അങ്ങനെയിപ്പോൾ ചിപ്പ് ഉണ്ടാക്കേണ്ട! സെമികണ്ടക്ടർ ചിപ്പ് മെറ്റീരിയൽ കയറ്റുമതിയിൽ നിയന്ത്രണവുമായി ചൈന
അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം കൂടുതൽ കടുക്കുന്നു. സെമികണ്ടക്ടർ നിർമാണത്തിൽ തങ്ങൾക്കുള്ള മേൽക്കൈ നിലനിർത്താൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന രംഗത്തെത്തി. സെമികണ്ടക്ടർ വ്യവസായത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഗാലിയം, ജെർമേനിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇനി സർക്കാർ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്നാണ് നിർദേശം.
ദേശീയ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിശദീകരണം. അതേസമയം, അമേരിക്കയക്കുള്ള ചൈനയുടെ മറുപടിയായാണ് രാജ്യാന്തര തലത്തിൽ പുതിയ നിയന്ത്രണങ്ങൾ വിലയിരുത്തപ്പെടുന്നത്. കാരണം ചൈനയിലേക്ക് ഹൈടെക് മൈക്രോചിപ്പുകൾ കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക അടുത്തിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

സ്വന്തം നിലയിൽ ചിപ്പ് നിർമാണ രംഗത്ത് മുന്നേറാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അമേരിക്ക നടത്തി വരികയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായവും സഹകരണവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്. ഈ നീക്കങ്ങളെല്ലാം സെമി കണ്ടക്ടർ നിർമാണത്തിൽ ചൈനയ്ക്കുള്ള മേധാവിത്വത്തിന് വെല്ലുവിളി ഉയർത്തുന്നു. ഇത് തിരിച്ചറിഞ്ഞാണ് ചിപ്പ് നിർമാണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണമേർപ്പെടുത്തിയത്.
ഓഗസ്റ്റ് 1 മുതലാണ് ചൈനയുടെ പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഇതോടെ ഗാലിയവുമായി ബന്ധപ്പെട്ട എട്ട് ഉൽപ്പന്നങ്ങളുടെ കയറ്റുമതി സർക്കാർ അനുമതി വേണ്ടിവരും. ഗാലിയം ആന്റിമോനൈഡ്, ഗാലിയം ആർസെനൈഡ്, ഗാലിയം മെറ്റൽ, ഗാലിയം നൈട്രൈഡ്, ഗാലിയം ഓക്സൈഡ്, ഗാലിയം ഫോസ്ഫൈഡ്, ഗാലിയം സെലിനൈഡ്, ഇൻഡിയം ഗാലിയം ആർസെനൈഡ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
ജെർമേനിയം ഡയോക്സൈഡ്, ജെർമേനിയം എപ്പിടാക്സിയൽ ഗ്രോത്ത് സബ്‌സ്‌ട്രേറ്റ്, ജെർമേനിയം ഇൻഗോട്ട്, ജെർമേനിയം മെറ്റൽ, ജെർമേനിയം ടെട്രാക്ലോറൈഡ്, സിങ്ക് ജെർമേനിയം ഫോസ്‌ഫൈഡ് എന്നിവയാണ് കയറ്റുമതി നിയന്ത്രണം ബാധിക്കപ്പെടുന്ന ആറ് ജെർമേനിയം ഉൽപ്പന്നങ്ങൾ. ഇവ കയറ്റുമതി ചെയ്യാൻ വിതരണക്കാർ നിർദ്ദിഷ്ട നടപടിക്രമങ്ങളിലൂടെ കയറ്റുമതി ലൈസൻസുകൾ നേടേണ്ടതുണ്ടെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം നിർദേശിക്കുന്നു.
നിരവധി വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിത ഘടകമായ ഗാലിയം, ജെർമേനിയം എന്നിവ അനുമതിയില്ലാതെയോ അനുവദനീയമായ അളവിൽ കൂടുതലോ കയറ്റുമതി ചെയ്യുന്ന വ്യക്തികൾ ശിക്ഷ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. ഇൻഫ്രാറെഡ് സാങ്കേതികവിദ്യ, ഫൈബർ ഒപ്റ്റിക് കേബിളുകൾ, സോളാർ സെല്ലുകൾ എന്നിവയിൽ ജെർമേനിയം ഉപയോഗിക്കുന്നു. ഇവയുടെ കയറ്റുമതി നിയന്ത്രണം ടെക്നോളജി മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്.
ചിപ്പുകൾ ഉപയോഗിച്ച് സൈനിക ശക്തി കൂട്ടാനുള്ള നീക്കങ്ങൾ ചൈന നടത്തുന്നുണ്ട് എന്നാണ് അമേരിക്കയുടെ നിഗമനം. ഇതിന് തടയിടാനാണ് ചൈനയിലേക്ക് ഹൈടെക് മൈക്രോചിപ്പുകൾ കയറ്റുമതി ചെയ്യുന്നത് അമേരിക്ക വിലക്കിയത്. എന്നാൽ സെമികണ്ടക്ടർ നിർമാണത്തിലെ അവശ്യവസ്തുക്കൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിലൂടെ ചൈന തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കി ഇതിനെ നേരിട്ടിരിക്കുന്നു.
ചൈനയുടെ ഈ നീക്കം അമേരിക്കയ്ക്ക് മാത്രമല്ല, സെമികണ്ടക്ടർ നിർമാണത്തിൽ മുന്നേറാൻ ശ്രമിക്കുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കും തിരിച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ സെമികണ്ടക്ടർ നിർമാണത്തിൽ അമേരിക്ക- ഇന്ത്യ സഹകരണം ഉറപ്പാക്കിയിരുന്നു. അപ്ലൈഡ് മെറ്റീരിയൽസ്, ലാംപ് റിസർച്ച് തുടങ്ങിയ കമ്പനികൾ സെമികണ്ടക്ടർ നിർമാണ രംഗത്ത് ഇന്ത്യൻ കമ്പനികൾക്ക് പരിശീലനം നൽകാനും തീരുമാനമായിരുന്നു.
മൈക്രോൺ ടെക്‌നോളജി ഇന്ത്യയിൽ സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് സംവിധാനം തുടങ്ങാൻ 800 ദശലക്ഷം അമേരിക്കൻ ഡോളർ നിക്ഷേപം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ നീക്കങ്ങൾക്കെല്ലാം ചൈനയുടെ കയറ്റുമതി നിയന്ത്രണം തിരിച്ചടിയാകും. ചുരുക്കത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള മത്സരം സെമികണ്ടക്ടർ നിർമ്മാതാക്കളെയും വിതരണക്കാരെയും സാങ്കേതിക കമ്പനികളെയും ബാധിക്കും.


Click it and Unblock the Notifications








