മനുഷ്യബുദ്ധിയെ മറികടക്കാൻ ഇനി അധിക സമയം വേണ്ടി വരില്ല; ജിപിടി-4ന്റെ കരുത്തുമായി ചാറ്റ്ജിപിടി
ജിപിടി-3.5 എന്ന ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കി എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി അവതരിപ്പിക്കപ്പെട്ടിട്ട് അധിക മാസങ്ങളായിട്ടില്ല. ഓപ്പൺ എഐ പുറത്തിറക്കിയ ചാറ്റ്ബോട്ട് പിന്നാലെ ലോകം മുഴുവൻ തരംഗമായി മാറിയിട്ടുമുണ്ട്. കവിതയും കഥയും ലൌവ് ലെറ്ററും പ്രോഗ്രാം കോഡുമെല്ലാം തയ്യാറാക്കാനും ഇടപഴകാനുമുള്ള കഴിവുമാണ് ചാറ്റ്ജിപിടിയെ പ്രശസ്തമാക്കിയത്.
വാർട്ടന്റെ എംബിഎ പരീക്ഷ വരെ പാസായി ചാറ്റ്ജിപിടി അതിന്റെ യോഗ്യത തെളിയിച്ചിട്ടുമുണ്ട്. അധികം വൈകാതെ ചാറ്റ്ജിപിടിയുടെ പ്രീമിയം പതിപ്പും പുറത്തിറങ്ങിയിരുന്നു. ഇന്ന് ലോകം നടക്കുന്നത് ചാറ്റ്ജിപിടി തെളിച്ച വഴിയേയാണെന്നും പറയാം. പല ടെക്ക് കമ്പനികളും വെബ് ബ്രൌസറുകളുമൊക്കെ അവരുടെ ടൂളുകളിലും ബ്രൌസറുകളിലുമൊക്കെ ചാറ്റ്ജിപിടിയ്ക്ക് സമാനമായ ചാറ്റ്ബോട്ടുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒടുവിലിതാ ചാറ്റ്ജിപിടിയിലെ ലാംഗ്വേജ് മോഡലിനും ഒരു പിൻഗാമിയെത്തിയിരിക്കുകയാണ്.

ChatGPT ഇപ്പോൾ ഉപയോഗിക്കുന്ന ലാംഗ്വേജ് മോഡലിലും കൂടുതൽ അപ്ഗ്രേഡഡായിട്ടുള്ള വേർഷനാണ് ജിപിടി-4. കൂടുതൽ സൂക്ഷ്മമായ നിർദേശങ്ങൾ കൈകാര്യം ചെയ്യാനും ജിപിടി-4 -ന് കഴിവുണ്ട്. ഡീപ്പ് ലേണിങ് സാങ്കേതികവിദ്യയിൽ ഇത് വരെ കമ്പനിയ്ക്ക് കൈവരിക്കാനായ ഏറ്റവും വലിയ നേട്ടമായാണ് ഓപ്പൺ എഐ ജിപിടി-4 -നെ വിശേഷിപ്പിക്കുന്നത്. ഇമേജുകളും ടെക്സ്റ്റും ഉപയോഗിച്ച് നിർദേശങ്ങൾ സ്വീകരിച്ച് ടെക്സ്റ്റ് ഔട്ട്പുട്ടുകൾ നൽകാൻ കഴിയുന്ന മൾട്ടിമോഡൽ ലാംഗേജ് മോഡലാണ് ജിപിടി-4.
യഥാർഥ സാഹചര്യങ്ങളിൽ മനുഷ്യരുടെയത്ര കഴിവില്ലെങ്കിലും പ്രൊഫഷണൽ, അക്കാദമിക് മാനദണ്ഡങ്ങളിൽ മനുഷ്യരുടെ നിലവാരത്തിലുള്ള പെർഫോമൻസും GPT-4 -ൽ കമ്പനി ഉറപ്പ് നൽകുന്നുണ്ട്. വിവിധ പരീക്ഷകളിൽ വിജയിക്കാനും ജിപിടി-4 -ന് കഴിഞ്ഞു. പക്ഷെ പരീക്ഷകൾ വിജയിച്ചുവെന്നതിന് അപ്പുറം പുലർത്തിയ നിലവാരമാണ് ജിപിടി-4 -നെ വ്യത്യസ്തമാക്കുന്നത്. ജിപിടി-4 വിജയിച്ച പരീക്ഷകളുടെ ഒരു ലിസ്റ്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ജിപിടി-4 -ന് നേടാൻ കഴിഞ്ഞ സ്കോറുകളും ഓപ്പൺ എഐ ഷെയർ ചെയ്തിട്ടുണ്ട്.

ജിപിടിയ്ക്ക് ലഭിച്ത സ്കോറുകളും വളരെ മികച്ചതാണെന്ന് പറയാം. 88 ശതമാനം മാർക്കോടെ എൽസാറ്റ് പരീക്ഷയും എസ്എറ്റി മാത്ത് പരീക്ഷ 89 ശതമാനം മാർക്കോടെയും വിജയിക്കാൻ ജിപിടി-4 -ന് കഴിഞ്ഞിട്ടുണ്ട്. ജിആർഇ ക്വാണ്ടിറ്റേറ്റീവ് പരീക്ഷയിൽ 80 ശതമാനം മാർക്കും ജിആർഇ വെർബൽ, റൈറ്റിങ് പരീക്ഷകളിൽ യഥാക്രമം 99, 54 ശതമാനം മാർക്കും ജിപിടി-4 സ്വന്തമാക്കിയിട്ടുണ്ട്.
അതിസങ്കീർണമായ ചോദ്യങ്ങൾക്ക് അതിന്റെ മുൻഗാമി നൽകുന്നതിലും മികച്ച ഉത്തരങ്ങൾ നൽകാൻ ജിപിടി-4 -ന് സാധിക്കുന്നു. അത് പോലെ തന്നെ ഇമേജുകൾ ഉപയോഗിച്ച് നൽകുന്ന പ്രോംപ്റ്റുകൾ ( നിർദേശങ്ങളും ചോദ്യങ്ങളും ) മനസിലാക്കാനും വാചക രൂപത്തിൽ മറുപടി നൽകാനും പുതിയ ലാംഗ്വേജ് മോഡലിന് കഴിയുന്നുണ്ട്. ചിത്രങ്ങൾ എന്ന് പറയുമ്പോൾ ചിത്രങ്ങളും ഫോട്ടോകളുമുള്ള ഡോക്യുമെന്റ്സ് ഉപയോഗപ്പെടുത്താൻ കഴിയും. ഡയഗ്രമുകൾ, സ്ക്രീൻഷോട്ടുകൾ എന്നിവയും പ്രോംപ്റ്റുകളിൽ ഉൾപ്പെടുത്താം.

ചാറ്റ്ജിപിടിയുടെ മറ്റൊരു പരിമിതിയും ജിപിടി-4 ലൂടെ കമ്പനി മറികടന്നിട്ടുണ്ട്. ചാറ്റ് ജിപിടിയ്ക്ക് നിശ്ചിതമായ ഒരു ഭാഷാരീതിയും ടോണും സ്റ്റൈലും മാത്രമാണുണ്ടായിരുന്നത്. അതായത് നിർദേശങ്ങൾക്ക് ലഭിക്കുന്ന ഉത്തരങ്ങൾ വ്യത്യസ്തമാണെങ്കിലും അവയുടെ രീതികൾ സമാനമായിരിക്കും. ഈ പോരായ്മ ജിപിടി-4 മറികടക്കുന്നു. ചാറ്റ് ജിപിടി ഡെവലപ്പേഴ്സിന് അവർക്കിഷ്ടമുള്ള സ്റ്റൈലിലേക്ക് എഐയുടെ ശൈലിയും രീതികളും കസ്റ്റമൈസ് ചെയ്യാൻ ജിപിടി-4 -ൽ ഓപ്ഷനുണ്ട്.
ഇത് താമസിയാതെ എല്ലാ യൂസേഴ്സിനും ലഭ്യമാകുകയും ചെയ്യും. നിർദേശങ്ങൾ ചാറ്റ്ബോട്ടിന്റെ "സിസ്റ്റം മേസേജിൽ" വിവരിച്ച് കൊടുത്താൽ മതിയാകും. നിലവിൽ ചാറ്റ്ജിപിടി പ്ലസ് യൂസേഴ്സിന് ജിപിടി-4 ആക്സസ് ചെയ്യാൻ സാധിക്കും. ഡെവലപ്പേഴ്സിന് ജിപിടി-4 വെയ്റ്റ് ലിസ്റ്റിൽ ജോയിൻ ചെയ്യാം. മൈക്രോസോഫ്റ്റ് ബിങിലും ജിപിടി-4 ലഭ്യമാക്കിയിട്ടുണ്ട്. ജിപിടി-4 -ന് ഒരു സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കാനുള്ള സാധ്യതയും ഓപ്പൺ എഐ തള്ളിക്കളയുന്നില്ല.


Click it and Unblock the Notifications








