കുടുംബചിത്രം പങ്കുവെക്കുന്നവർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി പൊലീസ്
കുട്ടികൾ അടങ്ങുന്ന കുടുംബചിത്രങ്ങളോ കുട്ടികളുടെ മറ്റ് ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ആസാം പൊലീസ്. ഇതിനായി ഒരു പ്രത്യേക ക്യാമ്പെയിൻ തന്നെ സോഷ്യൽ മീഡിയകളിൽ പൊലീസ് തുടങ്ങിയിട്ടുണ്ട്. ട്വിറ്റർ വഴിയാണ് നിലവിൽ ക്യാമ്പെയിൻ നടക്കുന്നത്. #DontBeASharent എന്ന ഹാഷ് ടാഗ് മുൻനിർത്തിയാണ് പൊലീസിന്റെ നടപടി.
ലൈക്കുകൾ തിളങ്ങും പക്ഷെ ഇതിന്റെ ഡിജിറ്റൽ പാടുകൾ എന്നും അവശേഷിക്കും. നിങ്ങളുടെ കുട്ടിയെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുക. സോഷ്യൽ മീഡിയയിൽ നിങ്ങളുടെ കുട്ടിയെക്കുറിച്ച് നിങ്ങൾ പങ്കിടുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. എന്നായിരുന്നു ആസാം പൊലീസിന്റെ ഔദ്യോഗിക ട്വീറ്റ്. കുട്ടികളുടെ സ്വകാര്യത സോഷ്യൽ മീഡിയ അറ്റൻഷനുവേണ്ടി പങ്കുവെക്കരുത് എന്നും പൊലീസ് പറയുന്നു.

നേരത്തെ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തങ്ങളുടെ കുടുംബചിത്രം ഇൻസ്റ്റഗ്രാം വഴി പോസ്റ്റ് ചെയ്തപ്പോൾ തന്റെ പെൺകുട്ടികളുടെ മുഖം സ്മൈലി ഇമോജി വെച്ച് മറച്ചിരുന്നു. ഇത് സോഷ്യൽ മീഡിയാ ലോകത്ത് വലിയ സംസാരവിഷയം ആയിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് ആയിരുന്നു സക്കർബർഗ് കുടുംബചിത്രം പോസ്റ്റ് ചെയ്തത്. ഭാര്യക്കും മൂന്ന് മക്കൾക്കും ഒപ്പം നിൽക്കുന്നത് ആയിരുന്നു ചിത്രം.
സാമൂഹിക മാധ്യമങ്ങളുടെ ഇരുണ്ട മുഖങ്ങളിൽനിന്ന് മക്കളെ സംരക്ഷിക്കാനാണ് സക്കർബർഗ് അവരുടെ മുഖം മറച്ചത് എന്ന് നിരവധി ഉപഭോക്താക്കൾ കമന്റ് ചെയ്തു. സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിലെ അപകടം സംബന്ധിച്ച് സക്കർബർഗ് ബോധവാനാണെന്നും ഇവർ കൂട്ടിച്ചേർത്തു. സക്കർബർഗ് മാത്രമല്ല നിരവധി പ്രമുഖർ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ കുട്ടികളുടെ മുഖം മറയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ജിജി ഹഡിദ്, അഡെലെ, വിരാട് കോലി, സോനം കപൂർ, ആലിയ ഭട്ട് തുടങ്ങിയവർ ഇത്തരത്തിൽ കുട്ടികളുടെ മുഖം മറച്ചുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ തന്റെ കുട്ടികളുടെ ചിത്രം പങ്കുവെക്കില്ല എന്ന് ഒരിക്കൽ സ്റ്റീവ് ജോബ്‌സ് പറഞ്ഞിരുന്നു. സാധാരണക്കാർ അറിയാത്ത ഒരുപാട് അപകടം ഫോട്ടോ ഷെയർ ചെയ്യുന്നത് വഴി വന്നേക്കാവുന്നതാണ്.
സോഷ്യൽ മീഡിയകൾ എന്താണെന്ന് പോലും കുട്ടികൾക്ക് അറിയില്ല. ആയതിനാൽ തന്നെ അവരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത് അവരുടെ ഇഷ്ടത്തിന് വിപരീതമാണ്. ഇന്ത്യൻ സെലിബ്രറ്റികളായ വിരാട് കോഹ്ലിയും അനുഷ്കാ ശർമ്മയും തങ്ങളുടെ കുട്ടി പ്രായപൂർത്തിയാകുന്നത് വരെ കുട്ടിയുടെ ചിത്രം വെളിപ്പെടുത്തില്ല എന്ന് അറിയിച്ചിട്ടുണ്ട്. മാത്രമല്ല മാധ്യമങ്ങളോടും കുട്ടിയുടെ ചിത്രം എടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്.
സോഷ്യൽ മീഡിയകളിൽ പങ്കിടുന്ന ചിത്രം ആർക്കുവേണമെങ്കിലും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഇത് പല ദുരുപയോഗങ്ങൾക്കും കാരണമായേക്കാം. മാത്രമല്ല എന്തെങ്കിലും ഡിജിറ്റൽ പരമായി രേഖപ്പെടുത്തിയാൽ പിന്നീട് ഇത് മായ്ക്കാൻ സാധിക്കില്ല. ഐഡന്റിറ്റി മോഷണം, തട്ടിപ്പുകൾ, വ്യാജ പോണോഗ്രാഫി തുടങ്ങി നിരവധി സംഭവങ്ങളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. വ്യാജ ഐഡന്റിറ്റി നിർമ്മിച്ച് നിങ്ങളുടെ പേരിൽ വായ്പ എടുക്കാൻ വരെ സാധിക്കുന്നതാണ്.
മാത്രമല്ല കുട്ടികളെ തട്ടിക്കൊണ്ട് പോകുക, ലൈംഗിക അതിക്രമണം നടത്തുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുട്ടികളെ ലക്ഷ്യം വെക്കാനുള്ള സാധ്യത കൂടി ഇതിന്റെ ദൂഷ്യവശമാണ്. കുട്ടികളുടെ ചിത്രങ്ങൾക്ക് താഴെയായി മോശം കമന്റുകൾ വന്നാലും ഇത് അവരെ മാനസീകമായി ഏറെ തളർത്താൻ സാധ്യത ഉണ്ട്. വ്യക്തിഗത പരസ്യത്തിലൂടെ കുട്ടികളെ ടാർഗെറ്റുചെയ്യാനോ അവരുടെ ഡാറ്റ മറ്റ് കമ്പനികൾക്ക് കൈമാറാനോ സാധിക്കുന്ന തരത്തിൽ സാങ്കേതിക വിദ്യകൾ വളർന്നിട്ടുണ്ട്.


Click it and Unblock the Notifications








