അപ്പൊ ജിയോയും എയർടെലും എന്താ പൊട്ടനാ...! 5G അവതരിപ്പിക്കാൻ വൈകിയത് നന്നായെന്ന് വിഐ
ഇന്ത്യയിൽ 5ജി ഉപയോഗിക്കുന്ന ടെലിക്കോം ഉപയോക്താക്കളുടെ എണ്ണം ദിവസത്തിന് ദിവസം വർധിച്ചുകൊണ്ടിരിക്കുകയാണ്. ജിയോയും എയർടെലും ആണ് ഇന്ത്യയുടെ 5ജി വിപ്ലവത്തിന് നേതൃത്വം നൽകിയത്. അവശേഷിക്കുന്ന ടെലിക്കോം കമ്പനികളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന്റെ 5ജി വ്യാപനം 2025 ജൂണിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. പിന്നെ അവശേഷിക്കുന്നത് വൊഡാഫോൺ ഐഡിയ (VI) ആണ്. വിഐയുടെ 5ജി എപ്പോൾ എത്തും എന്ന് മാസങ്ങളായി വരിക്കാരും ടെലിക്കോം രംഗവും ആകാംക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ജിയോയ്ക്കും എയർടെലിനും ഒപ്പം വിഐയും 5ജി സ്പെക്ട്രം സ്വന്തമാക്കിയതാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മറ്റുള്ളവർക്കൊപ്പം 5ജി അവതരിപ്പിക്കാനായില്ല.
പക്ഷേ 5ജി അവതരിപ്പിക്കാൻ വൈകിയത് ശരിക്കും തങ്ങൾക്ക് സഹായമായി എന്നാണ് വിഐ ഇപ്പോൾ പറയുന്നത്. 5ജി അവതരിപ്പിക്കാൻ വൈകിയതുകൊണ്ട് ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിക്കാനും ചെലവുകൾ നിയന്ത്രിക്കാനും തങ്ങൾക്ക് സാധിക്കും എന്ന് വിഐ പറയുന്നു. ഫണ്ട് സമാഹരിച്ച ശേഷം 5ജി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിഐ.

തങ്ങളുടെ 4G കവറേജ് വിപുലീകരിക്കാനും ഇന്ത്യയിലെ 17 മുൻഗണനാ സർക്കിളുകളിൽ 5G പുറത്തിറക്കാനും ഇപ്പോൾ വിഐ മുന്നിട്ടിറങ്ങിയിരിക്കുന്നു. 5ജി വ്യാപനത്തിൽ വിഐക്ക് കൂട്ടായി നോക്കിയയും എറിക്‌സണും എത്തുമെന്ന് കരുതപ്പെടുന്നു. കാരണം ജിയോയിൽ നിന്നും എയർടെലിൽ നിന്നും 5ജി ഉപകരണങ്ങളുടെ ഓഡറുകൾ ഈ കമ്പനികൾക്ക് ലഭിച്ചിരുന്നില്ല.
ഇന്ത്യയിൽ ബിസിനസ് ലഭിക്കുന്നതിനായി വിഐക്ക് ഡിസ്കൗണ്ട് നൽകാൻ നോക്കിയയും എറിക്സും തയാറാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് വിഐക്ക് വലിയ സഹായമാകും. കാരണം കുറഞ്ഞ ചെലവിൽ 5ജി അവതരിപ്പിക്കാൻ ഇത് വിഐയെ സഹായിക്കും. ഇന്ത്യയിൽ 2022ൽ ആണ് 5ജി വ്യാപനത്തിന് തുടക്കമായത്.

5ജി വ്യാപനം ആരംഭിച്ച 2022 കാലഘട്ടത്തിൽ ലഭ്യമായിരുന്നതിനെക്കാൾ മികച്ച ടെക്നോളജിയും ഡിവൈസുകളും ഇപ്പോൾ ലഭ്യമാണ്. ഇതുപയോഗിച്ച് 5ജി അവതരിപ്പിക്കുന്നതിലൂടെ ഏറ്റവും പുതിയ ടെക്നോളജി സഹിതം കൂടുതൽ കാര്യക്ഷമതയോടെ 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ വിഐക്ക് കഴിയും. അതിനാൽ അൽപ്പം വൈകിയാലും അതിൽ ചില നല്ലത് നടന്നിട്ടുണ്ട് എന്നാണ് വിഐ പറയുന്നതിന്റെ പൊരുൾ.
തങ്ങൾ വിന്യസിച്ചിട്ടുള്ള ടിഡിഡി (Time Division Duplexing) റേഡിയോകളിൽ 90 ശതമാനവും 5ജി റെഡിയാണ് എന്ന് വിഐ പറയുന്നു. കൂടാതെ, അതിൻ്റെ എല്ലാ പുതിയ ബേസ്ബാൻഡുകളും 5G ശേഷിയുള്ളവയാണ്. സിഗ്നലുകളുടെ പ്രക്ഷേപണവും സ്വീകരണവും വേർതിരിക്കുന്നതിന് സമയം ഉപയോഗിക്കുന്ന ഒരു വയർലെസ് ആശയവിനിമയ ടെക്നോളജിയാണ് ടൈം ഡിവിഷൻ ഡ്യുപ്ലെക്സിംഗ്.
5G വ്യാപനത്തിനുള്ള അടിസ്ഥാന ടെക്നോളജിയാണ് TDD, 4G മൊബൈൽ നെറ്റ്‌വർക്കുകളുടെ അടിസ്ഥാന ശിലയാണിത്. "ഘട്ടം ഘട്ടമായി 5G റോൾഔട്ട് സുഗമമാക്കുന്നതിന് 10G ബാൻഡ്‌വിഡ്ത്ത് ശേഷിയുള്ള ഒപ്റ്റിക്കൽ എൻഡ് പോയിൻ്റുകളുടെ 90% തയ്യാറായിക്കഴിഞ്ഞു" എന്നും വിഐ പറയുന്നുണ്ട്. അതിനാൽ അധികം വൈകാതെ തന്നെ 5ജി മത്സരത്തിൽ വിഐയും അണിചേരും എന്ന് പ്രതീക്ഷിക്കാം.

ജിയോയുടെ 5ജി വ്യാപനം ഇതിനകം ഏതാണ്ട് പൂർത്തിയാകാറായി. എയർടെലും അടുത്ത വർഷത്തിന്റെ തുടക്കത്തോടെ രാജ്യവ്യാപക 5ജി വ്യാപനം പൂർത്തിയാകും എന്ന് കരുതപ്പെടുന്നു. നിലവിൽ ജിയോയും എയർടെലും സൗജന്യമായാണ് 5ജി സേവനങ്ങൾ നൽകുന്നത് എന്നാണ് വയ്പ്പ്. വിഐ കൂടി 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നതോടെ, അടുത്ത വർഷം 5ജി സേവനങ്ങൾക്ക് നിരക്കുകൾ നിശ്ചയിക്കപ്പെടുകയും 5ജി പ്ലാനുകൾ നിലവിൽ വരികയും ചെയ്യും എന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications








