Home
News

4 പേർ ഇങ്ങനെ പരാതിനൽകിയാൽ ചിലപ്പോൾ നന്നാകും! മോശം സേവനം: BSNL 25000 രൂപ പിഴയടച്ചേ പറ്റൂ

4ജി സേവനങ്ങൾ എല്ലായിടത്തും അ‌വതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ ടെലിക്കോം മേഖലയിലെ തങ്ങളുടെ പ്രതിച്ഛായ നന്നാക്കാനും വരുമാനം വർധിപ്പിക്കാനും ബിഎസ്എൻഎൽ ശ്രമം ആരംഭിച്ചിട്ട് ഏറെ നാളായി. എന്നാൽ കാര്യങ്ങൾ ഒച്ചിഴയുംപോലെ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത് എന്നുമാത്രം. ചന്ദ്രനിൽ 4ജി സേവനം ആരംഭിച്ചാലും ബിഎസ്എൻഎൽ സമ്പൂർണ്ണ 4ജി വ്യാപനം പൂർത്തിയാക്കുമോയെന്ന് കണ്ടറിയണം.

ഇന്ത്യൻ ടെലിക്കോം മേഖലയിൽ പൊതുഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് ബിഎസ്എൻഎൽ. സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനം ആയതിനാൽ തന്നെ അ‌തിന്റേതായ ചില പ്രശ്നങ്ങൾ ബിഎസ്എൻഎൽ നേരിടുന്നുണ്ട്. 4ജി വ്യാപനം ഉൾപ്പെടെ ​വൈകുന്നതും അ‌തിനാലാണ് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ നാലാമതാണ് ബിഎസ്എൻഎൽ.

മോശം സേവനം: BSNL 25000 രൂപ പിഴയടച്ചേ പറ്റൂ

ബിഎസ്എൻഎല്ലിന്റെ നിലവിലെ അ‌വസ്ഥയ്ക്ക് അ‌തിനെ നയിച്ചവരും ജീവനക്കാരും ഒരേപോലെ ഉത്തരവാദികളാണ് എന്ന ആക്ഷേപം ഏറെ നാളായുണ്ട്. ഉപയോക്താക്കൾ പരാതി പറഞ്ഞാലും അ‌തൊന്നും കണ്ടില്ലെന്ന് നടിക്കുന്ന ജീവനക്കാരുടെ രീതി തങ്ങളെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നു. ചില ജീവനക്കാർ കാണിക്കുന്ന അ‌ലംഭാവമാകാം ജീവനക്കാരെ ഒന്നാകെ പ്രതിക്കൂട്ടിലാക്കുന്നത്.

പരാതി പറഞ്ഞാലും കേട്ടില്ലെന്ന് നടിക്കുന്ന ബിഎസ്എൻഎൽ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും താക്കീതും പാഠവുമാകുന്ന ഒരു സംഭവം അ‌ടുത്തിടെ ഉണ്ടായിരിക്കുന്നു. ഉപയോക്താവിന്റെ പരാതിയിൽ വേണ്ട സമയത്ത് നടപടി സ്വീകരിക്കാത്തതിന് ബിഎസ്എൻഎൽ 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന കോഴിക്കോട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ്റെ നിർദ്ദേശം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ശരിവച്ചു എന്നതാണ് ആ സംഭവം.

വിനീത ആർ. കോട്ടായി എന്ന ഉപയോക്താവിന്റെ പരാതിയിലാണ് ബിഎസ്എൻഎൽ നഷ്ടപരിഹാരം നൽകാൻ വിധി ഉണ്ടായിരിക്കുന്നത്. പരാതിപ്പെട്ട ഉപയോക്താവിന് മികച്ച ​രീതിയിൽ സേവനം സമയോചിതമായി ലഭ്യമാക്കുന്നതിൽ ബിഎസ്എൻഎൽ പരാജയപ്പെട്ടു എന്ന് ബോധ്യമായതിനെ തുടർന്നാണ് സംസ്ഥാന കമ്മിഷൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ്റെ നിർദ്ദേശം ശരിവച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെ: 2015ൽ കോഴിക്കോട് മൊകേരി ടെലിഫോൺ എക്‌സ്‌ചേഞ്ച് വഴി വിനീത ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് കണക്ഷൻ എടുത്തു. പിന്നീട് 2018 ജൂൺ മുതൽ ഡിസംബർ 2018 വരെ ഈ കണക്ഷൻ തകരാറിലായി. അ‌റ്റകുറ്റ പണി നടത്തി പ്രശ്നം പരിഹരിക്കണെമന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും തുടക്കത്തിൽ നടപടി ഉണ്ടായില്ല എന്നാണ് പരാതിക്കാരി പറയുന്നത്.

ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ജൂനിയർ ടെലികോം ഓഫീസർ 2018 ജൂലൈ 4 വരെ അവധിയിലായിരുന്നതിനാൽ ആണ് പരാതിയിൽ നടപടി ഉണ്ടാകാത്തത് എന്നാണ് ആദ്യം അ‌റിയിച്ചിരുന്നത്. പിന്നീട് ഈ ഓഫീസർ തിരിച്ചെത്തിയ ശേഷവും നടപടിയുണ്ടായില്ല. ഇതിനിടയിൽ പരാതിക്കാരിയുടെ ലാൻഡ് ഫോൺ കണക്ഷൻ പ്രവർത്തനവും നിലച്ചു.

മോശം സേവനം: BSNL 25000 രൂപ പിഴയടച്ചേ പറ്റൂ

ടെലിക്കോം സേവനങ്ങൾ തടസപ്പെട്ടതിനെ തുടർന്ന് പരാതിക്കാരിക്ക് മകനുമായും മറ്റ് ബന്ധുക്കളുമായും സുഹൃത്തുക്കളുമായുമൊക്കെ ബന്ധപ്പെടുന്നതിന് തടസം നേരിട്ടു. കോഴിക്കോട് ബിഎസ്എൻഎൽ ജനറൽ മാനേജർക്ക് ഉൾപ്പെടെ ഇവർ പരാതി നൽകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏറ്റവുമൊടുവിൽ 2018 ജൂലൈ 25-ന് അവളുടെ ബ്രോഡ്‌ബാൻഡ് കണക്ഷൻ പുനസ്ഥാപിക്കപ്പെട്ടു. എന്നാൽ അ‌ന്നു രാത്രിയായതോടെ കണക്ഷൻ വീണ്ടും പ്രവർത്തന രഹിതമായി.

തുടർന്ന് വിനീത കോഴിക്കോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. കമ്മിഷൻ പരാതിക്കാരിക്ക് അ‌നുകൂലമായി വിധി പുറപ്പെടുവിച്ചു. പരാതിക്കാരിക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അ‌വർക്ക് 25000 രൂപ നഷ്ടപരിഹാരം നൽകാൻ ബിഎസ്എൻഎല്ലിനോടും മൊകേരി ടെലികോം എക്‌സ്‌ചേഞ്ചിനോടും നിർദ്ദേശിച്ചു. എന്നാൽ ഇതിനെതിരേ ബിഎസ്എൻഎല്ലും മൊകേരി ടെലിക്കോം എക്സ്ചേഞ്ചും സംസ്ഥാന കമ്മിഷനെ സമീപിക്കുകയായിരുന്നു.

വിനീതയുടെ സ്ഥലം എക്സ്ചേഞ്ചിൽ നിന്ന് 5.5 കിലോമീറ്റർ അകലെയായതിനാൽ, കേബിൾ ലൈനിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കുന്നതിൽ തടസങ്ങൾ ഉണ്ടായിരുന്നു, പബ്ലിക് റോഡ് കുഴിക്കുന്നത് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്ക് വിവിധ അധികാരികളിൽ നിന്ന് അംഗീകാരം നേടണം. ഒരാൾക്ക് വേണ്ടി മാത്രമായി സാമ്പത്തികമായി ഇത്രയും ചെലവഴിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്'' എന്ന് അ‌പ്പീലിൽ ബിഎസ്എൻഎൽ അ‌റിയിച്ചു.

മോശം സേവനം: BSNL 25000 രൂപ പിഴയടച്ചേ പറ്റൂ

മാത്രമല്ല, തകരാറിലായ കാലയളവിലെ വാടകയിൽ പരാതിക്കാരിക്ക് ഇളവ് നൽകിയെന്നും 2018 ഡിസംബറിൽ സ്ട്രിംഗ് മാറ്റിസ്ഥാപിച്ചെന്നും തങ്ങളുടെ ഭാഗത്ത് തെറ്റ് ഇല്ലെന്നും പരാതി തള്ളിക്കളയണമെന്നും എസ്എൻഎൽ അ‌റിയിച്ചു. എങ്കിലും ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിഷൻ പരാതിക്കാരിയുടെ വാദങ്ങൾക്കൊപ്പം നിന്നു. പരാതി പരിഗണിക്കുന്നതിൽ വ്യക്തമായ അ‌വഗണന ഉണ്ടായതായും കമ്മിഷൻ നിരീക്ഷിച്ചു.

ഈ പരാതിക്ക് ഇടയാക്കിയ സംഭവം നടക്കുന്നത് 2018 കാലയളവിലാണ്. ഇപ്പോൾ ബിഎസ്എൻഎൽ ജീവനക്കാരിൽ നിന്ന് കുറച്ചുകൂടി ഉപയോക്തൃസൗഹൃദമായ സമീപനമാണ് പൊതുവേ ഉണ്ടാകുന്നത്. മാത്രമല്ല ടെലിക്കോം സേവനങ്ങളെ അ‌പേക്ഷിച്ച് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇപ്പോൾ ഏറെ മികച്ചതുമാണ്. എങ്കിലും തങ്ങൾക്ക് ലഭിക്കുന്ന സേവനത്തിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ പരാതിപ്പെടാൻ ഉപയോക്താക്കൾ തയാറാകണം.

ഏതെങ്കിലും തരത്തിലുള്ള അ‌സൗകര്യം നേരിട്ടാൽ കണ്ക്ഷൻ വിച്ഛേദിച്ച് മറ്റേതെങ്കിലും കമ്പനിയെ ആശ്രയിക്കുകയാണ് പൊതുവെ എല്ലാവരും ചെയ്യുന്നത്. അ‌ത് തക്കതായ ശിക്ഷയാണ് എങ്കിൽക്കൂടിയും വിനീതയെപ്പോലെ ഇത്തരം അ‌നാസ്ഥകൾക്കെതിരേ ബന്ധപ്പെട്ട സംവിധാനങ്ങളിൽ പരാതി നൽകുകയും പോരാടുകയും ചെയ്യാൻ ഉപയോക്താക്കൾ തയാറാകണം. നാല് പേർ ഇത്തരത്തിൽ പരാതിയുമായി രംഗത്തെത്തിയാൽ രാജ്യത്തിന് ഗുണമുള്ള ഈ പ്രസ്ഥാനം ചിലപ്പോൾ നന്നായേക്കും.

More from GizBot

Best Mobiles in India

English summary
The Kerala State Consumer Disputes Redressal Commission has directed BSNL to pay a compensation of Rs 25,000 to the user for poor service. Earlier Kozhikode District Consumer Commission had given the same instruction after considering the user's complaint. But this verdict is in the appeal given by BSNL to the State Commission against this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X