ട്രെയിൻ അപകടത്തിൽ 9 പേർ മരിച്ചെന്ന് വ്യാജ വാർത്തയുണ്ടാക്കി; യുവാവ് അറസ്റ്റിൽ, ചാറ്റ്ജിപിടിയും 'പ്രതി'!
എഐ യുഗത്തിൽ സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാനാകാതെ ജനം വഞ്ചിതരാകും എന്ന് എഐയുടെ ഗോഡ്ഫാദറായ ജെഫ്രി ഹിന്റൺ കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. അദ്ദേഹം മാത്രമല്ല, എഐ സാങ്കേതികവിദ്യയുടെ വളർച്ചയെ ഭയത്തോടെ നോക്കിക്കാണുന്ന ഏതാണ്ട് എല്ലാവരും ഇതേ അഭിപ്രായക്കാരാണ്. എഐയുടെ സാധ്യതകൾ അനന്തമാണ്.
ഓരോ ദിവസം കഴിയുന്തോറും എഐ ഉപയോഗിച്ച് ചെയ്യാവുന്ന അദ്ഭുതങ്ങളുടെ വ്യാപ്തി കൂടിവരുന്നു. ഓരോ കമ്പനികളും തങ്ങളുടെ സേവനങ്ങളിൽ എഐ പിന്തുണ ഉറപ്പാക്കാൻ രാപകലില്ലാതെ പരിശ്രമിക്കുന്നു. ധാർമ്മിക മൂല്യങ്ങൾ മറന്നുകൊണ്ട് മത്സരബുദ്ധിയോടെയുള്ള എഐ പരീക്ഷണങ്ങൾ ആപത്തിലേക്കാണ് പോകുന്നത് എന്നും ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എഐ തെറ്റായ കൈകളിലാണ് എത്തുന്നത് എങ്കിൽ അത് മറ്റുള്ളവർക്ക് ഭീഷണിയാകും എന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. എഐ ഒരുപാട് നേട്ടങ്ങൾ സമ്മാനിക്കാൻ കഴിവുള്ള സാങ്കേതികവിദ്യ ആണെങ്കിലും അത് ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങളും വർധിക്കുന്നുണ്ട്. അത് എഐയെ എതിർക്കുന്ന ആളുകളുടെ വാദങ്ങൾക്ക് ബലം പകരുന്നു.
എഐയെ ദുരുപയോഗം ചെയ്ത് ജനത്തെ കബളിപ്പിച്ച ഒരു സംഭവം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ചാറ്റ്ജിപിടി സഹായത്താൽ, വ്യാജ ട്രെയിൻ അപകട വാർത്ത സൃഷ്ടിച്ച യുവാവ് അപകടത്തിൽ 9 പേർ കൊല്ലപ്പെട്ടതായി പ്രചരിപ്പിച്ച് പോലീസിനെയും ജനങ്ങളെയും കബളിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ എഐ തരംഗത്തിന് തുടക്കമിട്ട ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി എഐ ആണ് സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്.

ചാറ്റ്ജിപിടിക്ക് നിരോധനമുള്ള ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ചാറ്റ്ജിപിടിക്ക് മാത്രമല്ല, ഇന്റർനെറ്റ് ഉപയോഗത്തിന് പോലും കർശനമായ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ചൈന. ആ ചൈനയിൽ എല്ലാ സർക്കാർ നിരീക്ഷണ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ചാണ് വ്യാജ ട്രെയിൻ അപകടവാർത്ത ഈ യുവാവ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
തുടർന്ന് ചാറ്റ്ജിപിടി ദുരുപയോഗം ചെയ്തതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാറ്റ്ജിപിടി ഉപയോഗിച്ചതിന് ചൈനയിൽ നടക്കുന്ന ആദ്യ അറസ്റ്റുകൂടിയാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ സൃഷ്‌ടിച്ചതിന് ഹോങ് എന്ന് പേരുള്ള പ്രതിയെ അറസ്റ്റ് ചെയ്തതായി ഗാൻസു പ്രവിശ്യയിലെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രെയിൻ അപകടത്തിൽ ഒമ്പത് പേർ മരിച്ചുവെന്ന വ്യാജവാർത്ത ശ്രദ്ധയിൽപ്പെട്ട കോങ്‌ടോങ് കൗണ്ടിയിലെ സൈബർ സുരക്ഷാ ഉദ്യോഗസ്ഥരാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ബൈജിയാഹാവോ എന്ന ചൈനീസ് പ്ലാറ്റ്‌ഫോമിൽ 20-ലധികം അക്കൗണ്ടുകളിൽനിന്നാണ് ഈ വാർത്ത പോസ്റ്റ് ചെയ്തത്. അധികൃതർ ഇത് വ്യാജവാർത്തയാണ് എന്ന് സ്ഥിരീകരിക്കുമ്പോഴേക്കും 15,000-ത്തിലധികം പേർ ഈ വാർത്ത ക്ലിക്ക് ചെയ്തിരുന്നു.
വാർത്തയുടെ ഉറവിടം അന്വേഷിച്ചെത്തിയ പോലീസ് ഹോങ്ങിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയിൽ നിന്നാണ് വാർത്തയുടെ ഉത്ഭവമെന്ന് കണ്ടെത്തി. ഹോങ്ങിന്റെ വീട് പരിശോധിച്ച പോലീസ് കമ്പ്യൂട്ടർ കസ്റ്റഡിയിലെടുത്തു. ബൈജിയാഹോയുടെ ഡ്യൂപ്ലിക്കേഷൻ ചെക്ക് ഫംഗ്‌ഷൻ മറികടന്ന് ഒന്നിലധികം അക്കൗണ്ടുകളിൽ വ്യാജ വാർത്ത പോസ്റ്റ് ചെയ്തതായി യുവാവ് സമ്മതിച്ചു എന്നാണ് പോലീസ് പറയുന്നത്.
ചാറ്റ്ജിപിടിയുടെ സഹായത്താൽ മുൻ വർഷങ്ങളിലെ ട്രെൻഡിംഗ് സോഷ്യൽ സ്റ്റോറികളുടെ ഘടകങ്ങൾ ഉൾപ്പെടുത്തി ഒരേ വ്യാജ വാർത്തയുടെ വ്യത്യസ്ത പതിപ്പുകൾ ഹോങ് നിർമിക്കുകയായിരുന്നു. ചാറ്റ്ജിപിടിക്ക് വിലക്കുള്ള രാജ്യമാണ് ചൈന. അതിനാൽത്തന്നെ ചൈനീസ് ഐപി അഡ്രസുകളിൽ ചാറ്റ്ജിപിടി നേരിട്ട് ലഭ്യമല്ല. എന്നാൽ വിപിഎൻ സേവനം ഉപയോഗിച്ച് ചൈനക്കാർക്ക് ചാറ്റ്ജിപിടി ആക്സസ് നേടാൻ സാധിക്കും.

ഈ വഴിയിലൂടെയാണ് ഹോങ്ങും ചാറ്റ്ജിപിടി പരീക്ഷിച്ചത്. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയ്‌ക്കെതിരെ (സിപിസി)യുള്ള ഉള്ളടക്കങ്ങൾ പ്രചരിക്കാതിരിക്കാൻ ഫയർവാളുകൾ വഴി സോഷ്യൽ മീഡിയയെ ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇത് മറികടന്നാണ് ഹോങ് വ്യാജവാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്. ഡീപ് സിന്തസിസ് സാങ്കേതികവിദ്യയുടെ അനിയന്ത്രിതമായ ഉപയോഗം ഓൺലൈൻ തട്ടിപ്പുകളും അപകീർത്തിപ്പെടുത്തലും പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയും ചൈനയ്ക്കുണ്ട്.
മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമം നടത്തി എന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഹോങ്ങിനെതിരേ ചുമത്തിയിരിക്കുന്നത്. പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റകൃത്യം ഗുരുതരമാണെന്ന് തെളിഞ്ഞാൽ, പത്ത് വർഷം വരെ തടവും അധിക ശിക്ഷയും ലഭിക്കാം. "ഡീപ്ഫേക്ക്" സാങ്കേതികവിദ്യ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ ചൈനയിൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതാദ്യമായാണ് ഇതുപ്രകാരം അറസ്റ്റുണ്ടാകുന്നത്.


Click it and Unblock the Notifications








