ChatGPT ഇനി ഒന്നും മറക്കില്ല; പുതിയ ഫീച്ചറുമായി അവൻ വരുന്നു..
OpenAIയുടെ ChatGPTക്ക് മെമ്മറി എന്നൊരു പുതിയ ഫീച്ചർ വരുന്നു. നിങ്ങൾ ചാറ്റുകളിൽ ചർച്ച ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്റ്റോർ ചെയ്യാൻ വേണ്ടി ഉള്ള ഫീച്ചർ ആണിത്. നിങ്ങൾ ChatGPTയോട് ചോദിച്ച ചോദ്യങ്ങളും നിങ്ങൾക്ക് നൽകിയ ഉത്തരങ്ങളും വീണ്ടും ചോദിക്കാതെ ഭാവിയിൽ ഉപയോഗിക്കാം എന്നത്കൊണ്ട് തന്നെഉപയോക്താക്കൾക്ക് ചാറ്റ്ബോട്ടുമായി സംവദിക്കാൻ ഈ ഫീച്ചർ കൂടുതൽ സഹായകരമാകുന്നു.
OpenAIയുടെ ChatGPT സ്റ്റോർ ചെയ്യുന്ന മെമ്മറികളുടെ പൂർണ്ണ നിയന്ത്രണം ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കും. കാര്യങ്ങൾ വ്യക്തമായി സ്റ്റോർ ചെയ്യാനോ ഡിലീറ്റ് ആക്കാനോ നിങ്ങൾക്ക് AI ചാറ്റ്ബോട്ടിനോട് ആവശ്യപ്പെടാം എന്നാണ് ഇതിനർത്ഥം. 'മെമ്മറി' ഫീച്ചർ ഓഫാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ടോഗിളും ഇതിൽ ഉണ്ട്.

ChatGPTയുടെ മെമ്മറി ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ChatGPTയുമായി ഒരു സംഭാഷണം നടത്തുമ്പോൾ, നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ ഭാവിയിലേക്കായി ഓർത്തുവയ്ക്കാൻ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെടാം. അല്ലെങ്കിൽ നിങ്ങളുടെ ചാറ്റുകളിൽ നിന്ന് വിശദാംശങ്ങൾ ഓട്ടോമാറ്റിക്കായി സ്റ്റോർ ചെയ്യാനും സാധിക്കും. ഈ ഫീച്ചർ ഉപയോക്താക്കളുടെ എണ്ണം കൂട്ടുമെന്നാണ് OpenAI വിശ്വസിക്കുന്നത്.
OpenAI പറയുന്നതനുസരിച്ച്, ChatGPT ചാറ്റുകൾ ആണ് സേവ് ചെയ്യുന്നത്. ഒരു പ്രത്യേക സംഭാഷണം മാത്രമായിട്ട് അല്ല. അതുകൊണ്ട് തന്നെ ചാറ്റിൽ നിന്ന് നിങ്ങൾ ഒരു മെസ്സേജ് ഡിലീറ്റ് ആക്കിയാലും ആ ചാറ്റ് മൊത്തമായി സേവ് ആയത്കൊണ്ട് ആ മെസ്സേജും മെമ്മറിയിൽ ഉണ്ടാകും.
ഫീച്ചർ പ്രവർത്തനരഹിതമാക്കാൻ, നിങ്ങളുടെ ഡിവൈസിലെ ChatGPT ഓപ്പൺ ആക്കുക, Settings എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് Personalization എന്ന വിഭാഗം ടാപ്പ് ചെയ്യുക. അപ്പോൾ Memory എന്നൊരു ഓപ്‌ഷൻ നിങ്ങൾക്ക് കാണുവാൻ സാധിക്കും. അതിൽ കാണുന്ന ടോഗിൾ ഓഫ് ചെയ്താൽ നിങ്ങൾക്ക് ഈ ഫീച്ചർ പ്രവർത്തനരഹിതം ആക്കാൻ സാധിക്കും.

ChatGPTയിൽ സേവ് ആയ ഏതെങ്കിലും ചാറ്റ് നിങ്ങൾക്ക് ഡിലീറ്റ് ആക്കണമെന്ന് ഉണ്ടെങ്കിൽ, ChatGPT Settings എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് Personalization എന്ന വിഭാഗം ടാപ്പ് ചെയ്യുക. ശേഷം Manage Memory എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് വേണ്ട ചാറ്റ് ഡിലീറ്റ് ആക്കാവുന്നതാണ്. അതുമല്ലെങ്കിൽ ChatGPTയോട് നേരിട്ട് ഡിലീറ്റ് ആക്കാൻ ആവശ്യപ്പെടാവുന്നതുമാണ്.
ഈ വർഷം ഫെബ്രുവരിയിൽ ആണ് ഈ ഫീച്ചറിനെ കുറിച്ച് OpenAI പ്രഖ്യാപിച്ചത്. എന്നിരുന്നാലും ഈ ഫീച്ചർ മുമ്പ് കുറച്ച് ടെസ്റ്റർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ ഫീച്ചർ യൂറോപ്പിലും കൊറിയയിലും താമസിക്കുന്നവർ ഒഴികെയുള്ള എല്ലാ ChatGPT പ്ലസ് വരിക്കാർക്കും ലഭ്യമാണെന്ന് OpenAI ഇപ്പോൾ പ്രഖ്യാപിച്ചു.യൂറോപ്പിലും കൊറിയയിലും താമസിക്കുന്ന ഉപയോക്താക്കൾക്ക് ഒരു VPN ഉപയോഗിച്ച് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിഞ്ഞേക്കും.
ഈ വർഷാവസാനം ഐഫോണിൽ അവതരിപ്പിക്കുന്ന ചില പുതിയ ഫീച്ചറുകൾക്ക് വേണ്ടി സ്റ്റാർട്ടപ്പിൻ്റെ ജനറേറ്റീവ് AI സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് Apple Inc OpenAIയുമായി ചർച്ചകൾ പുതുക്കിയതായി ബ്ലൂംബെർഗ് ന്യൂസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കരാറിൻ്റെ നിബന്ധനകളെക്കുറിച്ചും ആപ്പിളിൻ്റെ അടുത്ത ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമായ iOS 18ലേക്ക് OpenAI സവിശേഷതകൾ എങ്ങനെ സംയോജിപ്പിക്കുമെന്നും കമ്പനികൾ തമ്മിൽ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ഏത് പാർട്ണറെ ഉപയോഗിക്കുമെന്ന കാര്യത്തിൽ ആപ്പിൾ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഓപ്പൺഎഐ, ആൽഫബെറ്റ് ഇങ്കിൻ്റെ ഗൂഗിൾ എന്നിവയുമായി ഒരു കരാറിലെത്താം അല്ലെങ്കിൽ പൂർണ്ണമായും മറ്റൊരു ദാതാവിനെ തിരഞ്ഞെടുക്കാം എന്ന പല സാധ്യതകളും ബ്ലൂംബെർഗ് റിപ്പോർട്ട്ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ ഐഫോൺ ഫീച്ചറുകൾക്കായി ഗൂഗിളിൻ്റെ ജെമിനി ചാറ്റ്ബോട്ടിന് ലൈസൻസ് നൽകാനുള്ള ചർച്ചകൾ ആപ്പിൾ നടത്തുന്നതായും ബ്ലൂംബെർഗ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








