സ്വന്തം വിരൽ ചതിക്കില്ല! ഈ പെൻഡ്രൈവിൽ ഫോട്ടോയും വീഡിയോയും ഡാറ്റയും പേടിക്കാതെ കൊണ്ടുനടക്കാം!
സ്വകാര്യ ഡാറ്റയുടെ സുരക്ഷ ഏതൊരാളുടെയും ആശങ്കയാണ്. ഫോട്ടോയും വീഡിയോയും മറ്റ് ഡാറ്റകളുമൊക്കെ സുരക്ഷിതമായി സംരക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളും തേടേണ്ട കാലഘട്ടമാണിത്. ഡാറ്റാ സുരക്ഷയുടെ ഈ പ്രാധാന്യം കണക്കിലെടുത്ത് ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ സഹിതം ഒരു പെൻഡ്രൈവ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ലെക്സർ (Lexar).
സ്വന്തം ഡാറ്റയുടെ സുരക്ഷ സ്വന്തം വിരൽ കൊണ്ട് ഉറപ്പാക്കാം എന്നതാണ് ലെക്സറിന്റെ ഈ വ്യത്യസ്തവും എന്നാൽ, അനിവാര്യവുമായ പെൻഡ്രൈവിന്റെ പ്രത്യേകത. ജമ്പ്ഡ്രൈവ് എഫ് 35 ( JumpDrive F35) എന്നാണ് ഈ പെൻഡ്രൈവിന്റെ പേര്. 300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്.

ജോലി സംബന്ധമായും സ്വകാര്യ ആവശ്യങ്ങൾക്കായും ഫോട്ടോ, വീഡിയോ, മറ്റ് പലവിധ ഡാറ്റകൾ എന്നിവ നമുക്ക് കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. ഇവ കോപ്പി ചെയ്യുന്നതിനും സൗകര്യാർഥം കൈമാറ്റം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും ഒക്കെ പലപ്പോഴും പെൻഡ്രൈവുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ അപ്പോഴെല്ലാം ഈ ഡാറ്റയുടെ സുരക്ഷ ഒരു വെല്ലുവിളിയായിരുന്നു.
കാരണം പെൻഡ്രൈവ് കൈയിൽ കിട്ടുന്ന ആർക്കും അതിലെ ഡാറ്റയിലേക്ക് ആക്സസ് നേടാൻ വളരെ ഈസിയായി സാധിക്കുമായിരുന്നു. എന്നാൽ ഫിംഗർപ്രിന്റ് സുരക്ഷാ സംവിധാനത്തോടുകൂടി എത്തുന്ന ലെക്സറിന്റെ ജമ്പ്ഡ്രൈവ് എഫ് 35 ഉണ്ടെങ്കിൽ അത്തരം പേടികളൊന്നും തീരെ വേണ്ട എന്നാണ് കമ്പനി പറയുന്നത്. കാരണം ഉടമയുടെ വിരലടയാളം ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്താൻ ഇതിൽ ഓപ്ഷനുണ്ട്.
ലെക്സർ ജമ്പ്ഡ്രൈവ് എഫ്35 ഡ്രൈവിൽ സംഭരിച്ചിരിക്കുന്ന വ്യക്തിപരവും പ്രൊഫഷണലുമായ ഡാറ്റ സുരക്ഷിതമാക്കാൻ 256 AES എൻക്രിപ്ഷൻ സ്റ്റാൻഡേർഡിനെ ആശ്രയിക്കുന്നു. കൂടാതെ, പെൻഡ്രൈവിന് 10 വിരലടയാളങ്ങൾ വരെ സംഭരിക്കാൻ കഴിയും, അത് ആവശ്യമുള്ളവർക്ക് മാത്രം ആക്സസ് അനുവദിക്കാൻ ഉടമയ്ക്ക് സാധിക്കും എന്നത് ഇതിന്റെ ഉപയോഗം എളുപ്പമാക്കുന്നു.
ഡാറ്റ അടങ്ങിയ പെൻഡ്രൈവുകളുടെ മോഷണം പലപ്പോഴും നിരവധി പേർക്ക് കനത്ത വെല്ലുവിളിയും നഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. സ്വന്തം പെൻഡ്രൈവ്, കണ്ണുതെറ്റി തെറ്റായ കൈകളിൽ എത്തിപ്പെട്ടാലും സ്വന്തം ഡാറ്റ സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ കണക്കിലെടുത്താണ് ഇത്തരമൊരു പെൻഡ്രൈവ് നിർമ്മിച്ചതെന്ന് ലെക്സർ കമ്പനി പറയുന്നു.
പാസ്‌വേഡുകളോ പിന്നുകളോ സജ്ജീകരിച്ച് സുരക്ഷ ഉറപ്പാക്കുന്ന പരമ്പരാഗത രീതികളെ ആശ്രയിക്കാതെ, നൂതന ബയോമെട്രിക് ടെക്‌നോളജി സിസ്റ്റം ഉപയോഗിച്ച് ജമ്പ്ഡ്രൈവ് എഫ്35 പെൻഡ്രൈവ് ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നു. അതായത് പാസ്വേഡ് കോഡുകൾ ഓർത്ത് വയ്ക്കണം എന്ന അൽപ്പം ശ്രമകരമായ പ്രക്രിയയിൽനിന്ന് ഉപയോക്താക്കൾ ഇവിടെ മുക്തരാക്കപ്പെടുന്നു.
1 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ തന്നെ പെൻഡ്രൈവ് ഡാറ്റ ആക്‌സസ് ചെയ്യാൻ ഇതിലെ അൾട്രാ ഫാസ്റ്റ് റെക്കഗ്നിഷൻ സഹായിക്കുന്നു. F35ന് സോഫ്‌റ്റ്‌വെയർ ഡ്രൈവറുകൾ ആവശ്യമില്ല. വളരെപ്പെട്ടെന്ന് ഇത് കൈകാര്യം ചെയ്യാം. ഡ്രൈവ് പ്ലഗ് ഇൻ ചെയ്‌ത് ഒരു പാസ്‌വേഡ് സജ്ജീകരിക്കാനും വിരലടയാളം ഉപയോഗിച്ച് സുരക്ഷിതമാക്കാനും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിക്കാം.
ഹൈലെവൽ ഡാറ്റാ സുരക്ഷ ഉറപ്പാക്കാനും ഡാറ്റ നഷ്‌ടമോ മോഷണമോ തടയാനും ജമ്പ് ഡ്രൈവിന് 256-ബിറ്റ് എഇഎസ് എൻക്രിപ്ഷൻ ഉണ്ട്. ഈ ഫിംഗർപ്രിന്റ് പെൻഡ്രൈവിന്റെ പ്രധാന ഫീച്ചറുകൾ നോക്കാം: USB 3.0 പിന്തുണ, 300 MB/s വരെ ട്രാൻസ്ഫർ വേഗത, 10 ഫിംഗർപ്രിന്റ് ഐഡികൾ വരെ പിന്തുണയ്ക്കും.

അൾട്രാ ഫാസ്റ്റ് ഐഡന്റിഫിക്കേഷൻ ( 1 സെക്കൻഡിൽ താഴെ സമയം മതി), ഈസി സെറ്റ്-അപ്, സോഫ്റ്റ്വെയർ ഡ്രൈവർ ആവശ്യമില്ല, 256-ബിറ്റ് എഇഎസ് എൻക്രിപ്ഷൻ, മൂന്ന് വർഷത്തെ പരിമിത വാറന്റി. 32GB, 64GB എന്നീ സ്റ്റോറേജ് വേരിയന്റുകളിലും 150MB/s അല്ലെങ്കിൽ 300MB/s വരെ റീഡ് സ്പീഡ് വേരിയന്റുകളിലും ഈ പെൻഡ്രൈവ് ലഭ്യമാണ്.
4,500 രൂപ മുതൽ 6,000 രൂപ വരെയാണ് ഫിംഗർ പ്രിന്റ് സുരക്ഷയോടുകൂടി എത്തുന്ന ലെക്സർ ജമ്പ്ഡ്രൈവ് എഫ്35 ഡ്രൈവിന്റെ വില. എല്ലാ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിലർ സ്റ്റോറുകളിലും ഈ പെൻഡ്രൈവ് ലഭ്യമാണ്. സുരക്ഷിതമായ ഒരു പെൻഡ്രൈവ് വാങ്ങാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പരിഗണിക്കേണ്ട ഒരു പ്രോഡ്ക്ടാണ് ഇത്.


Click it and Unblock the Notifications







