ഇന്ത്യന്‍ നേവി കമ്പ്യൂട്ടറുകള്‍ക്ക് നേരെ ചൈനീസ് ആക്രമണം

Posted By: Super

ഇന്ത്യന്‍ നേവി കമ്പ്യൂട്ടറുകള്‍ക്ക് നേരെ ചൈനീസ് ആക്രമണം

കിഴക്കന്‍ നാവിക കമാന്‍ഡിന്റെ ആസ്ഥാനമായ വിശാഖപ്പട്ടണത്തിലെ നേവല്‍ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെ ചൈനീസ് ഹാക്കര്‍മാരുടെ ആക്രമണം. സിസ്റ്റങ്ങളിലെ രസഹ്യവിവരങ്ങള്‍ ചൈനയിലെ ഐപി വിലാസങ്ങള്‍ക്ക് ലഭ്യമാക്കുന്ന വൈറസിനേയും ഹാക്കര്‍മാര്‍ നാവിക കമ്പ്യൂട്ടറുകളില്‍ നിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വൈറസ് സൃഷ്ടിക്കുന്ന ഹിഡന്‍ ഫോള്‍ഡറിലാണ് രസഹ്യവിവരങ്ങള്‍ ശേഖരിച്ചു വെക്കുന്നത്. ഇന്റര്‍നെറ്റുമായി സിസ്റ്റം കണക്റ്റാകും വരെ ഫോള്‍ഡര്‍ ഒളിഞ്ഞു തന്നെ നിലനില്‍ക്കുന്നതാണ്. പിന്നീട് ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കുമ്പോള്‍ ഈ വിവരങ്ങളെല്ലാം വൈറസ് അതിനെ നിയന്ത്രിക്കുന്ന ഐപി വിലാസങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.

എന്തെല്ലാം നഷ്ടങ്ങളാണ് ഇത് മൂലം ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ എല്ലാ സേനാവിഭാഗങ്ങളും സുപ്രധാന വിവരങ്ങള്‍ ഇന്റര്‍നെറ്റ് ആക്‌സസോ, പ്രത്യേക കണക്ഷന്‍ പോര്‍ട്ടുകളോ ഇല്ലാത്ത സിസ്റ്റങ്ങളിലാണ് സൂക്ഷിച്ചുവെക്കാറുള്ളതെന്നും ആശങ്ക ആവശ്യമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല ചൈന കേന്ദ്രീകരിച്ചുള്ള വൈറസ് ആക്രമണങ്ങള്‍ ഇന്ത്യന്‍ സിസ്റ്റങ്ങള്‍ക്ക് നേരെ നടക്കുന്നത്. കഴിഞ്ഞ മാസം ഓട്ടോകാഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫയലുകള്‍ മോഷ്ടിക്കുന്ന വൈറസിനെ ഇഎസ്ഇറ്റി സെക്യൂരിറ്റി കണ്ടെത്തിയിരുന്നു. ഇവ ഈ ഫയലുകള്‍ ചൈനയിലെ ഇമെയില്‍ വിലാസങ്ങളിലേക്കാണ് അയച്ചിരുന്നത്. വ്യാവസായിക ചാരപ്രവര്‍ത്തനമായിരുന്നു ഇതിന്റെ ഉദ്ദേശമെന്നാണ് കരുതുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot