നോക്കിയ 808 പ്യുവര്‍വ്യൂ കൗണ്ട്ഡൗണ്‍ ആരംഭിച്ചു

Posted By: Super

നോക്കിയ 808 പ്യുവര്‍വ്യൂ കൗണ്ട്ഡൗണ്‍ ആരംഭിച്ചു

നോക്കിയയുടെ എക്കാലത്തേയും പ്രശസ്തമായ 41 മെഗാപിക്‌സല്‍ ക്യാമറ ഫോണ്‍, 808 പ്യുവര്‍വ്യൂവിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇന്ത്യ അവതരണത്തിന്  മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചതെന്ന് കരുതുന്നു. കാരണം ഇന്ത്യന്‍ ഡൊമൈന്‍ ഐഡിയായ inല്‍ അവസാനിക്കുന്ന നോക്കിയ പ്യുവര്‍വ്യൂ വെബ്‌സൈറ്റിലാണ് കൗണ്ട്ഡൗണ്‍ ക്ലോക് കാണുന്നത്. പ്രീലോഞ്ചിംഗ് പ്രവര്‍ത്തനങ്ങള്‍ക്കാണ് കൗണ്ട്ഡൗണ്‍ തുടങ്ങിയതെന്ന് പറയുമ്പോഴും യഥാര്‍ത്ഥ അവതരണമാണോ കമ്പനി ഉദ്ദേശിക്കുന്നതെന്ന് ചില ഊഹങ്ങളുണ്ട്.

ഇത്രയുമേറെ ക്യാമറ ശേഷിയുമായെത്തുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ഫോണായ 808 പ്യുവര്‍വ്യൂവിനെ വലിയ പ്രാധാന്യത്തോടെയാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ഈ കൗണ്ട്ഡൗണ്‍ വെബ്‌സൈറ്റില്‍ നിന്നും മനസ്സിലാക്കാം. ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാനുള്ള പേജും നോക്കിയ തയ്യാറാക്കിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ആളുടെ പേര്, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, നിലവിലെ ഹാന്‍ഡ്‌സെറ്റ്, സംസ്ഥാനം, നഗരം എന്നീ വിവരങ്ങളാണ്  ഈ പേജില്‍ നോക്കിയ സന്ദര്‍ശകരോട് ആവശ്യപ്പെടുന്നത്.

പ്യുവര്‍വ്യൂ ഹാന്‍ഡ്‌സെറ്റ് അവതരണവുമായി ബന്ധപ്പെട്ട പല റിപ്പോര്‍ട്ടുകളും ഇത് വരെ പുറത്തുവന്നിട്ടുണ്ട്. 808 പ്യുവര്‍വ്യൂവിനെ നോക്കിയ അവതരിപ്പിച്ചെന്നും വളരെ സ്വകാര്യമായി നടന്ന ഈ അവതരണത്തില്‍ 29,999 രൂപയാണ് ഫോണിന്റെ വിലയെന്നുമുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. നോക്കിയ ഷോപ്പ് വഴി വെറും 1 ദിവസം മാത്രമാണ് ഹാന്‍ഡ്‌സെറ്റ് വില്പന നടന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ഇതില്‍ പറഞ്ഞിരിക്കുന്ന വില ശരിയല്ലെന്നുമായിരുന്നു നോക്കിയയുടെ വാദം.

വില 29,999 രൂപയാണെന്ന് ഇതിനെല്ലാം മുമ്പും വാര്‍ത്തകള്‍ വന്നതാണ്. 808 പ്യുവര്‍വ്യൂ ഹാന്‍ഡ്‌സെറ്റിന്റെ സോഴ്‌സ്  കോഡില്‍ നിന്നാണ് ഈ വില ലഭിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതിനും നോക്കിയയ്ക്ക് എതിര്‍വാദമുണ്ടായിരുന്നു. ആവശ്യമെങ്കില്‍ ഫോണ്‍ പുറത്തിറക്കുന്നതിന് മുമ്പ് ഡമ്മി വിലകള്‍ നല്‍കുമെന്നായിരുന്നു കമ്പനിയുടെ പക്ഷം.

32,000 രൂപയ്ക്ക് ബൈദപ്രൈസ് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ റീട്ടെയിലര്‍ 808 പ്യുവര്‍വ്യൂവിനെ പ്രീ ഓര്‍ഡറിന് വെച്ചിരുന്നു. എന്നാല്‍ ഈ റീട്ടെയിലറിന്  നോക്കിയയുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ഇതില്‍ ഉപയോക്താക്കള്‍ പെട്ടുപോകരുതെന്നുമാണ് നോക്കിയ അറിയിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot