ഐപാഡ് വാങ്ങാന്‍ കിഡ്‌നി വിറ്റു

Posted By: Staff

ഐപാഡ് വാങ്ങാന്‍ കിഡ്‌നി വിറ്റു

ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ കിഡ്‌നി വരെ വില്‍ക്കാന്‍ തയ്യാറാവുകയാണ് ചൈനയിലെ ചെറുപ്പക്കാര്‍. ഒരു ഐപാഡും ഐഫോണും വാങ്ങാന്‍ സ്വന്തം കിഡ്‌നി വിറ്റ 17കാരന്റെ വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് കൂട്ടുനിന്ന അഞ്ച് പേരെ ചൈനീസ് അധികൃതര്‍ അറസ്റ്റ് ചെയ്തതായാണ്  പുതിയ വിവരം.

നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് കൂട്ടുനിന്ന അഞ്ച് പേരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് ചൈനീസ് അധികൃതര്‍ പറയുന്നത് ഇങ്ങനെ: ചൂതാട്ടത്തിലൂടെ സ്വത്തുക്കള്‍ നഷ്ടപ്പെട്ട ഹി വീ എന്നയാള്‍ കൂടുതല്‍ കാശുണ്ടാക്കുന്നതിന് വേണ്ടിയാണ് കിഡ്‌നി വില്പനയ്ക്ക് നേതൃത്വം നല്‍കിയത്. ഓണ്‍ലൈന്‍ വഴി കിഡ്‌നി വില്‍ക്കാന്‍ തയ്യാറുള്ളവരുണ്ടോ എന്നറിയാന്‍ യിന്‍ ഷെന്‍ എന്ന വ്യക്തിയെ ഇയാള്‍ ചുമതലപ്പെടുത്തുകയായിരുന്നു.

അങ്ങനെയാണ് ഒരു ഐഫോണും ഐപാഡും വാങ്ങാന്‍ എന്തും ചെയ്യാന്‍ ഒരുങ്ങിനിന്ന 17കാരനായ വാങിനെ അവര്‍ക്ക് കണ്ടെത്താനായത്. ടാംഗ്ഷിമിന്‍ എന്നയാള്‍ ഒരു പ്രാദേശിക ആശുപത്രിയിലെ കോണ്ട്രാക്റ്ററായ സു കൈസോങിനോട് ആവശ്യപ്പെട്ട് ഒരു ഓപറേഷന്‍ റൂം സംഘടിപ്പിച്ച് നല്‍കുകയും ചെയ്തു. സോങ് ഷോങ്‌യു എന്ന സര്‍ജനാണ് ഓപറേഷന്‍ നടത്തിയതത്രെ.

3,500 ഡോളറാണ് (ഏകദേശം 1.78 ലക്ഷം രൂപ) വാങ് എന്ന 17കാരന് കിഡ്‌നിയുടെ പ്രതിഫലമായി ലഭിച്ചത്. വാങിന്റെ കിഡ്‌നി വിറ്റതോ 35,000 ഡോളറിന്  (ഏകദേശം 17.89 ലക്ഷം രൂപ). കഴിഞ്ഞവര്‍ഷം ഏപ്രിലിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ആപ്പിള്‍ ഉത്പന്നത്തില്‍ ഭ്രാന്ത് മൂത്ത ഈ കൗമാരക്കാരന്‍ സ്വന്തം ശരീരം മുറിച്ച് വിറ്റ് നേടിയ അതേ ഐപാഡ് മോഡലിന് മുമ്പത്തേക്കാളും വില വളരെ കുറഞ്ഞെങ്കിലും കിഡ്‌നിയുടെ മൂല്യം ഇപ്പോള്‍ അവന് മനസ്സിലായിക്കാണും.

കാരണം വിവിധ ആരോഗ്യപ്രശ്‌നങ്ങളാണ് കുട്ടി ഇപ്പോള്‍ അനുഭവിക്കുന്നത്. 2007ലാണ് ചൈന അനധികൃത അവയവ വില്പന നിരോധിച്ചത്. എന്നാല്‍ ഇപ്പോഴും ഇവിടെ ഇത്തരം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നതായാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇനിയും കണ്ടെത്താനുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot