വാട്സ്ആപ്പിനെയും ഇൻസ്റ്റഗ്രാമിനെയും ഇങ്ങനെ കെട്ടഴിച്ച് വിടരുത്, രാജ്യം കുട്ടിച്ചോറാകും; 'കോയ്'
പൂർണ്ണ സ്വകാര്യത, വാട്സ്ആപ്പും ടെലിഗ്രാമും പോലുള്ള ആപ്പുകൾ ഉപയോക്താക്കൾക്ക് നൽകുന്ന പ്രധാന വാഗ്ദാനം ആണിത്. ഈ വാഗ്ദാനത്തോട് നീതി പുലർത്തി സുരക്ഷാ സംബന്ധമായ നിരവധി ഫീച്ചറുകൾ ഈ ആപ്പുകളൊക്കെ അവതരിപ്പിക്കാറുണ്ട്. വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, തുടങ്ങിയവയെല്ലാം ഓവർ-ദി-ടോപ്പ് അല്ലെങ്കിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്ന ഗണത്തിലാണ് വരുന്നത്.
ഈ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ പ്രത്യേക ചട്ടക്കൂട് വേണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ( Coai ). ഇടി ടെലിക്കോമിന് നൽകിയ അഭിമുഖത്തിൽ കോയ് ഡയറക്ടർ ജനറൽ എസ്പി കൊച്ചാർ ആണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിലവിൽ നടക്കുന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യകാരണം ഈ ഒടിടി പ്ലാറ്റ്ഫോമുകളാണ് എന്ന നിലയ്ക്കാണ് എസ്പി കൊച്ചാർ വിലയിരുത്തുന്നത്. കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാത്തതിനാൽ, നിയമവ്യവസ്ഥയെ മറികടക്കാൻ തട്ടിപ്പുകാർ ഈ ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുവെന്നും ഇത് രാജ്യത്തിനും പൗരന്മാർക്കും നല്ലതല്ലെന്നും എസ്പി കൊച്ചാർ ഇടി ടെലിക്കോമിനോട് പറഞ്ഞു.
കാര്യമായ നിയന്ത്രണങ്ങളുടെ അഭാവമാണ് ഈ പ്ലാറ്റ്ഫോമുകളെ തട്ടിപ്പുകാരുടെ താവളമാക്കി മാറ്റുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങി രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ കാരിയറുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് കോയ്. അതിനാൽത്തന്നെ കൊച്ചാറിന്റെ പ്രതികരണം രാജ്യത്തെ സ്വകാര്യ ടെലിക്കോം മേഖലയുടെ അഭിപ്രായത്തെയാണ് വെളിപ്പെടുത്തുന്നത്.
പിങ്ക് വാട്സ്ആപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളുടെയും വാട്സ്ആപ്പ് കേന്ദ്രീകരിച്ച് അരങ്ങേറുന്ന വ്യാജ പാർട്ട്ടൈം ജോബ് തട്ടിപ്പുകളുടെയും, സ്പാം കോളുകളുടെയും ഒക്കെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആരോപണവുമായി ടെലിക്കോം കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പിന്റെ വ്യാജനായ പിങ്ക് വാട്സ്ആപ്പ് ഉപയോഗിച്ച നിരവധി ഉപയോക്താക്കൾ തട്ടിപ്പിനിരയായിരുന്നു.
സ്പാം കോളുകൾ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെ, ഈ വർഷം ജൂലൈയിൽ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) വാട്‌സ്ആപ്പ്, ടെലിഗ്രാം, മെറ്റാ, ഗൂഗിൾ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാര്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ല.
വാട്സ്ആപ്പ്, ടെലിഗ്രാം, ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ടെലിക്കോം കമ്പനികൾ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികൾക്കും ഏതാണ്ട് ഒരേ സ്വരമാണ്. അതിന് കാരണവുമുണ്ട്. വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ഉപയോക്താക്കൾക്ക് നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. ഇതിൽ ടെലിക്കോം കമ്പനികളുടെ വരുമാനം കുറയ്ക്കുന്ന ചില സേവനങ്ങളും ഉണ്ട്.
മൊബൈൽ ഇന്റർനെറ്റ് വഴി പ്രവർത്തിക്കുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോക്താക്കൾക്ക് സൗജന്യമായി കോൾ ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്. എന്നാൽ ടെലിക്കോം കമ്പനികൾ നൽകുന്നതുപോലെയുള്ള വാടകയോ, സ്പെക്ട്രം ചാർജ്ജോ, കാരിയർ ചാർജ്ജോ ഈ പ്ലാറ്റ്ഫോമുകൾക്ക് നൽകേണ്ടിവരുന്നില്ല. ഇത് ശരിയല്ല എന്നാണ് പണ്ടുമുതൽ ടെലിക്കോം കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.
കോളിങ് അടക്കമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാറ്റ്ഫോമുകളിൽനിന്ന് സർക്കാർ നികുതി ഈടാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ പൊതുജന വികാരം ഈ ആവശ്യത്തിന് എതിരാണ്. തങ്ങൾക്ക് സൗകര്യപ്രദമായും സൗജന്യമായും ലഭിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങൾ ഇല്ലാതാക്കുന്നതാണ് ഈ നീക്കം എന്ന് ജനം മനസിലാക്കുന്നു. അതിനാൽത്തന്നെ ഇത്തരമൊരു ആവശ്യം ഉയർന്ന ഘട്ടങ്ങളിലെല്ലാം ആളുകൾ പ്രതിഷേധം അറിയിച്ചിരുന്നു.
മുൻപ് നടക്കാതെ പോയ 'ഒടിടി കടിഞ്ഞാണിടൽ' എന്ന ആവശ്യം ഇപ്പോൾ പുതിയ രൂപത്തിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നു എന്ന വ്യത്യാസം മാത്രം. അതേസമയം, രാജ്യത്തെ സൈബർ തട്ടിപ്പുകൾ വർധിച്ചുവരികയാണ് എന്ന വാദവും നിലനിൽക്കുന്നതാണ്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള ആപ്പുകൾ വഴിയും തട്ടിപ്പ് നടക്കുന്നുണ്ട്. അതിന് നിയന്ത്രണങ്ങളാണോ നടപടികളാണോ ആവശ്യം എന്ന് സർക്കാർ തീരുമാനിക്കേണ്ടിയിരിക്കുന്നു.

അതേസമയം, ടെലിക്കോം കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ ആവശ്യങ്ങളെ ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (Iamai) അപലപിച്ചു. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഏതൊരു നീക്കവും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് മരണമണിയായിരിക്കുമെന്ന് Iamai പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ, മൊബൈൽ മൂല്യവർദ്ധിത സേവന കമ്പനികളെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയാണ് Iamai.
മാറുന്ന ടെക്‌നോളജി ലാൻഡ്‌സ്‌കേപ്പിന് അനുസൃതമായി നിയമങ്ങളും നിയന്ത്രണങ്ങളും മാറണമെന്നും നയങ്ങൾ അഡാപ്റ്റീവ് ആയിരിക്കണമെന്നും ആണ് ടെലിക്കോം കമ്പനികളുടെ പ്രതിനിധിയായ കോയ് പറയുന്നത്. മറ്റൊരു പ്രധാന ആവശ്യം കൂടി കോയ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും നെറ്റ്‌വർക്ക് വിന്യാസത്തിന് ഈ ആപ്പ് കമ്പനികൾ സംഭാവന നൽകണം എന്നതാണ് ആവശ്യം.
നെറ്റ്വർക്ക് ഉണ്ടെങ്കിലേ ആളുകളിലേക്ക് ഈ ആപ്പുകൾ എത്തൂ. നെറ്റ്വർക്ക് എത്തിക്കുന്നത് ചെലവേറിയ ജോലിയാണ്. ഒരു ഗ്രാമത്തിൽ ടെലിക്കോം സേവനങ്ങൾ അവതരിപ്പിച്ചാൽ ചെലവിന് അനുസൃതമായ വരുമാനം ടെലിക്കോം കമ്പനിക്ക് കിട്ടിയെന്നുവരില്ല. അതിനാൽ ഇക്കാര്യത്തിൽ ഒടിടി കമ്പനികളും സംഭാവന നൽകണം എന്ന വാദം ആണ് കോയ് മുന്നോട്ട് വയ്ക്കുന്നത്.


Click it and Unblock the Notifications








