കോവിൻ പോർട്ടൽ വിവരച്ചോർച്ച: വാർത്ത ശരിയല്ലെന്ന് കേന്ദ്രം; ചോർന്നത് മോഷ്ടിക്കപ്പെട്ട വിവരങ്ങളെന്ന് മന്ത്രി
കോവിഡ് വാക്സിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ആളുകളുടെ വിവരങ്ങൾ ചോർന്നതായും അവ ടെലിഗ്രാം ചാറ്റ്ബോട്ടിൽ ലഭ്യമാകും എന്നുമുള്ള വാർത്തകളിൽ വിശദീകരണവുമായി കേന്ദ്രം രംഗത്ത്. സംഭവം ആരോപണം മാത്രമാണെന്നും പ്രചരിപ്പിക്കപ്പെടുന്ന തരത്തിലുള്ള വിവരച്ചോർച്ച ഉണ്ടായിട്ടില്ല എന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മുമ്പ് ചോർന്നതോ മോഷ്ടിക്കപ്പെട്ടതോ ആയ ഡാറ്റയിൽ നിന്നുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭ്യമാകുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ, ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി. കോവിൻ ആപ്പോ ഡാറ്റാബേസോ നേരിട്ട് തകർക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഡാറ്റാ ലംഘനത്തെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.

വാക്‌സിൻ സ്വീകരിക്കുമ്പോൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ നൽകിയാൽ ടെലഗ്രാമിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആധാർ, പാസ്‌പോർട്ട് അല്ലെങ്കിൽ പാൻ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ നമ്പരുകൾ, ലിംഗം, ജനനത്തീയതി, ഉപയോക്താവിന് ഷോട്ട് ലഭിച്ച വാക്‌സിനേഷൻ കേന്ദ്രം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കും എന്നാണ് വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പറയുന്നത്.
കോവിൻ പോർട്ടലിൽ വിവരച്ചോർച്ചയുണ്ടായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അത് ആയുധമാക്കി കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. വിവരം ചോർന്നത് കോവിൻ പോർട്ടലിൽ നിന്നല്ല എന്നാണ് പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചത്.

സംഭവത്തിൽ ആരോഗ്യമന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിനില്‍ ഒരിക്കലും വിവരച്ചോര്‍ച്ചയ്ക്ക് സാധ്യതയില്ല എന്നാണ് ആരോഗ്യ മന്ത്രാലയവും വാദിക്കുന്നത്. എങ്കിലും അന്വേഷണത്തിനായി വിദഗ്ധർ ഉൾപ്പെട്ട സംഘത്തെ ആരോഗ്യമന്ത്രാലയം നിയോഗിച്ചിരിക്കുകയാണ്. എല്ലാ സർക്കാർ മന്ത്രാലയങ്ങളുമായും ബന്ധപ്പെട്ട ഡാറ്റ സംഭരണം, ആക്‌സസ്, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയ്ക്കായി ഒരു പൊതുചട്ടക്കൂട് രൂപീകരിക്കാൻ കേന്ദ്രം തയാറെടുത്ത് വരികയാണ്.
ഡാറ്റ സുരക്ഷയ്ക്കായുള്ള ദേശീയ ഡാറ്റാ ഗവേണൻസ് നയത്തിന് അന്തിമരൂപം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം നിലവിലെ വിവാദം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനോട് (സിഇആർടി-ഇൻ) കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഒടിപി ഇല്ലാതെ വാക്സിനേഷൻ എടുത്ത ഗുണഭോക്താക്കളുടെ വിവരങ്ങൾ ആർക്കും ലഭ്യമാകില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. മുതിർന്നവർക്കുള്ള വാക്സിനേഷനായി, ജനന വർഷം (YOB) മാത്രമേ വാങ്ങിയിരുന്നുള്ളൂ. എന്നാൽ പുറത്തുവന്ന വിവരച്ചോർച്ച സംബന്ധിച്ച റിപ്പോർട്ടുകളിൽ ജനനത്തീയതിയും ലഭ്യമാകും എന്നാണ് കാണുന്നത്. കൂടാതെ ഉപയോക്താവിന്റെ വിലാസം രേഖപ്പെടുത്താൻ വ്യവസ്ഥയില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഈ വിഷയങ്ങളടക്കം പരിശോധിക്കാനാണ് ആരോഗ്യ മന്ത്രാലയം ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കോവിന്റെ നിലവിലുള്ള സുരക്ഷാ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള ഒരു ആന്തരിക പരിശോധനയും ആരംഭിച്ചിട്ടുണ്ട്. 2021 ജൂണിലാൽ ഇന്ത്യക്കാരുടെ വാക്സിനേഷൻ ഡാറ്റ പുറത്തായി എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അന്ന് കേന്ദ്രം ആ റിപ്പോർട്ട് നിഷേധിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ ഡാറ്റ ചോർച്ച നടന്നു എന്നുതന്നെയാണ് സൂചന നൽകുന്നത്. കോവിൻ വാക്സിനേഷൻ സമയത്തുതന്നെ ആളുകളുടെ വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന വിഷയം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ അപ്പോഴെല്ലാം വിവരം ചോരില്ലെന്നും സുരക്ഷിതമാണെന്നും കേന്ദ്രം ഉറപ്പുനൽകിയിരുന്നു. അതിനാൽ നിലവിൽ വിവരം ചോർന്നത് എങ്ങനെയാണ് എന്ന് കേന്ദ്രം തന്നെ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം പറയുന്നു.


Click it and Unblock the Notifications








