പ്രണയവും ടെക്നോളജിയും ഒത്തുചേർന്നാൽ ഇങ്ങനെയും നടക്കും! വിവാഹത്തിന് നേതൃതം വഹിച്ച് ചാറ്റ്ജിപിടി
ടെക്നോളജിയും പ്രണയവും തമ്മിലുള്ള 'അന്തർധാര' പണ്ട്മുതലേ ശക്തമാണ്. പ്രണയിക്കുന്നവർക്ക് അവരുടെ പ്രണയം തുറന്നുപറയാനും, സുഗമമായി അത് മുന്നോട്ട് കൊണ്ടുപോകാനുമെല്ലാം വിവിധ ടെക്നോളജികൾ ഏറെ സഹായം ചെയ്യാറുണ്ട്. എന്നാലിപ്പോൾ ഒരുപടികൂടി കടന്ന് വിവാഹം നടത്താനും ടെക്നോളജി മുന്നോട്ടുവന്നിരിക്കുന്നു. പുതിയ എഐ ടെക്നോളജിയിലെ മിന്നുംതാരമായ ചാറ്റ്ജിപിടിയാണ് ഇവിടെയും താരം.
മനുഷ്യർക്ക് മാത്രം ചെയ്യാൻ കഴിയുമെന്ന് പലരും വിശ്വസിച്ചിരുന്ന ഒരുപാട് കാര്യങ്ങൾ, സർഗാത്മക രചനകൾ ഉൾപ്പെടെ, ഇതിനകം നിർവഹിച്ച് ശ്രദ്ധനേടിയ എഐ ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. എഐ എന്ന ടെക്നോളജി രംഗത്തെ പുത്തൻ ചർച്ചാവിഷയത്തെ കെട്ടഴിച്ച് വിശ്വമെങ്ങും മേയാൻ വിട്ടതുതന്നെ ചാറ്റ്ജിപിടി ആണെന്ന് പറയാം.

കാരണം ലോകമെമ്പാടും എഐ ഗവേഷണങ്ങൾക്ക് വേഗത കൂടിയത് ചാറ്റ്ജിപിടിയുടെ കടന്നുവരവോടെയാണ്. ചാറ്റ്ജിപിടിക്ക് ലഭിച്ച വൻ സ്വീകാര്യത വമ്പൻ ടെക്നോളജി കമ്പനികളെ ഉൾപ്പെടെ അമ്പരപ്പിച്ചിരുന്നു. സാക്ഷാൽ ഗൂഗിളിന് വരെ ചാറ്റ്ജിപിടി വൻ വെല്ലുവിളി ഉയർത്തി. അതിനുപിന്നാലെ പല കമ്പനികളും തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ചാറ്റ്ജിപിടി പിന്തുണയും എഐ പിന്തുണയുമൊക്കെ ഉറപ്പാക്കാൻ ശ്രമം ശക്തമാക്കി.
ചാറ്റ്ജിപിടിയുടെ കഴിവുകൾ ഇതിനോടകം പലവിധത്തിൽ ലോകം കണ്ടു. പലരും തങ്ങളുടെ ആവശ്യങ്ങൾക്ക് ചാറ്റ്ജിപിടിയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ആലോചിക്കാൻ തുടങ്ങി. അത്തരമൊരു ആലോചനയാണ് ഒരു വിവാഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അതിഥികളെ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ ഏറ്റെടുത്തു നടത്താൻ ചാറ്റ്ജിപിടിയെ നിയോഗിക്കുന്നതിലേക്ക് എത്തിപ്പെട്ടത്.

കൊളറാഡോയിൽ താമസിക്കുന്ന റീസ് അലിസൺ വിയഞ്ചിന്റെയും ഡെയ്‌റ്റൺ ട്രൂയിറ്റിന്റെയും വിവാഹമാണ് ചാറ്റ്ജിപിടിയുടെ നേതൃത്വം കൊണ്ട് ഇപ്പോൾ ലോകമെങ്ങും ശ്രദ്ധ നേടിയിരിക്കുന്നത്. പീപ്പിൾ മാഗസിൻ പറയുന്നതനുസരിച്ച്, ഒരു റോബോട്ടിക് മാസ്കും താഴേക്ക് സ്പീക്കറുമൊക്കെ ഘടിപ്പിച്ച രൂപത്തിലാണ് ചാറ്റ്ജിപിടിയെ വിവാഹത്തിന്റെ മുഖ്യ നേതൃത്വം നൽകി അവതരിപ്പിച്ചത്.
ദമ്പതികൾക്കൊപ്പം നിലയുറപ്പിച്ച ചാറ്റ്ജിപിടി വിവാഹത്തിനെത്തിയവരെ നന്ദിയറിയിക്കുകയും വരവേൽക്കുകയും ചെയ്തു. കൊളറാഡോയിൽ വിവാഹം നടത്താൻ ലൈസൻസുള്ള ഉദ്യോഗസ്ഥന്റെ ആവശ്യമില്ലാത്തതിനാലാണ് ചാറ്റ്ജിപിടി നേതൃത്വത്തിൽ വിവാഹം നടക്കുകയെന്ന അപൂർവത അരങ്ങേറിയത് എന്ന് പീപ്പിൾസ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. ലളിതവും ചെലവുകുറഞ്ഞതുമായ ഒരു വ്യത്യസ്ത ഓപ്ഷനെന്ന നിലയിൽ, വധുവിന്റെ പിതാവ് സ്റ്റീഫൻ വിയഞ്ചാണ് വിവാഹത്തിന്റെ മുഖ്യകാർമ്മികനായി ചാറ്റ്ജിപിടിയെ നിർദേശിച്ചത്.
വൈദികർ കാർമികരായി വേണമെന്നില്ലന്ന വധുവിന്റെയും വരന്റെയും തീരുമാനവും നിർണായകമായി. ഇത്തരമൊരു ആലോചന നടപ്പിലാക്കാൻ തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടെങ്കിലും വധുവും വരനും കുടുംബാംഗങ്ങളും ചാറ്റ്ജിപിടിയുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വിവാഹത്തിന് എത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ ചാറ്റ്ജിപിടിക്ക് നൽകി.

ഈ വിവരങ്ങളുടെ ഉൾപ്പെടെ അടിസ്ഥാനത്തിലാണ് വിവാഹത്തിനെത്തിയവരെ ചാറ്റ്ജിപിടി വരവേൽക്കുകയും നന്ദിപറയുകയും ചെയ്തത്. ഏറ്റവും പുതിയ ടെക്നോളജിയുടെ സഹായത്തോടെ നടന്ന ഈ കല്യാണം അരങ്ങേറിയത് 1885-ൽ നിർമിക്കപ്പെട്ട ചരിത്രപ്രസിദ്ധമായ പള്ളിയിലായിരുന്നു എന്നതാണ് കൗതുകകരമായ മറ്റൊരുകാര്യം. ഒരാഴ്ചകൊണ്ടാണ് ചാറ്റ്ജിപിടി നേതൃത്വത്തിലുള്ള ഈ കല്യാണം ആസൂത്രണം ചെയ്തതെന്ന് വധൂവരന്മാർ ഒരു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അടുത്തിടെ എഐ നേതൃത്വത്തിൽ നടന്ന ലോകത്തിലെ ആദ്യത്തെ എഐ മതപ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജർമനിയിലെ ബവേറിയൻ പട്ടണമായ ഫ്യൂർത്തിലെ സെന്റ് പോൾസ് പള്ളിയിലായിരുന്നു ആ ചരിത്രമുഹൂർത്തം അരങ്ങേറിയത്. ബവേറിയൻ പട്ടണങ്ങളായ ന്യൂറെംബർഗിലെയും സമീപത്തുള്ള ഫ്യൂർത്തിലെയും പ്രൊട്ടസ്റ്റന്റുകളുടെ കൺവെൻഷന്റെ ഭാഗമായാണ് എഐ മതപ്രഭാഷണം അരങ്ങേറിയത്.
വിയന്ന സർവകലാശാലയിലെ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ജോനാസ് സിമ്മർലീന്റെ നേതൃത്വത്തിലാണ് ചാറ്റ്ജിപിടി പിന്തുണയോടെ പ്രവർത്തിക്കുന്ന എഐ മതപ്രഭാഷണ സംവിധാനം ഒരുക്കിയത്. അതേസമയം, ഭാവഭേദങ്ങളേതുമില്ലാതെ തികച്ചും യാന്ത്രികമായി ഒരേ രീതിയിലാണ് എഐയുടെ മതപ്രഭാഷണം മുന്നേറിയത്. അതിനാൽത്തന്നെ തുടക്കത്തിലെ കൗതുകത്തിനപ്പുറം എഐ പ്രഭാഷണം അരോചകമാണ് എന്നായിരുന്നു പങ്കെടുത്തവരുടെ അഭിപ്രായം.


Click it and Unblock the Notifications








