന്‍ കോള മതിയോ?

Posted By: Staff

മൊബൈല്‍ പ്രവര്‍ത്തിക്കാന്‍ കോള മതിയോ?

മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ ഉത്പാദനം ഒരിക്കല്‍ നിര്‍ത്തിവെച്ചാല്‍ നമ്മള്‍ എന്തു ചെയ്യും? ഫോണില്‍ എങ്ങനെ ചാര്‍ജ്ജ് നില്‍ക്കും? കോക്ക കോള കിട്ടുമെങ്കില്‍ കുഴപ്പമില്ല. ചാര്‍ജ്ജ് ചെയ്യാം. മൊബൈല്‍ ഫോണിന് ചാര്‍ജ്ജ് നല്‍കാന്‍ കോള ഉപയോഗിക്കാമെന്ന് ചൈനക്കാരിയായ ഡെയ്‌സി ക്‌സെങാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത് വെറും അഭിപ്രായം മാത്രമല്ല, പ്രാവര്‍ത്തികമാണെന്നും ഇവര്‍ കാണിച്ചു തരുന്നു.

ചില മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കിയ ഒരു നോക്കിയ ഫോണിലാണ് ഈ ചൈനക്കാരിയുടെ പരീക്ഷണം നടന്നത്. ലിഥിയം അയണ്‍ ബാറ്ററിയ്ക്ക് പകരം കോളയെ ഇവര്‍ ഉപയോഗിച്ചു. പഞ്ചസാരയുടെ സാന്നിധ്യം ഏറെയുള്ള എന്തുമാകാം ഇന്ധമായി എന്നാണ് ക്‌സെങ് പറയുന്നതെങ്കിലും എവിടെയും ലഭിക്കുന്ന കൊക്കകോളയെയാണ് അദ്ദേഹം ജൈവബാറ്ററിയുടെ സ്ഥാനത്ത് ഉപയോഗിച്ചത്.

സെല്‍ഫോണിന്റെ പ്രവര്‍ത്തനം സാധാരണ പോലെ നടക്കുന്നു എന്ന് മാത്രമല്ല, സാധാരണ ബാറ്ററിയുടേതിനേക്കാള്‍ നാല് മടങ്ങ് അധികസമയം ഈ ബാറ്ററി ചാര്‍ജ്ജ് നീണ്ടുനില്‍ക്കുമെന്നും ഡെയ്‌സി അനുഭവത്തിലൂടെ പറയുന്നുണ്ട്. ഈ രീതി എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാകില്ലെങ്കിലും ക്‌സെങിന്റെ അഭിപ്രായം വിശ്വസനീയമെങ്കില്‍ ഒരു മികച്ച ഊര്‍ജ്ജമാര്‍ഗ്ഗമാകും ഇതും.

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഊര്‍ജ്ജോറവിടങ്ങള്‍ ലിഥിയം ബാറ്ററിയേക്കാള്‍ അധികം പഞ്ചസാര സാന്നിധ്യമുള്ള ഇന്ധനങ്ങളിലൂടെ ലഭിക്കുന്നതാണെന്ന് ഡെയ്‌സി ഈ പ്രോജക്റ്റില്‍ പറയുന്നുണ്ട്. ഈ ജൈവബാറ്ററി എന്‍സൈമുകളെ ദ്രവീകരണ സഹായിയായി ഉപയോഗിക്കുന്നു. കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ പ്രക്രിയയുടെ ലക്ഷ്യം.

കോളയാണ് ഇതില്‍ നിറക്കുന്നതെങ്കിലും ബാറ്ററി താഴുന്നതിനനുസരിച്ച് ഇത് ജലമായും കാര്‍ബണ്‍ ഡയോക്‌സൈഡായും മാറുന്നു. പിന്നീട് ഈ ജലം ഒഴിച്ചുകളഞ്ഞ് വേണം വീണ്ടും അടുത്ത കോള ഒഴിച്ചുനല്‍കാന്‍.

നോക്കിയയ്ക്കായി നടത്തിയ ഒരു പ്രോജക്റ്റിലാണ് ക്‌സെങ് ഈ ഫോണും പുതിയ ബാറ്ററിയും തയ്യാറാക്കിയത്. ഭാവിയില്‍ നോക്കിയയ്ക്ക് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശമുണ്ടോയെന്ന് വ്യക്തമല്ല.

ഇത് വായിക്കുമ്പോള്‍ സാധാരണയായി ധാരാളം ചോദ്യങ്ങള്‍ കടന്നുവരാം. ഓരോ തവണയും ചാര്‍ജ്ജിംഗിന് ഓരോ കോക്ക കോള വാങ്ങുമ്പോള്‍ ചെലവാകുന്ന പണമെത്ര? ഈ രീതി എത്രത്തോളം പ്രായോഗികമാണ്? എന്നിങ്ങനെ. എങ്കിലും ഒരു പുതിയ ആശയം എന്ന നിലയ്ക്ക് ഇതിന് കാണുന്നതില്‍ തെറ്റില്ലല്ലോ?

Please Wait while comments are loading...

Social Counting