32 വയസുള്ള എംബിഎക്കാരി, 39 വയസുള്ള സോഫ്ട്വേർ എൻജിനീയർ, രണ്ടു പേർക്കും പറ്റിയത് ഒരേ അബദ്ധം!
രാജ്യത്ത് സൈബർ ക്രിമനലുകളുടെ തട്ടിപ്പുകൾ സംബന്ധിച്ച വാർത്തകൾ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ഇതെപ്പറ്റിയൊന്നും യാതൊരു അറിവുമില്ലാതെ ഓൺലൈൻ തട്ടിപ്പുകാരുടെ കെണിയിൽപ്പോയി ചാടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർ പോലും ക്രിമിനലുകളുടെ തന്ത്രങ്ങളിൽ വീഴുകയും പണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
കൊറിയറുമായി ബന്ധപ്പെട്ട തട്ടിപ്പാണ് ഇപ്പോൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കൊറിയർ തട്ടിപ്പുകളിൽ എംബിഎ ബിരുദധാരിയായ, 32 വയസുള്ള യുവതിക്കും 39 വയസുള്ള സോഫ്ട്വേർ എൻജിനീയർക്കും പണം നഷ്ടമായി. യുവതിക്ക് 37 ലക്ഷവും സോഫ്ട്വേർ എൻജിനീയർക്ക് 33 ലക്ഷം രൂപയുമാണ് നഷ്ടമായത്.

വിദഗ്ധമായ ഗൂഢാലോചനയിലൂടെയാണ് സൈബർ ക്രിമിനലുകൾ എംബിഎ ബിരുദധാരിയായ യുവതിയെ കൊറിയർ തട്ടിപ്പിന് ഇരയാക്കിയതെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. പുനെ സ്വദേശിയായ യുവതി പ്രമുഖ മാട്രിമോണിയലിലൂടെ പരിചയപ്പെട്ട ഒരാളുമായി വിവാഹം ഉറപ്പിച്ചു. യുകെ ആസ്ഥാനമായുള്ള ഒരു പ്രമുഖ കമ്പനിയിലെ ജീവനക്കാരനാണ് എന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്.
താമസിയാതെ മുംബൈയിൽ എത്തി സ്ഥിരതാമസമാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞാണ് ഇയാൾ യുവതിയുമായുള്ള ആലോചന ഉറപ്പിച്ചത്. തുടർന്ന് വിവാഹത്തിന് സമ്മതം അറിയിച്ചതോടെ യുവതിക്ക് സമ്മാനമായി ഒരു പാഴ്സൽ അയച്ചതായി അയാൾ അറിയിച്ചു. പിന്നീട് പാഴ്സൽ ഡൽഹിയിൽ എത്തിയതായും കസ്റ്റംസ് ചാർജിനായി 38,000 രൂപ നൽകേണ്ടിവരുമെന്നും അറിയിച്ച് യുവതിക്ക് ഒരു കോൾ എത്തി.
ഭാവിവരൻ പാഴ്സലിനെപ്പറ്റി നേരത്തെ പറഞ്ഞിരുന്നതിനാൽ ഇത് ശരിയായിരിക്കുമെന്ന് വിശ്വസിച്ച യുവതി, അവർ ആവശ്യപ്പെട്ട പണം ട്രാൻസ്ഫർ ചെയ്തുനൽകി. എന്നാൽ അവിടം കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല തട്ടിപ്പ്. പണം നൽകിയതിന് ശേഷം യുവതിക്ക് വീണ്ടുമൊരു കോൾ എത്തി. കസ്റ്റംസ് ഓഫീസിൽനിന്നാണ് വിളിക്കുന്നതെന്നും യുവതിക്ക് വന്ന പാഴ്സലിന് മൂന്ന് കോടി രൂപയുടെ മൂല്യമുണ്ടെന്നും അവർ അറിയിച്ചു.
ഈ പാഴ്സൽ ലഭിക്കണമെങ്കിൽ വിവിധ നികുതികളും മറ്റുമായി അധികപണം അടയ്ക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും വിളിച്ചയാൾ അറിയിച്ചു. തുടർന്ന് വാട്സ്ആപ്പിലൂടെ ഉൾപ്പെടെ യുവതി തട്ടിപ്പുകാരുമായി സംസാരിക്കുകയും പണം നൽകുകയുമായിരുന്നു. പിന്നീടാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന വിവരം യുവതി മനസിലാക്കുന്നത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
തുടർന്ന് സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 419, 420, ഇൻഫർമേഷൻ ടെക്‌നോളജി ( ഐടി ) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ പ്രകാരം കുറ്റവാളികൾക്ക് എതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുകൾക്ക് ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് ഉടമകൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഇതേപോലൊരു കൊറിയർ തട്ടിപ്പിലൂടെ ബംഗളുരുവിലെ സോഫ്ട്വേർ എൻജിനീയറായ മുപ്പത്തൊമ്പതുകാരനും പണം നഷ്ടമായതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 29ന് യുവാവിന് ഒരു കോൾ ലഭിച്ചു. ഒരു പ്രമുഖ കൊറിയർ സ്ഥാപനത്തിലെ അസോസിയേറ്റാണ് എന്നാണ് അയാൾ പരിചയപ്പെടുത്തിയത്. തുടർന്ന് യുവാവിന്റെ പേരിൽ കൊറിയർ എത്തിയെന്നും നിയമവിരുദ്ധമായ സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ അത് പോലീസ് പിടിച്ചെടുത്തെന്നും അറിയിച്ചു.
കൂടുതൽ വിശദവിവരങ്ങൾ അറിയുന്നതിനായി, മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷറെ ബന്ധിപ്പിക്കാം എന്നുപറഞ്ഞ് അയാൾ കോളിൽ മറ്റൊരാളെ ആഡ് ചെയ്തു. തുടർന്ന് കേസിന്റെ കാര്യം ചർച്ചചെയ്യുന്നതിനായി സ്കൈപ്പ് കോളിൽ എത്താൻ വ്യാജ 'ഡിസിപി' ആവശ്യപ്പെട്ടു. വിളിച്ചത് യഥാർഥ പോലീസ് ഉദ്യോഗസ്ഥൻ ആണ് എന്ന് തെറ്റിദ്ധരിച്ച് യുവാവ് സ്കൈപ്പ് കോളിൽ ചേർന്നു.
തുടർന്ന് യുവാവിന്റെ വിവരങ്ങൾ തേടിയ വ്യാജ ഡിസിപി, വെരിഫിക്കേഷൻ ആരംഭിക്കും മുമ്പ് നിശ്ചിത തുക കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടു. വെരിഫിക്കേഷൻ പൂർത്തിയാകുമ്പോൾ ഈ തുക തിരിച്ചുനൽകും എന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച യുവാവ് ഡിസിപി നിർദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് ഏകദേശം 33,24,859 രൂപ ട്രാൻസ്ഫർ ചെയ്തു.

എന്നാൽ പിന്നീട് ഈ പണം തിരികെകിട്ടാതായതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന് യുവാവിന് മനസിലായത്. തുടർന്ന് ബനശങ്കരിയിലുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ രീതിയിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഫാക്കൽറ്റി അംഗത്തിന്റെ ഭാര്യയും തട്ടിപ്പിന് ഇരയായി. 73 ലക്ഷം രൂപയാണ് ഇവർക്ക് നഷ്ടമായത്.
ഇത്തരം വ്യാജ കൊറിയർ കോളുകൾ നാളെ നിങ്ങളെയോ നിങ്ങളുടെ പരിചയത്തിലുള്ള ആളുകളെയോ തേടി എത്തിയേക്കാം. നമുക്ക് ബന്ധമില്ലാത്ത ഇത്തരം കോളുകൾ എത്തിയാൽ അതിനോട് ജാഗ്രതയോടെ പ്രതികരിക്കുകയും പേര്, വിലാസം, ബാങ്ക് അക്കൗണ്ട് നമ്പർ, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നമ്പർ എന്നിവ പോലുള്ള വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്യുക.
ഉടനടി പണം അടയ്ക്കാൻ ആവശ്യപ്പെട്ടാനും അതിന് തയാറാകാതിരിക്കുക. കൂടാതെ വിവരം പോലീസിൽ അറിയിക്കുന്നതും നല്ലതാണ്. പണം നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ ബാങ്കുമായി ബന്ധപ്പെട്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കുക. കോൾ വ്യാജ നമ്പരിൽ നിന്നാണ് എത്തുന്നത് എന്ന് ബോധ്യമായാൽ അത് ബ്ലോക്ക് ചെയ്യാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications








