രാജ്യം മുൻഗണന നൽകേണ്ടത് 5ജി റോൾ ഔട്ടിന്; ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ മുകേഷ് അംബാനി
5ജി സാങ്കേതിക വിദ്യ വികാസവും സർവീസുകൾ ആരംഭിക്കുന്നതും ഇന്ത്യയുടെ ദേശീയ മുൻഗണനയായിരിക്കണമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 5 ജി ഡിവൈസുകൾ താങ്ങാവുന്ന വിലയിൽ അവതരിപ്പിക്കണമെന്നും അംബാനി പറഞ്ഞു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ സംസാരിക്കവെയാണ് 5 ജി സാങ്കേതികതയുടെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും മുകേഷ് അംബാനി വാചാലനായത്. രാജ്യത്തെ ഏറ്റവും വലിയ നെറ്റ്വർക്ക് സർവീസ് പ്രൊവൈഡറായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ഉടമസ്ഥൻ കൂടിയാണ് മുകേഷ് അംബാനി.

ഇന്ത്യ 2ജിയിൽ നിന്ന് 4ജിയിലേക്കും, 4ജിയിൽ നിന്ന് 5ജിയിലേക്കുമുള്ള മാറ്റം പൂർത്തിയാക്കേണ്ട സമയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. " ജിയോയിൽ, 4ജി, 5ജി സാങ്കേതികവിദ്യാ മാറ്റത്തിനും ബ്രോഡ്‌ബാൻഡ് സൌകര്യങ്ങളുടെ വിപുലീകരണത്തിലുമാണ് ഞങ്ങൾ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റലായി മാനേജ് ചെയ്യാൻ കഴിയുന്നതും ക്ലൗഡ് അടിസ്ഥാനത്തിലുള്ളതും പൂർണ്ണമായും തദ്ദേശീയവുമായ 5ജി സേവനങ്ങളാവും ജിയോയിൽ നിന്നും ലഭിക്കുക." 4ജിയിൽ നിന്ന് 5ജിയിലേക്ക് അതിവേഗം ചെയ്യാനാകുന്നതാവും ജിയോയുടെ നെറ്റ്‌വർക്ക് എന്നും മുകേഷ് അംബാനി പറഞ്ഞു.

5ജി സേവനങ്ങൾ പുറത്തിറക്കുമ്പോൾ സേവനങ്ങൾ താങ്ങാനാവുന്ന വിധത്തിൽ ആയിരിക്കണമെന്നും അംബാനി പറഞ്ഞു. "രാജ്യത്തെ മൊബൈൽ യൂസേഴ്സിന്റെ അടിത്തറയുടെ അസാധാരണമായും അതിവേഗത്തിലും വികസിക്കുന്നതിന് താങ്ങാൻ ആകുന്ന വില ഒരു നിർണായക ഘടകമാണ്. ഡിജിറ്റൽ മേഖലയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താനാണ് രാജ്യം ശ്രമിക്കേണ്ടത്, അല്ലാതെ ഒഴിവാക്കാനല്ല", മുകേഷ് അംബാനി പറയുന്നു. ഒരു ദൗത്യം എന്ന നിലയിൽ ഫൈബർ കണക്റ്റിവിറ്റി ഇന്ത്യയിലുടനീളം പൂർത്തിയാക്കണമെന്നും അംബാനി പറഞ്ഞു. 5ജി റോൾഔട്ട് വൈകുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ നഷ്ടമാക്കുന്നുണ്ട്. അവർ ഇന്നും രാജ്യത്തെ സാമ്പത്തിക പിരമിഡിന്റെ ഏറ്റവും താഴെത്തട്ടിലുള്ള 2ജിയിൽ ഒതുങ്ങുകയാണ്. ഇത് രാജ്യം ആഗ്രഹിക്കുന്ന രീതിയിൽ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അൺലിമിറ്റഡ് ഡാറ്റ ക്യാരേജ് കപ്പാസിറ്റി സാധ്യമാക്കുന്ന സാങ്കേതികതയാണ് ഫൈബർ ഉൾക്കൊള്ളുന്നത്. ഇന്ത്യ ഫൈബർ റെഡിയായാൽ മാത്രമെ സാങ്കേതികതയിൽ ഊന്നി ഇന്ത്യയെ ഫ്യൂച്ചർ റെഡിയാക്കാൻ സാധിക്കുകയുള്ളൂ. അഞ്ച് ദശലക്ഷം വീടുകളിൽ ജിയോ ഫൈബർ ടു ഹോം അവതരിപ്പിച്ചു കഴിഞ്ഞു. എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ചാൽ 10 കൊല്ലത്തിന് ഉള്ളിൽ രാജ്യത്തിന്റെ എല്ലാ കോണുകളും മൊബൈൽ ഫോണുകൾ എത്തിയത് പോലെ രാജ്യവ്യാപകമായി ഫൈബർ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഊർജ സംവിധാനങ്ങളിൽ സജീവമായ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്. , ഹരിത ഊർജത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കൽ, സമ്പദ്‌വ്യവസ്ഥയുടെ ഡീകാർബണൈസേഷൻ, സ്‌മാർട്ട് ഗ്രിഡുകളിലൂടെയുള്ള ഊർജ ലാഭം, എന്നിവയ്‌ക്കായി കൂടുതൽ സാങ്കേതിക വിദ്യകൾ വളരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2022ന്റെ ആദ്യ പാദത്തിൽ തന്നെ രാജ്യത്ത് 5ജി സ്പെക്ട്രം ലേലം നടക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് അംബാനിയുടെ പരാമർശം എന്നതും ശ്രദ്ധേയം. സ്പെക്ട്രം ലേലത്തിൽ തുല്യത കൊണ്ട് വരണമെന്ന് ടെലിക്കോം കമ്പനികളും ആവശ്യപ്പെട്ടിരിക്കുകയാണ്. സ്പെക്ട്രം ലേലം ഒഴിവാക്കി നിശ്ചിത തുക ഫീസ് ആയി ഈടാക്കണമെന്ന് സാറ്റലൈറ്റ് സേവന ദാതാക്കൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടെലിക്കോം കമ്പനികളുടെ പുതിയ നിലപാടെന്നതും മനസിലാക്കണം.

മുകേഷ് അംബാനിക്ക് പുറമെ രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, സാങ്കേതിക രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരും ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ പങ്കെടുത്തിരുന്നു. കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ, കമ്മ്യൂണിക്കേഷൻസ് സഹ മന്ത്രി ദേവുസിൻ ചൗഹാൻ, ടെലികോം സെക്രട്ടറി കെ രാജരാമൻ, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള, ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ തുടങ്ങി നിരവധി പ്രമുഖരും യോഗത്തിൽ പങ്കെടുത്തു.


Click it and Unblock the Notifications








