ഡോക്ടർമാർ തോറ്റിടത്ത്, നായയുടെ ജീവൻ രക്ഷിച്ച് കഥാനായകനായി; ചാറ്റ്ജിപിടി ഒരു 'രാമനാഥൻ' തന്നെ!
ജയറാം നായകനായെത്തിയ സൂപ്പർഹിറ്റ് മലയാള സിനിമയാണ് 'കഥാനായകൻ'. ആ സിനിമയിൽ ജയറാം അവതരിപ്പിക്കുന്ന രാമനാഥൻ എന്ന കഥാപാത്രവും കലാമണ്ഡലം കേശവൻ അവതരിപ്പിച്ച പയ്യാരത്ത് പത്മനാഭൻ നായർ എന്ന കഥാപാത്രവും അവരുടെ സംഭാഷണവും ട്രോൾ പേജുകളിലും മലയാളിയുടെ നർമ സംഭാഷണങ്ങളിലും കഴിഞ്ഞ കുറച്ച് നാളുകളായി സ്ഥിരം ഇടംപിടിക്കാറുണ്ട്.
എന്തുവിദ്യയും വശമുള്ള ഒരു സമർഥനും സർവവിജ്ഞാനകോശവുമായാണ് രാമനാഥൻ എന്ന കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. അയാളുടെ അറിവ് മനസിലാക്കുന്ന ഘട്ടങ്ങളിലെല്ലാം പയ്യാരത്ത് പത്മനാഭൻ നായർ എന്ന കഥാപാത്രം '' ആഹാ 'അതും' വശമുണ്ടോ രാമനാഥന്'' എന്ന് ആശ്ചര്യത്തോടെ ചോദിക്കാറുണ്ട്. ഈ ചോദ്യത്തെയും കഥാപാത്രങ്ങളെയും ട്രോളന്മാർ പിൽക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ ട്രോളുകൾക്കപ്പുറമുള്ള യഥാർഥ ലോകത്ത് ശരിക്കും ഒരു 'രാമനാഥൻ( സകലകലാ വല്ലഭനും സർവവിജ്ഞാനകോശവും)' ഉണ്ടെങ്കിൽ അത് ഇന്നത്തെ സാഹചര്യത്തിൽ ഓപ്പൺഎഐ കൊണ്ടുവന്ന ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്ബോട്ട് ആണെന്ന് പറയാം. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽത്തന്നെ ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ചാറ്റ്ജിപിടിയുടെ കഴിവുകൾ വൈറലായി.
ടെക്നോളജി മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിക്കൊണ്ട് വന്ന ചാറ്റ്ജിപിടിയുടെ കഴിവുകൾ അനന്തമാണ്. ദൈനംദിന ജീവിതത്തിലും തൊഴിലിലും ഉൾപ്പെടെ മനുഷ്യനെ സഹായിക്കാനും സകല മേഖലയിലും സ്വാധീനം ചെലുത്താനും കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തി എത്തിയ ചാറ്റ്ജിപിടിയുടെ വീരകഥകൾ ഇന്ന് നാട്ടിൽ പാട്ടാണ്.

മനുഷ്യനെ അമ്പരപ്പിച്ച നിരവധി പ്രകടനങ്ങൾക്കുശേഷം, ഇപ്പോൾ ഒരു നായയുടെ ജീവൻ രക്ഷിക്കുന്നതിലും ചാറ്റ്ജിപിടി നിർണായക പങ്കുവഹിച്ചു എന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. കൂപ്പർ എന്ന ട്വിറ്റർ യൂസറാണ് ചാറ്റ്ജിപിടിയുടെ ചാറ്റ്ബോട്ട് തന്റെ നായയായ സാസിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ചെള്ളുകടികൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ സിസിയിൽ കണ്ടതോടെ കൂപ്പർ തുടക്കത്തിൽത്തന്നെ ഡോക്ടർമാരുടെ സഹായം തേടി. ആദ്യമൊക്കെ ചികിത്സയോട് സിസി നന്നായി പ്രതികരിക്കുകയും രോഗാവസ്ഥയിൽ മാറ്റങ്ങൾ കാണുകയും ചെയ്തു. എന്നാൽ പിന്നീട് ദിവസങ്ങൾ കഴിയുന്തോറും സിസിയുടെ ആരോഗ്യാവസ്ഥ മോശമാകുകയും ക്ഷീണിക്കുകയും ചെയ്തു. സിസിയെ രക്ഷിക്കാൻ കൂപ്പർ നിരവധി ഡോക്ടർമാരുടെ സഹായം തേടി.
എന്നാൽ രോഗനിർണയം നടത്താൻ സാധിച്ചില്ല. പല ഡോക്ടർമാരും സിസിയെ കൈയൊഴിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് താൻ ചാറ്റ്ജിപിടി ചാറ്റ്ബോട്ടിന്റെ സഹായം തേടിയത് എന്ന് കൂപ്പർ പറയുന്നു. ചാറ്റ്ജിപിടിയുടെ കഴിവുകളിൽ ചികിത്സ ഉള്ളതായി കേട്ടിരുന്നില്ല എങ്കിലും അവസാന വഴി എന്ന നിലയിലാണ് കൂപ്പർ ഈ എഐ ചാറ്റ്ബോട്ടിന്റെ സഹായം തേടിയത്.

സാസിയുടെ രോഗലക്ഷണങ്ങൾ കൂപ്പർ ചാറ്റ്ജിപിടി ചാറ്റ്ബോട്ടിനോട് വിവരിക്കുകയും എന്ത് രോഗമാണ് ഇതെന്ന് ആരായുകയും ചെയ്തു. ലക്ഷണങ്ങൾ പരിശോധിച്ച ചാറ്റ്ബോട്ട് സാസിക്ക് ഹീമോലിറ്റിക് അനീമിയ(IMHA) ആയിരിക്കാം എന്ന് സൂചിപ്പിച്ചു. ചാറ്റ്ജിപിടിയിൽ നിന്ന് കിട്ടിയ വിവരങ്ങളുമായി കൂപ്പർ തൊട്ടടുത്ത ദിവസം വീണ്ടും ഡോക്ടറുമായി കൂടിക്കാഴ്ച നടത്തി.
തനിക്ക് ചാറ്റ്ജിപിടിയിൽനിന്ന് ലഭിച്ച വിവരങ്ങൾ അദ്ദേഹം ഡോക്ടർക്ക് കൈമാറി. തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തിയ ഡോക്ടർ ചാറ്റ്ബോട്ടിന്റെ നിഗമനം സ്ഥിരീകരിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ സാസി ഏതാണ്ട് പൂർണ്ണമായും സുഖം പ്രാപിച്ചു. വേഗത്തിലുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും സഹായകമായത് ചാറ്റ്ജിപിടിയുടെ സേവനമാണെന്ന് കൂപ്പർ നന്ദിയോടെ കുറിച്ചു.
കൂപ്പർ നൽകിയ വിവരങ്ങളിൽനിന്ന് സാസിയുടെ രോഗം കണ്ടെത്താൻ ചാറ്റ്ജിപിടിക്ക് കഴിഞ്ഞു എങ്കിലും അതൊരു സുരക്ഷിതമായ മാർഗമാണ് എന്ന് കരുതാനാകില്ല. കാരണം ചാറ്റ്ജിപിടി തെറ്റായ വിവരങ്ങളും നൽകിയേക്കാം. അതിനാൽത്തന്നെ രോഗം വന്നാൽ സുരക്ഷിതമായ മാർഗം എന്ന നിലയിൽ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ആരോഗ്യമേഖലയിൽ ഉൾപ്പെടെ സഹായമാകാൻ എഐക്ക് പലവിധത്തിൽ സാധിക്കും എന്നതിന്റെ ഒരു ഉദാഹരണം എന്ന നിലയിൽ ഈ സംഭവത്തെ കാണാം. ഭാവിയിൽ സാങ്കേതികവിദ്യ കൂടുതൽ പുരോമിക്കുമ്പോൾ മൃഗചികിത്സയിൽ ഉൾപ്പെടെ നിർണായകമായ സംഭാവനകൾ നൽകാൻ എഐയ്ക്ക് സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതെ, ചാറ്റ്ജിപിടിയുടെയും എഐയുടെയും ശക്തി കൂടുതൽ കാണാനും ഉപയോഗിക്കാനും ലോകം തയാറടുക്കേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








