കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല! ഡീപ്സീക്ക് ചൈനീസ് സർക്കാരിന് ഡാറ്റ നൽകുമെന്ന് ചാരസംഘടന
ചാറ്റ്ജിടിപി (ChatGPT), ഡീപ്സീക്ക് (DeepSeek) എന്നീ എഐ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ കൂടുതൽ രാജ്യങ്ങൾ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് വിലക്കി രംഗത്തെത്തുന്നത് തുടരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ChatGPT, DeepSeek എന്നിവയുൾപ്പെടെയുള്ള AI ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം ജീവനക്കാരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. നിർണായകമായ സർക്കാർ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവത്തിന് ഉണ്ടാകുന്ന അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചാറ്റ്ജിപിടി ഉപയോഗിക്കരുതെന്ന് നേരത്തെ തന്നെ വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോഴത് ഡീപ്സീക്കിനും ബാധകമാക്കിയിരിക്കുന്നു.
ഭാവിയുടെ ടെക്നോളജി എന്ന് വിശേഷിപ്പിക്കുന്ന എഐ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് ലോകത്തെ അമ്പരപ്പിച്ച രണ്ട് എഐ പ്ലാറ്റ്ഫോമുകളാണ് ചാറ്റ്ജിപിടിയും ഡീപ്സീക്കും. ആദ്യം ചാറ്റ്ജിപിടി വൈറലായതിനെക്കാൾ വേഗത്തിൽ ആണ് ഇപ്പോൾ ചൈനീസ് AI ആപ്പായ ഡീപ്സീക്ക് ലോകമെങ്ങും വൈറൽ ആയിരിക്കുന്നത്. എന്നാൽ ഇത്തരം എഐ പ്ലാറ്റ്ഫോമുകൾ ആളുകളുടെ വിവരങ്ങൾ ശേഖരിക്കും എന്നതാണ് പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രത്യേകിച്ച് ചൈനയെ ലോകരാജ്യങ്ങൾ ഏറെ ഭയക്കുന്നുണ്ട്. ചൈനീസ് എഐ ആപ്പ് ആണ് എന്നത് ഡീപ്സീക്കിനെ ഭയാശങ്കകളോടെ നോക്കിക്കാണാൻ ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളെ കൂടുതൽ പ്രേരിപ്പിക്കുന്നു. ഡാറ്റ സുരക്ഷാ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഇറ്റലി, യുഎസ്, അയർലൻഡ്, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങി വിവിധ രാജ്യങ്ങൾ ഡീപ്സീക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡീപ്സീക്ക് അമിതമായി വ്യക്തിഗത ഡാറ്റ ശേഖരിക്കുകയും എല്ലാ ഇൻപുട്ട് ഡാറ്റയും സ്വയം പരിശീലിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കൂടാതെ ഒരു ചോദ്യത്തിന് ഭാഷ മാറുന്നത് അനുസരിച്ച് വ്യത്യസ്ത ഉത്തരങ്ങളാണ് ഡീപ്സീക്ക് നൽകുന്നത് എന്നും കൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) പറയുന്നു.

"മറ്റ് ജനറേറ്റീവ് AI സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, വ്യക്തികളെ തിരിച്ചറിയാനും volceapplog.com പോലുള്ള ചൈനീസ് കമ്പനികളുടെ സെർവറുകളുമായി ആശയവിനിമയം നടത്താനും കഴിയുന്ന കീബോർഡ് ഇൻപുട്ട് പാറ്റേണുകൾ ശേഖരിക്കുന്നതിനുള്ള ഒരു ഫംഗ്ഷൻ ഡീപ്സീക്കിൽ ഉൾപ്പെടുന്നു. അതിനാൽ ചാറ്റ് റെക്കോർഡുകൾ കൈമാറ്റം ചെയ്യാനാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്," എന്ന് NIS പറഞ്ഞു.
ഡീപ്സീക്ക് ഉപയോക്താക്കളുടെ ഡാറ്റ ചൈനീസ് സെർവറുകളിൽ സംഭരിക്കും. ചൈനീസ് നിയമപ്രകാരം, ആവശ്യപ്പെടുമ്പോൾ ചൈനീസ് സർക്കാരിന് അത്തരം വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് കൊറിയൻ പറയുന്നു. ചൈനയ്ക്ക് എതിരായ ചോദ്യങ്ങളിൽ തന്ത്രപരമായ സമീപനമാണ് ഡീപ്സീക്ക് പുലർത്തുന്നത് എന്നും ചാരസംഘടന ചൂണ്ടിക്കാട്ടി. ചൈനയുടെ ഉടമസ്ഥതയിലുള്ള കൃത്രിമബുദ്ധി ഉപയോഗിക്കാൻ യുഎസ് പൗരൻമാരെ വിലക്കാൻ അമേരിക്ക നിയമനിർമാണം ഉൾപ്പെടെ നടത്താൻ ഒരുങ്ങുകയാണ്.
ചൈനീസ് സർക്കാരിന് വിവിധ രാജ്യങ്ങളുമായുള്ള മോശം ബന്ധവും രാജ്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മേലുള്ള അധികാരവും മറ്റ് ലോകരാജ്യങ്ങളെ ഭയപ്പെടുത്തുന്നു. ഡീപ്സീക്ക് പോലെ അനന്തമായ സാധ്യതകൾ ഉള്ള ഒരു എഐ പ്ലാറ്റ്ഫോമിന് വാതിൽ തുറന്ന് നൽകിയാൽ അത് തങ്ങളുടെ രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കും എന്നതാണ് ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ ഡീപ്സീക്ക് നിരോധിച്ച് രംഗത്തെത്താൻ കാരണം.

ഔദ്യോഗിക ജീവനക്കാർ മാത്രമല്ല, തങ്ങളുടെ സാധാരണക്കാരായ പൗരന്മാർ പോലും ചൈനീസ് എഐ പ്ലാറ്റ്ഫോമായ ഡീപ്സീക്ക് ഉപയോഗിക്കുന്നതിനെ യുഎസ് വിലക്കുന്നു. യുഎസ് സർക്കാരിൻറെ നിർദേശം ലംഘിച്ച് ആരെങ്കിലും ഡീപ്സീക് ഉപയോഗിച്ചാൽ പിഴയും തടവുശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന നിലയിലേക്ക് നിയമനിർമാണം നടത്താൻ യുഎസ് തയാറെടുക്കുകയാണ്. ഇറ്റലി പോലുള്ള ചില രാജ്യങ്ങൾ ഇതിനകം ഡീപ്സീക്ക് നിരോധിച്ചുകഴിഞ്ഞു.


Click it and Unblock the Notifications








