എങ്ങനെ ഫോണിലെ അനാവശ്യ ഓഫറുകള്‍ ഒഴിവാക്കാം?

Written By: Vivek

പലപ്പോഴും ഫോണ്‍ ബാലന്‍സ് അഴിച്ചുവിട്ട ബലൂണ്‍ പോലെ ചോരാന്‍ തുടങ്ങുമ്പോഴാകും ഒരു പന്തികേട് നമ്മുടെ ശ്രദ്ധയില്‍ പെടുന്നത്. കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ അവര്‍ പറയും നിങ്ങളുടെ നമ്പരില്‍ ഏതോ കാശ് വലിയ്ക്കുന്ന ഓഫര്‍ ആക്ടീവ് ആണെന്ന്. എന്നാല്‍ നമുക്ക് അങ്ങനെയൊരു ഓഫര്‍ ആക്ടിവേറ്റ് ചെയ്തത് സംബന്ധിച്ച് ഒരറിവും കാണില്ല. പലപ്പോഴും ഡയലര്‍ ടോണുകളാകും ഇത്തരത്തില്‍ അനധികൃതമായി കടന്നു വരുന്നത്. എന്നാല്‍ ഇനി മുതല്‍ അത്തരം എല്ലാ അനധികൃത ഓഫറുകളും ഒറ്റയടിയ്ക്ക് ഉന്മൂലനം ചെയ്യാന്‍ ഒരു വഴിയുണ്ട്.

എങ്ങനെ ഫോണിലെ അനാവശ്യ ഓഫറുകള്‍ ഒഴിവാക്കാം?

155223. ഇതാണ് നമ്പര്‍. നിങ്ങളുടെ ഫോണില്‍ അനധികൃതമായി കടന്നുകൂടിയ എല്ലാ ഓഫറുകളും ഡീയാക്ടിവേറ്റ് ചെയ്യാന്‍ ഈ നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാകും. എല്ലാ കണക്ഷനുകളിലും, ആവശ്യമില്ലാത്ത വാല്യു ആഡഡ് സര്‍വീസുകള്‍ ഒഴിവാക്കാന്‍ ഈ നമ്പരില്‍ വിളിയ്ക്കാം. ഓഫറുകള്‍ ആക്ടിവേറ്റായി 24 മണിക്കൂറിനുള്ളില്‍ ഈ നമ്പരില്‍ വിളിച്ച് ഡീയാക്ടിവേറ്റ് ചെയ്താല്‍ സേവനദാതാവ് ഉപഭോക്താവിന് ചെലവായ തുക തിരിച്ചു നല്‍കാനും ട്രായ് നിര്‍ദ്ദേശമുണ്ട്.

ഇത്തരം വാല്യു ആഡഡ് സര്‍വീസുകള്‍ ആക്ടീവ് ആയി 24 മണിക്കൂര്‍ കഴിഞ്ഞാലും, ഡീയാക്ടിവേറ്റ് ചെയ്യാന്‍ ഈ നമ്പരില്‍ വിളിച്ചാല്‍ മതിയാകും. പക്ഷെ നഷ്ടമായ പണം തിരികെ ലഭിയ്ക്കില്ല. ഉപഭോക്താവിന്റെ പരാതി ലഭിച്ച് 4 മണിക്കൂറിനുള്ളില്‍ സേവനം ഡീയാക്ടിവേറ്റ് ചെയ്യപ്പെടും.

നിയമമനുസരിച്ച് ഉപയോക്താവിന്റെ അനുവാദം കൂടാതെ ഇത്തരത്തിലുള്ള സേവനങ്ങളഒന്നും തന്നെ ആക്ടിവേറ്റ് ചെയ്യാന്‍ പാടുള്ളതല്ല. പക്ഷെ ഉടായിപ്പിന് കൈയ്യും കാലും വച്ച നമ്മുടെ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ ഉപയോക്താവിനെ പരമാവധി വലിപ്പിയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. എന്നാ ഇനി മുതല്‍ ആ പരിപ്പും വേകൂല..

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot