കൊറോണ വൈറസ് കാരണം ജോലി പോയ 79 വയസ്സുള്ള ഈ മുത്തച്ഛനിപ്പോൾ യൂട്യൂബ് താരം
ലോകമെമ്പാടും വ്യാപകമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് 7 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചു. തകർന്നുകൊണ്ടിരിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥ തൊഴിൽ നഷ്‌ടത്തിനും നിരവധി ഉപജീവനമാർഗങ്ങൾ നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നു. ജോലി നഷ്ടപ്പെട്ട നിരവധി പേരിൽ 79 വയസ്സുള്ള ഒരു മെക്സിക്കൻ മുത്തച്ഛനും ഉൾപ്പെടുന്നു, അദ്ദേഹം ഇപ്പോൾ ഇന്റർനെറ്റിൽ ഒരു താരമായി മാറിയിരിക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു? ആരാണയാൾ ?

കാർലോസ് എലിസോണ്ടോ ആഴ്ച്ചകൾക്കുള്ളിൽ പലചരക്ക് കടയിൽ നിന്ന് യൂട്യൂബ് എന്ന വീഡിയോ പ്ലാറ്റഫോമിലേക്ക് തന്റെ സമയം മുഴുവൻ ചിലവഴിച്ചുതുടങ്ങി. 79 വയസ്സുണ്ട് ടിറ്റോ ചാർലി എന്ന പേരിൽ അറിയപ്പെടുന്ന കാർലോസ് എലിസോണ്ടോയ്ക്ക്. കൊറോണ വൈറസ് എന്ന മഹാമാരിയുടെ വരവിന് മുമ്പ് ഏഴ് വർഷമായി മെക്സിക്കോയിലെ മോണ്ടെറിയിലെ ഒരു പലചരക്ക് കടയിൽ സന്തോഷത്തോടെ ജോലി ചെയ്യുകയായിരുന്നു ടിറ്റോ ചാർലി.

മുതിർന്ന പൗരന്മാർക്കായി സാമൂഹിക അകലം പാലിക്കാനുള്ള നിയമങ്ങൾ കർശനമാക്കിയപ്പോൾ ദിവസം മുഴുവൻ വീട്ടിൽത്തന്നെ ചിലവഴിച്ച എലിസോണ്ടോ തിരക്കിലായിരിക്കാൻ മനോഹരമായ പാചക വീഡിയോകൾ സൃഷ്ടിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി എത്തിയ കൊവിഡ് വൈറസിന്റെ കടന്നുകയറ്റം മൂലം ജോലി നഷ്ട്ടമായ എലിസോണ്ടോയ്ക്ക് ഈ പുതിയ ചിന്ത വലിയൊരു നേട്ടത്തിന് വഴിതെളിച്ചു. കൊച്ചുമക്കളേയും കൂട്ടി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയ എലിസോണ്ടോ കഴിഞ്ഞ മാസം 25-ാം തീയതിയാണ് തന്റെ ആദ്യ പാചക വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്.

4 ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേർസ് ഉണ്ട് ഇപ്പോൾ എലിസോണ്ടോയുടെ യൂട്യൂബ് ചാനലിന്. ചാർലിയുടെ എട്ട് വീഡിയോകൾ ഇതുവരെ ശരാശരി 30,000 മുതൽ 2.40,000 വരെ വ്യൂസ് നേടി. യൂട്യൂബിനുപുറമെ, 7,000 ത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ഫേസ്ബുക്ക് പേജും എലിസോണ്ടോയ്ക്ക് ഉണ്ട്. എന്നാൽ എന്താണ് ഈ പാചക വീഡിയോകളുടെ പ്രത്യേകതയെന്ന് ചോദിച്ചാൽ ഇറച്ചിയും ചീസും ഉപയോഗിച്ചുള്ള സാധാരണ ഭക്ഷണങ്ങളാണ് എലിസോണ്ടോ പാചകം ചെയ്യുന്നത്.
എല്ലാ വീഡിയോകളും സ്പാനിഷ് ഭാഷയിലാണ്, പക്ഷേ സബ്ടൈറ്റിലുകളുടെ സഹായത്തോടെ എല്ലാവർക്കും എലിസോണ്ടോയുടെ പാചക പാഠങ്ങൾ എളുപ്പത്തിൽ ആസ്വദിക്കാൻ കഴിയും. മൂന്ന് കുട്ടികളും ആറ് പേരക്കുട്ടികളുമുള്ള എലിസോണ്ടോ, ഓരോ പാചകത്തിലും ഉപയോഗിക്കുന്ന ചീസ്, ചോറിസോ, ഉണങ്ങിയ മാംസം എന്നിവയുൾപ്പെടെ സ്വന്തം ബ്രാൻഡഡ് ചേരുവകൾ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ ഉൽപ്പന്നങ്ങളും അദ്ദേഹത്തിന്റെ ചാനൽ വഴി വിപണനം ചെയ്യുന്നു.

വാട്ട്‌സ്ആപ്പ് സേവനത്തിലൂടെ ഇവ വാങ്ങാൻ ലഭ്യമാണെന്ന് റിഫോർമ റിപ്പോർട്ട് ചെയ്യ്തു. എലിസണ്ടോ അത്ര സാങ്കേതികമായി വിദഗ്ദ്ധനല്ലാത്തതിനാൽ ഓർഡറുകൾ അദ്ദേഹത്തിന്റെ ഇളയമകൾ വെറോണിക്കയെ കൊണ്ട് കൈകാര്യം ചെയ്യിക്കുന്നു. ടിറ്റോ ചാർലിയുടെ ഭക്ഷ്യ ഉൽപന്നങ്ങൾ നിലവിൽ മോണ്ടെറി, സാൾട്ടിലോ, സാൻ ലൂയിസ് പൊട്ടോസെ, ചിഹുവാഹുവ, ടോറെൻ, മെക്സിക്കോയിലെ ഗ്വാനജുവാറ്റോ എന്നീ പട്ടണങ്ങളിൽ മാത്രമേ ലഭ്യമാകൂ. അധികം വൈകാതെ എലിസണ്ടോ ഈ ബിസിനസ്സ് മറ്റുള്ള രാജ്യങ്ങളിലേക്ക് വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications