പേരിൽ എക്സ്പ്രസ് ഉള്ളതുകൊണ്ടാകും ഇത്ര 'വേഗം'! ഓൺലൈനിൽ ഓഡർ ചെയ്ത സാധനം എത്തിയത് 4 വർഷം കഴിഞ്ഞ്
ഓൺലൈനിൽ സാധനം വാങ്ങുക എന്നത് ഇന്ന് സർവസാധാരണമാണ്. എന്തും എളുപ്പത്തിൽ കണ്ടെത്താനും വിലക്കുറവോടെ സ്വന്തമാക്കാനും സാധിക്കും എന്നതാണ് ഓൺലൈനിൽ സാധനങ്ങൾ ഓഡർ ചെയ്യുന്നതിന്റെ പ്രധാന ഗുണം. ഏറെ സൗകര്യപ്രദമായി ബുക്ക് ചെയ്യാമെന്നതും സാധനം വീട്ടുവാതിലിൽ എത്തും എന്നതും നിരവധി പേരെ ഓൺലൈൻ പർച്ചേസുകളിലേക്ക് ആകർഷിക്കുന്നു.
എന്നാൽ ഇത്തരം ഓൺലൈൻ വാങ്ങൽ ഇടപാടുകൾക്കിടയിൽ രസകരമായ ഒരുപാട് കാര്യങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ട്. അത്തരം ഒരു ഓൺലൈൻ ഇടപാടിന്റെ സംഭവകഥ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. എന്നോ ബുക്ക് ചെയ്ത ഒരു സാധനം. പിന്നീട് അതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീട് അത് ഓഡർ ചെയ്ത കമ്പനി തന്നെ പൂട്ടിപ്പോയി.

ഇതിനിടെ ലോകത്തെയാകെ അടിമുടി പരീക്ഷിച്ചും മാറ്റങ്ങൾ വരുത്തിയും കോവിഡ് വരെ വന്നുപോയി. എന്നിട്ടും ഓഡർ ചെയ്ത സാധനം മാത്രം എത്തിയില്ല. അങ്ങനെ നഷ്ടപ്പെട്ടു എന്ന് കരുതി ഓഡർ ചെയ്ത ആൾ പോലും മറന്നുപോയ ഒരു സാധനം ഒരു സുപ്രഭാതത്തിൽ അയാളെ തേടി എത്തിയാൽ എങ്ങനെയുണ്ടാകും.
അത്തരമൊരു സാഹചര്യത്തെ നേരിടുന്നവർ അദ്ഭുതംകൊണ്ട് വാ പൊളിച്ചുപോകും എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ ഒരു സാഹചര്യം നേരിട്ടതിന്റെ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി സ്വദേശിയായ നിതിൻ അഗർവാൾ എന്ന ടെക്കി. അലി ബാബയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ റീട്ടെയിൽ സേവനമായ അലിഎക്സ്പ്രസിൽ നിന്ന് 2019 ൽ നിതിൻ ഒരു ഉൽപ്പന്നം ഓഡർ ചെയ്തിരുന്നു.

എന്നാൽ പിന്നീട് അതേപ്പറ്റി വിവരമൊന്നുമുണ്ടായില്ല. എന്നാൽ നാല് വർഷത്തിന് ശേഷം അത് തന്നെ തേടി എത്തിയിരിക്കുകയാണ് എന്ന് നിതിൻ ആശ്ചര്യത്തോടെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. അതോടൊപ്പം ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് നിതിൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്തു. ഉൽപ്പന്നത്തിന്റെ വിശദാംശങ്ങളോ കാലതാമസത്തിന്റെ കാരണമോ നിതിൻ അഗർവാൾ വെളിപ്പെടുത്തിയിട്ടില്ല.
കുറച്ചുകാലം മുമ്പ് വരെ, നിരവധി ഇന്ത്യൻ ടെക്കികളുടെ പ്രിയപ്പെട്ട സൈറ്റ് ആയിരുന്നു അലിഎക്സ്പ്രസ്. ഇന്ത്യയിൽ ലഭ്യമല്ലാത്ത ചില ഉപകരണങ്ങൾ, അലിഎക്സ്പ്രസ് വഴി ചൈനയിൽ നിന്ന് ഓർഡർ ചെയ്യാൻ സാധിക്കുമായിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ നിരവധി പേർ അലി എക്സ്പ്രസ് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂണിൽ മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം ഇന്ത്യൻ സർക്കാർ അലിഎക്‌സ്‌പ്രസ് നിരോധിക്കുകയായിരുന്നു. എന്നാൽ അലിഎക്സ്പ്രസിന്റെ നിരോധനവും ഓഡർ ചെയ്ത സാധനം എത്താൻ വൈകിയതിലെ കാലതാമസവും തമ്മിൽ ബന്ധമുണ്ടോ എന്ന് പറയാൻ സാധിക്കില്ല. കാരണം 2019 ൽ ആണ് നിതിൻ ഓഡർ ചെയ്തത്.

ഇതിനുശേഷം കുറേ മാസങ്ങൾ പിന്നീട്ട ശേഷമാണ് അലിഎക്സ്പ്രസിന് ഇന്ത്യയിൽ നിരോധനം വന്നത്. നിതിൻ ഓഡർ ചെയ്യുമ്പോൾ കോവിഡും ആരംഭിച്ചിരുന്നില്ല. പിന്നീട് കോവിഡ് വരികയും ചൈനയാകെ ലോക്ക്ഡൗണിലാകുകയും ചെയ്തു. കൂടാതെ 2020 ൽ നിരോധിക്കപ്പെടുക കൂടി ചെയ്തപ്പോൾ അലിഎക്സ്പ്രസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കാം.
എന്തായാലും ഒരിക്കലും ഇനി കിട്ടില്ല എന്ന് കരുതിയിരുന്ന ഓഡർ, വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും തന്നെ തേടി എത്തിയതിന്റെ ആഹ്ലാദത്തിലാണ് നിതിൻ. അദ്ദേഹം തന്റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചതിന് പിന്നാലെ ട്വിറ്റർ യൂസേഴ്സും സംഭവമറിഞ്ഞ് ആശ്ചര്യം പ്രകടിപ്പിക്കുയും നിതിന്റെ ട്വീറ്റ് വൈറലാകുകയും ചെയ്തു. ഓൺലൈൻ ഷോപ്പിങ്ങിന്റെ അപ്രവചന സ്വഭാവത്തിന് ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.
നിധിന്റെ ട്വീറ്റിന് കമന്റുമായി നിരവധിപേരെത്തി. 2017ൽ ഓർഡർ ചെയ്ത പലതും കിട്ടിയിട്ടില്ലെന്നും പണം ഉൾപ്പെടെ അടച്ചിരുന്നതായും ഒരാൾ പറയുന്നു. മറ്റ് ചിലരും ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ലഭിക്കാതെ പോയത് ഓർത്തെടുത്തു. എന്തായാലും ഓൺലൈനിൽ ഓഡർ ചെയ്ത് കാത്തിരിക്കുന്നവർ പ്രതീക്ഷ കളയേണ്ട, 'വരാനുള്ളത്' വഴിയിൽ തങ്ങുമായിരിക്കും, പക്ഷേ, ഇല്ലോളം താമസിച്ചാലും വരും...!


Click it and Unblock the Notifications